India
ക്രൈസ്തവ സംവിധാനങ്ങളെ തീവ്ര ഹിന്ദുത്വ സംഘടനകള്‍ ലക്ഷ്യമിടുമ്പോൾ: ആസൂത്രിത വിദ്വേഷ പ്രചാരണങ്ങളുടെ പിന്നിലെ വസ്തുത
ഫാ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ 14-08-2026 - Friday
'രക്തവും മാംസവുമുള്ള ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നുപോയി എന്നത് വരുംതലമുറ വിശ്വസിക്കാന്‍തന്നെ മടിച്ചേക്കാം.'' ഗാന്ധിജിയുടെ എഴുപതാം പിറന്നാളിന് (1939) മഹാനായ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ അദ്ദേഹത്തിനയച്ച ആശംസാസന്ദേശത്തിലെ വാചകമാണിത്. നിസ്വാര്‍ഥ സ്‌നേഹവും സേവനവും വെറും കെട്ടുകഥകള്‍ മാത്രമാണെന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുകയും വിഭാഗീയതയുടെ മതില്‍കെട്ടുകള്‍ പണിയുന്നവര്‍ വര്‍ധിക്കുകയും ചെയ്യുന്ന സത്യാനന്തര കാലത്തില്‍നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഐന്‍സ്റ്റീന്റെ വാക്കുകള്‍ക്ക് ഒരു പ്രവചനസ്വഭാവമുണ്ട്.
ഇന്ന് വിഭാഗീയ-വിഭജന ചിന്താഗതികള്‍ വിഷലിപ്തമായ മേല്‍ക്കോയ്മയ്ക്ക് ശ്രമിക്കുമ്പോള്‍ നിസ്വാര്‍ഥനായകരും പരോപകാരികളും നീതിക്കും സമത്വത്തിനുംവേണ്ടി നിലകൊണ്ടവരുമൊക്കെ കെട്ടുകഥകളായി അവതരിപ്പിക്കപ്പെടാം. നന്മ പ്രവൃത്തികള്‍ കാപട്യങ്ങളായി വിലയിരുത്തപ്പെടാം. ഈ ഒരു സ്ഥിതിവിശേഷത്തില്‍നിന്നാണ് ഐന്‍സ്റ്റീന്‍ പറഞ്ഞതിന്റെ ആഴം വ്യക്തമാകുന്നത്.
പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാന സ്വഭാവമെന്നവിധം അപര വിദ്വേഷവും ഇതര മത വിദ്വേഷവും പ്രകടിപ്പിക്കുകയാണ് എല്ലാക്കാലത്തും എല്ലായിടത്തും മത തീവ്രവാദികള്‍ ചെയ്തുവരുന്നത്. ഇന്ത്യയിലും മതവും ജാതിയും അടിസ്ഥാനമാക്കിയുള്ള വിദ്വേഷവും വിഭാഗീയതയുമാണ് ദേശീയതയുടെയും രാജ്യസ്‌നേഹത്തിന്റെയും ഉറവിടമെന്ന് പ്രഘോഷിക്കുന്നതില്‍നിന്ന് തീവ്രമത സംഘടനകളും അതിന്റെ വക്താക്കളും ഒരിക്കലും വിരമിച്ചിട്ടില്ല.
ഉദാത്തമായ ജീവിത ദര്‍ശനങ്ങളും അഹിംസാ സിദ്ധാന്തവുംകൊണ്ട് ഐന്‍സ്റ്റീനെപോലും ആരാധകനാക്കിയ മഹാത്മാഗാന്ധിജിയെ കൊലപ്പെടുത്താന്‍ മടികാണിക്കാതിരുന്ന ഇത്തരം വിദ്വേഷ കൂടാരങ്ങളില്‍നിന്ന് എക്കാലവും ബഹിര്‍ഗമിച്ചിട്ടുള്ളത് വെറുപ്പിന്റെ വിഷപ്പുക തന്നെയാണ്. മാനവികതയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും തത്വശാസ്ത്രങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയവരെ ഒന്നൊന്നായി അപരവത്കരിക്കാനും അവര്‍ക്കെതിരേ അണികളെ ഇളക്കിവിടാനും ഇത്തരം സംഘടനകളുടെ അമരക്കാര്‍ ഒരിക്കലും മടികാണിച്ചിട്ടില്ല.
മതപരിവര്‍ത്തനമെന്ന ആരോപണം
നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് കാലങ്ങളായി അത്തരക്കാര്‍ ഉന്നയിക്കുന്ന ഏറ്റവും പ്രധാന ആരോപണം. കെ.പി. ശശികലയെയും ആര്‍.വി. ബാബുവിനെയും പോലുള്ളവര്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നതും ദേശീയതലത്തില്‍ സംഘപരിവാര്‍ സംഘടനാ നേതാക്കളും അവരുടെ മാധ്യമങ്ങളും നിരന്തരം ഉന്നയിക്കുന്നതും ഇതേ കാര്യം തന്നെയാണ്.
മദര്‍ തെരേസ ഉള്‍പ്പെടെയുള്ള ക്രൈസ്തവ മിഷനറിമാര്‍ക്കും എണ്ണമറ്റ വിദ്യാഭ്യാസ- ആതുരശുശ്രൂഷാ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയ്ക്കും മേല്‍ ഇതേ ആരോപണം നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 1995ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സിസ്റ്റര്‍ റാണി മരിയ കൊല്ലപ്പെട്ടത്, 1999ല്‍ ഒഡീഷയില്‍ ഗ്രഹാം സ്റ്റെയിന്‍സും മക്കളും കൊല്ലപ്പെട്ടത് തുടങ്ങിയ ദാരുണ സംഭവങ്ങള്‍ ഇപ്രകാരമുള്ള വ്യാജ ആരോപണങ്ങളുടെ തുടര്‍ച്ചയാണ്. നിരാലംബരും രോഗികളുമായ പാവപ്പെട്ട മനുഷ്യര്‍ക്കുവേണ്ടി ജീവിതം മാറ്റിവച്ചു എന്നതിനപ്പുറം, സംഘപരിവാര്‍ സംഘടനകള്‍ അന്നും ഇന്നും ആവര്‍ത്തിക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണങ്ങള്‍ ഇവര്‍ക്കെതിരേ തെളിയിക്കപ്പെട്ടിട്ടില്ല.
ലോകം നടുങ്ങിയ ദാരുണമായ കൊലപാതകങ്ങള്‍ക്കപ്പുറം, വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എണ്ണമറ്റ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും മറ്റു പ്രതികാര നടപടികള്‍ക്കും ഇത്തരം നീക്കങ്ങള്‍ വഴിയൊരുക്കിയിട്ടുണ്ട്. അപ്രകാരമുള്ള അക്രമസംഭവങ്ങള്‍ വര്‍ഷംപ്രതി വര്‍ധിച്ചുകൊണ്ടുമിരിക്കുന്നു. സംഘപരിവാര്‍-തീവ്ര ഹിന്ദുത്വ സംഘടനകളുടെ വക്താക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന സാധാരണക്കാര്‍ക്കിടയില്‍ അത് ശരിയെന്ന് കരുതുന്നവരുടെ എണ്ണം ക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ആക്രമണങ്ങളുടെ എണ്ണവും കാഠിന്യവും വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്.
സമാന്തരമായി, വിവിധ സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍, അധികാരികള്‍ക്കിടയിലെ തീവ്ര ഹിന്ദുത്വ അനുഭാവം തുടങ്ങിയവയും ക്രൈസ്തവര്‍ക്ക് ഊരാക്കുടുക്കുകള്‍ ഒരുക്കുന്നു. ഈ കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലും ബിജെപി നേതൃത്വത്തിലുള്ള ഭരണകൂടം മത പരിവര്‍ത്തന നിരോധന നിയമം പാസാക്കിയത്.
വ്യാജ ആരോപണങ്ങള്‍ കേരളത്തിലും
വാസ്തവമോ അവാസ്തവമോ എന്ന് തിരിച്ചറിയാന്‍പോലും ശ്രമിക്കാതെ, വ്യാജ ആരോപണങ്ങളെത്തുടര്‍ന്ന് കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും കച്ചകെട്ടിയിറങ്ങുന്ന വര്‍ഗീയാന്ധത ബാധിച്ച ആള്‍ക്കൂട്ടങ്ങള്‍ കൂടുതലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നെങ്കില്‍, അത്തരമുള്ള ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണോ ഇപ്പോള്‍ കേരളത്തിലും നടന്നുവരുന്നത് എന്ന് സംശയിക്കാവുന്നതാണ്.
ശശികലയെയും ടി.ജി. മോഹന്‍ദാസിനെയും പോലുള്ളവരുടെ വര്‍ഗീയ വാചാടോപങ്ങളെയും വ്യാജ ആരോപണങ്ങളെയും അര്‍ഹിക്കുന്ന അവജ്ഞയോടെ കേരളത്തിലെ പൊതുസമൂഹം എക്കാലവും തള്ളിക്കളയുകയാണുണ്ടായിട്ടുളളത്. എന്നാല്‍, ഒരുകാലത്ത് സകലരും ആദരിച്ചിരുന്ന വ്യക്തികള്‍ സമാനമായ ആരോപണങ്ങളും ദുഷ്പ്രചാരണങ്ങളുമായി രംഗപ്രവേശം ചെയ്യുമ്പോള്‍ അത്തരം നീക്കങ്ങള്‍ക്ക് ഒരുതരം ആസൂത്രിത സ്വഭാവമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സമീപകാലം വരെ കേരളത്തിലെ ക്രൈസ്തവ നേതൃത്വവുമായും പ്രസ്ഥാനങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണന്റെ നിലപാടുമാറ്റം ഇത്തരത്തില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. കാലടി സംസ്‌കൃത സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍, പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ എന്നിങ്ങനെ സമൂഹത്തിന്റെ മുഖ്യധാരയില്‍ സജീവമായിരുന്ന അദ്ദേഹം, റിട്ടയര്‍മെന്റിന് ശേഷവും ക്രൈസ്തവ മാനേജ്മെന്റുകള്‍ക്കു കീഴിലുള്ള കോളജുകളിലും സെമിനാരികളിലും ഉള്‍പ്പെടെ വിസിറ്റിംഗ് പ്രഫസറായി സേവനം ചെയ്തിരുന്നു.
വിവിധ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം പതിവായി എഴുതിയിരുന്നു. എണ്ണമറ്റ സാംസ്കാരിക പരിപാടികളില്‍ മെത്രാന്മാര്‍ക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ട്. ഇത്തരമൊരു വ്യക്തി, മുമ്പ് പറഞ്ഞിരുന്നതില്‍നിന്നു വിരുദ്ധമായി തികഞ്ഞ വ്യാജപ്രചാരണങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ സജീവമായിരിക്കുന്ന കാഴ്ച ദൗര്‍ഭാഗ്യകരമാണ്.
ദേശീയ തലത്തില്‍ ഹിന്ദുത്വ സംഘടനകള്‍ കാലങ്ങളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്തോ അതുമാത്രമാണ് ഡോ. രാധാകൃഷ്ണന്റെ ഇപ്പോഴുള്ള വാദങ്ങള്‍. നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണങ്ങള്‍ക്ക് പുറമെ, മാവോയിസ്റ്റ് - നക്‌സല്‍ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്നു, ബിജെപി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നിങ്ങനെയുള്ള സംഘപരിവാര്‍ ആരോപണങ്ങളും അദ്ദേഹം ഏറ്റുപിടിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെതന്നെ നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള കാരിത്താസ് ഇന്ത്യപോലുള്ള സന്നദ്ധ സംഘടനകള്‍ക്കെതിരേയും ഇന്ത്യയില്‍ വിദ്യാഭ്യാസ മേഖലയില്‍ അതുല്യമായ ചരിത്രമുള്ള ഈശോസഭയ്ക്കെതിരേയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉന്നയിക്കുന്നു. ഹിന്ദുത്വവാദികള്‍ ഈ രാജ്യത്ത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യാജങ്ങളുടെ കണക്കെടുത്താല്‍ മേല്‍പറഞ്ഞവ അവയില്‍ ചിലത് മാത്രമാണെങ്കിലും, ഇത്തരം ദുരാരോപണങ്ങള്‍ക്ക് ഇന്ന് കേരളത്തില്‍ നേതൃത്വം നല്‍കുന്നത് കെ.എസ്. രാധാകൃഷ്ണനെ പോലുള്ളവരാണെന്നതാണ് കൂടുതല്‍ അപകടകരം.
കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നവര്‍
കേവലം സാമാന്യബുദ്ധികൊണ്ട് വിവേചിച്ചറിയാന്‍ കഴിയുന്ന കാര്യങ്ങളെപോലും തന്ത്രപരമായി വളച്ചൊടിച്ച് അവതരിപ്പിച്ചുകൊണ്ടുള്ള ആരോപണ ശൈലിയാണ് തീവ്ര ഹിന്ദുത്വ സംഘടനാ നേതാക്കള്‍ സ്വീകരിച്ചുവരുന്നത്. വെറും ബാലിശമെന്ന് ആര്‍ക്കും തോന്നുന്ന അത്തരം ആരോപണങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ടതില്ല എന്നാണ് പൊതുവെ ആരും ചിന്തിക്കുക.
ക്രിസ്തുവത്കരണത്തിനുവേണ്ടി 'ഏതു മാര്‍ഗവും' സ്വീകരിക്കാമെന്ന് കരുതുന്ന സംഘടനയാണ് ജെസ്യൂട്ട് സമൂഹമെന്ന് കെ.എസ്. രാധാകൃഷ്ണന്‍ പറയുന്നു. ഇന്ത്യയിലെ നാനാജാതി മതസ്ഥരായ പ്രമുഖര്‍ ഉള്‍പ്പെടെ അനേകായിരങ്ങള്‍ ജെസ്യൂട്ട് നേതൃത്വം നല്കുന്ന മുന്‍നിര കലാലയങ്ങളുടെ പൂര്‍വ വിദ്യാര്‍ഥികളായുണ്ട്. അവരാരും രാധാകൃഷ്ണന്റെ അഭിപ്രായത്തോട് യോജിക്കില്ലെന്നു തീര്‍ച്ച.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പാവപ്പെട്ട ജനങ്ങള്‍ക്കിടയില്‍ സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് മിഷനറിമാരെക്കുറിച്ച് കെ.എസ്. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള ആശങ്ക, അവര്‍ ക്രൈസ്തവ മിഷനറിമാരാണ് എന്നുള്ളതാണ്. അവരുടെ പ്രവര്‍ത്തനം, 'ഇവാഞ്ചലൈസേഷന്‍ അഥവാ മതപരിവര്‍ത്തനം' ആണെന്നാണ് രാധാകൃഷ്ണന്‍ ആരോപിക്കുന്നത്.
ഇവാഞ്ചലൈസേഷന്‍ അഥവാ സുവിശേഷവത്കരണം, മതപരിവര്‍ത്തനം എന്നിവ തികച്ചും രണ്ട് അര്‍ഥങ്ങളുള്ള രണ്ട് വാക്കുകളാണ്. മതപരിവര്‍ത്തനം എന്നത് ഇക്കാലത്ത് കത്തോലിക്കാ സഭയുടെ ലക്ഷ്യമോ പ്രവൃത്തിയോ അല്ല. എന്നാല്‍, ഇവാഞ്ചലൈസേഷന്‍ അഥവാ, സുവിശേഷവത്കരണം മിഷനറിമാരുടെ ലക്ഷ്യമാണ്. തങ്ങളുടെ ജീവിതവും പ്രവര്‍ത്തനങ്ങളുംകൊണ്ട് ക്രിസ്തുവിന്റെ സ്‌നേഹത്തെ ലോകത്തിന് നല്‍കുക എന്ന പ്രവൃത്തിയാണ് ഇവാഞ്ചലൈസേഷന്‍.
പാവപ്പെട്ട മനുഷ്യര്‍ക്ക് അക്ഷരമാകുന്ന വെളിച്ചം പകര്‍ന്നു നല്‍കുന്നതിലൂടെയും രോഗപീഡയില്‍ ആയിരിക്കുന്നവരെ ശുശ്രൂഷിക്കുന്നതിലൂടെയും സാമൂഹിക സമത്വത്തിനും നീതിക്കുംവേണ്ടി മുന്നിട്ടിറങ്ങുന്നതിലൂടെയും മിഷനറിമാര്‍ ചെയ്യുന്നത് അതാണ്.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന ചില സംഭവവികാസങ്ങളുടെ ഭാഗികമായ വസ്തുതകള്‍ ഇപ്പോഴത്തെ സാമൂഹിക പശ്ചാത്തലത്തില്‍ അവതരിപ്പിച്ച് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് മറ്റൊന്ന്. അഞ്ഞൂറും ആയിരവും വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചതും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതുമായ സംഭവവികാസങ്ങള്‍ അന്നത്തെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങളുമായി ബന്ധപ്പെട്ടവയാണ്.
ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരുത്തലുകള്‍ വരുത്തിയും പരിഷ്‌കരിക്കപ്പെട്ടുമാണ് ഏതൊരു സംസ്‌കാരവും പക്വതയാര്‍ജിക്കുന്നത്. പല കാര്യങ്ങളെക്കുറിച്ചും ഇന്നുള്ളതുപോലെ സമഗ്രമായ കാഴ്ചപ്പാടുകള്‍ ഇല്ലാതിരുന്ന ഒരു കാലത്ത് ഏതെങ്കിലും വിധത്തിലുള്ള തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അവ ഏറ്റുപറയുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്തിട്ടുള്ള ചരിത്രമാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. അതുതന്നെയാണ് എല്ലാ സമൂഹങ്ങളും സ്വീകരിക്കേണ്ട ശൈലി. മറിച്ച്, മുന്‍കാലങ്ങളില്‍ മറ്റുള്ളവര്‍ക്ക് സംഭവിച്ചിട്ടുള്ള പിഴവുകളുടെ പേരില്‍ ഇക്കാലത്തെ സ്വന്തം തെറ്റുകളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് ആരോഗ്യകരമല്ല.
വര്‍ഗീയ ധ്രുവീകരണം അനുവദിക്കരുത്
തീവ്ര ഹിന്ദുത്വ സംഘടനാ നേതാക്കളുടെ ശൈലി സ്വീകരിച്ചുകൊണ്ട് കെ.എസ്. രാധാകൃഷ്ണന്‍ നടത്തിവരുന്ന പ്രചാരണങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകും. അപവാദ പ്രചാരണങ്ങള്‍കൊണ്ട് സഭാ സംവിധാനങ്ങളെയും നേതൃത്വത്തെയും ദുര്‍ബലപ്പെടുത്താനും ഒറ്റപ്പെടുത്താനുമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ 'ഗൂഢ ലക്ഷ്യങ്ങളോടെ' പ്രവര്‍ത്തിക്കുന്നവരാണ് എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത വ്യക്തമാണ്. വാസ്തവത്തില്‍, ഇത്തരം വാദങ്ങളോടെ സഭയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് സംഘപരിവാര്‍ സംഘടനകള്‍ മാത്രമല്ല. കഴിഞ്ഞ ദിവസം തൃശൂരില്‍ പരാജയപ്പെട്ട യുഎന്‍എ സമരത്തിന്റെ ഒരു ഘട്ടം മുതല്‍, അതും സഭാ നേതൃത്വത്തിനെതിരായ ആക്രമണമായിരുന്നു എന്ന് കാണാം.
മൗലികവാദ ശക്തികള്‍ അത് ഏതുവിഭാഗമായാലും എക്കാലവും ക്രൈസ്തവ നേതൃത്വങ്ങളെ ശത്രുപക്ഷത്തേ നിര്‍ത്തിയിട്ടുള്ളൂ. അതിന് കാരണം, സഭയുടെ പ്രവര്‍ത്തനങ്ങള്‍ മത-ജാതി ഭേദമില്ലാതെ എല്ലാ ജനങ്ങള്‍ക്കും അധഃസ്ഥിതര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയുള്ളതാണ് എന്നതാണ്. അതേസമയംതന്നെ, സമൂഹത്തില്‍ ഐക്യത്തിനും സമാധാനത്തിനും തടസമാകുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും പ്രബുദ്ധ പൊതു സമൂഹം അവരുടെ വ്യാജപ്രചാരണങ്ങളെ തിരുത്താന്‍ മുന്നിട്ടിറങ്ങുകയും വേണം.
(ലേഖകനായ ഫാ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ കെസിബിസി ഐക്യ ജാഗ്രത കമ്മീഷൻ സെക്രട്ടറിയാണ്)
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️





















