India - 2026
മഴക്കെടുതി; സഹായ സഹകരണം വാഗ്ദാനം ചെയ്ത് ചങ്ങനാശേരി അതിരൂപത
പ്രവാചകശബ്ദം 06-08-2026 - Thursday
ചങ്ങനാശേരി: അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കേരളത്തിലെ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത സഹകരണങ്ങൾ വാഗ്ദാനം ചെയ്തു. ആവശ്യാനുസരണം ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനായി സ്ഥാപനങ്ങളും പാരീഷ് ഹാളുകളും വിട്ടുനൽകാൻ അതിരൂപത സന്നദ്ധമാണെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അറിയിച്ചു.
കാലവർഷ ദുരിതത്തിൽ 25 പേർ മരണമടയുകയും ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. ദുരിതബാധിതരുടെ ദുഃഖങ്ങളിൽ പങ്കുചേരുകയും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്യുന്നതായും ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല അതിരൂപതയുടെ സാമൂഹികക്ഷേമ വിഭാഗമായ ചാസ് നിർവഹിക്കും.
കൂടാതെ റേഡിയോ മീഡിയ വില്ലേജിൻ് നേ തൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ അത്യാവശ്യ കിറ്റുകൾ നൽകാനും ചെത്തിപ്പുഴ സെൻ്റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ സഹായം എത്തിക്കാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
അതിരൂപത വെള്ളപ്പൊക്ക ദുരിതാശ്വാസ ഏകോപന കമ്മിറ്റിയിൽ അതിരൂപത വികാരി ജനറാളുമാർ, കൂരിയ അംഗങ്ങൾ, ഫൊറോന വികാരിമാർ, വിവിധ വകുപ്പുകളുടെ ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















