News - 2026

യുദ്ധത്തിനിടയിൽ ലെബനോൻ അതിർത്തിയിൽ കൂറ്റൻ ക്രിസ്തു രൂപം സ്ഥാപിച്ചു

പ്രവാചകശബ്ദം 21-03-2026 - Saturday

ബെയ്റൂട്ട്; അറുതിയില്ലാതെ തുടരുന്ന സംഘർഷങ്ങൾക്കും അസ്ഥിരതയ്ക്കും ഇടയിൽ, സിറിയയുമായുള്ള ലെബനോന്റെ അതിർത്തിക്ക് സമീപം യേശുക്രിസ്തുവിന്റെ കൂറ്റൻ രൂപം സ്ഥാപിച്ചു. ക്രിസ്തു വിശ്വാസത്തിന്റെയും പ്രതിരോധത്തിന്റെയും ശക്തമായ പ്രതീകമെന്ന നിലയിലാണ് ബ്രസീലിലെ പ്രസിദ്ധമായ ക്രൈസ്റ്റ് ദി റിഡീമര്‍ രൂപത്തിന് സമാനമായ ഈശോയുടെ ശില്‍പ്പവും സ്ഥാപിക്കപ്പെട്ടത്. ക്രിസ്ത്യൻ പട്ടണമായ എൽ ഖയിൽ നിന്ന് ബെക്ക താഴ്‌വരയെ അഭിമുഖീകരിക്കുന്ന ജബൽ അൽ-സാലിബിലാണ് രൂപം സ്ഥിതി ചെയ്യുന്നത്.

സിറിയൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്ഥലം, പ്രാദേശിക അനിശ്ചിതത്വത്തിനിടയിൽ ആഴത്തിലുള്ള പ്രത്യാശ പകരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഏകദേശം 15 മീറ്റർ ഉയരമുള്ള രൂപത്തിന് 5 മീറ്റർ അടിത്തറയുമുണ്ട്. ഇതിന് താഴ് ഭാഗത്തായി 23 മീറ്റർ ഉയരത്തിൽ ദേവാലയവും നിര്‍മ്മിക്കുന്നുണ്ട്. സ്റ്റീൽ ചട്ടക്കൂടും വസ്തുക്കളും ഉപയോഗിച്ച് നിർമ്മിച്ച ഈശോയുടെ രൂപം കഠിനമായ പർവത കാലാവസ്ഥയെ നേരിടാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഈശോയുടെ ശിരസ് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ രൂപത്തോട് ഒന്നിപ്പിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെ നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിന്നു.



2025 സെപ്റ്റംബറിൽ ആരംഭിച്ച പദ്ധതിക്ക് എഞ്ചിനീയറായ ജോയി മാറ്ററിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഏകോപനം നടത്തിയത്. ലോകമെമ്പാടുമുള്ള സമാധാനത്തെയും സംരക്ഷണത്തെയും പ്രതിനിധീകരിക്കുന്ന ക്രിസ്തുവിന്റെ മറ്റ് രൂപങ്ങള്‍പ്പോലെ ലെബനോന്റെ അതിർത്തിയിലുള്ള പുതിയ സ്മാരകം ആഴമേറിയ ആത്മീയ സന്ദേശമാണ് പകരുന്നതെന്നും ലെബനോനിലെ തുടർച്ചയായ പ്രതിസന്ധികൾ മൂലമുണ്ടായ വെല്ലുവിളികൾക്കിടയിലും തൊഴിലാളികൾക്കും താമസക്കാർക്കും ഉന്മേഷം പകരുന്നതാണ് പുതിയ രൂപമെന്നും പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »