News - 2026
മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആഘോഷത്തിനായി ലെയോ പാപ്പ കാസ്റ്റല്‍ ഗന്തോൾഫോയില്‍
പ്രവാചകശബ്ദം 14-08-2026 - Friday
റോം: നാളെ നടക്കുന്ന ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളില്‍ പങ്കുചേരുന്നതിനായി ലെയോ പാപ്പ കാസ്റ്റല്‍ ഗന്തോൾഫോയിലെത്തി. നാളെ ഓഗസ്റ്റ് 15 ശനിയാഴ്ച പാപ്പ, സെന്റ് തോമസ് ഇടവകയിൽ സ്വർഗ്ഗാരോപണത്തിരുനാൾ ദിനത്തിൽ വിശുദ്ധ ബലിയർപ്പിക്കും. ജൂലൈ മാസത്തിൽ വേനല്‍ക്കാല വിശ്രമത്തിന്റെ ഭാഗമായി റോമിന് പുറത്തുള്ള അപ്പസ്തോലിക കൊട്ടാരത്തിലായിരുന്ന ലെയോ പാപ്പ ചെലവഴിച്ചിരിന്നത്.
ഇതിന് ശേഷം പാപ്പ വത്തിക്കാനില്‍ മടങ്ങിയെത്തിയിരിന്നു. വത്തിക്കാനിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച ശേഷം ഓഗസ്റ്റ് 12 ബുധനാഴ്ച വൈകിട്ടാണ് പാപ്പ കാസ്റ്റല്‍ ഗന്തോൾഫോയിലെക്കു വീണ്ടും എത്തിച്ചേര്‍ന്നത്. കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ ദിനമായ നാളെ ശനിയാഴ്ച രാവിലെ കാസ്റ്റല്‍ ഗന്തോൾഫോയിലുള്ള വില്ലനോവയിലെ വിശുദ്ധ തോമസിന്റെ പേരിലുള്ള പൊന്തിഫിക്കൽ ഇടവക ദേവാലയത്തിലെത്തുന്ന പാപ്പ, 10 മണിക്ക് വിശ്വാസി സമൂഹത്തിനൊപ്പം വിശുദ്ധ ബലിയർപ്പിക്കും.
കഴിഞ്ഞ വർഷവും വേനലവധിക്കാലത്ത് ലെയോ പാപ്പ ഈ ദേവാലയം സന്ദർശിച്ചിരുന്നു. നാളെയും മറ്റന്നാളും ഉച്ചയ്ക്ക് 12 മണിക്ക് ലെയോ പാപ്പ കാസ്റ്റല്‍ ഗന്തോൾഫോയിൽ ത്രികാലജപപ്രാർത്ഥന നയിക്കും. ഓഗസ്റ്റ് 18 വരെ പാപ്പ ഇവിടെ തുടരുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















