News

ശക്തമായ മിഷ്ണറി പ്രവർത്തനങ്ങൾക്കു ഫലം; ഫിലിപ്പീൻസിൽ പുതിയ രൂപത സ്ഥാപിതമായി

പ്രവാചകശബ്ദം 08-08-2026 - Saturday

മനില: ഫിലിപ്പീൻസിലെ കലപ്പാൻ അപ്പസ്തോലിക വികാരിയാത്തിനെ പൂർണ്ണ രൂപതയായി ഉയർത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനവും പ്രഥമ മെത്രാനായി മോയ്‌സസ് എം. ക്യൂയ്വാസിന്റെ സ്ഥാനാരോഹണവും നടന്നു. ഫിലിപ്പീൻസിലെ ഓറിയന്റൽ മിൻഡോറോയിൽ പതിറ്റാണ്ടുകൾ നീണ്ടുനിന്ന മിഷ്ണറി പ്രവർത്തനങ്ങൾക്ക് ഒടുവിലാണ് പുതിയ രൂപത സ്ഥാപിതമായിരിക്കുന്നത്. ഭൂപ്രകൃതിപരമായ വെല്ലുവിളികളെ അതിജീവിച്ച് ദ്വീപ് സമൂഹങ്ങളിൽ വിശ്വാസത്തിന്റെ വിത്തുകൾ പാകിയ മിഷ്ണറിമാരുടെ തീക്ഷ്ണതയുടെ പ്രതിഫലനമാണ് പുതിയ രൂപതയുടെ സ്ഥാപനം.

1936-ൽ സൊസൈറ്റി ഓഫ് ഡിവൈൻ വേർഡ് മിഷ്ണറിമാരുടെ കീഴിൽ ആരംഭിച്ച സുവിശേഷ പ്രവർത്തനങ്ങളുടെ ഫലമാണ് പുതിയ രൂപതയുടെ രൂപീകരണം. പുതിയ ചരിത്ര നിയോഗമായി, കലപ്പാൻ അപ്പസ്തോലിക വികാരിയാത്തിനെ പൂർണ്ണരൂപതയായി ഉയർത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനവും പ്രഥമ മെത്രാന്റെ സ്ഥാനാരോഹണവും ഇക്കഴിഞ്ഞ ദിവസം നടന്നു. ഇതോടെ മിഷ്ണറിമാരുടെ കീഴിലായിരുന്ന വിശ്വാസസമൂഹം സ്വയംഭരണാധികാരമുള്ള പ്രാദേശിക സഭയായി മാറി. കലപ്പാൻ സിറ്റിയിലെ സെന്റ് ബെനഡിക്ട് കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് ഫിലിപ്പീൻസിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ചാൾസ് ജോൺ ബ്രൗൺ മുഖ്യകാർമ്മികത്വം വഹിച്ചു.

കനത്ത മഴയ്ക്കും ചടങ്ങിനിടെ അനുഭവപ്പെട്ട 5.8 തീവ്രതയുള്ള ഭൂചലനത്തിനും ഇടയിലും നൂറുകണക്കിന് വിശ്വാസികൾ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒത്തുചേർന്നു. രൂപത പദവി എന്നത് വെറുമൊരു ഭരണപരമായ മാറ്റമല്ലെന്നും, മറിച്ച് സുവിശേഷം കൂടുതൽ ആഴത്തിൽ പ്രചരിപ്പിക്കാനും ദരിദ്രരെയും തദ്ദേശീയരായ ജനവിഭാഗത്തെയും സേവിക്കാനുമുള്ള വിളിയാണെന്നും ബിഷപ്പ് ക്യൂയ്വാസ് തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക നീതിക്കും സഭ മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലപ്പാൻ രൂപതയുടെ സ്ഥാപനത്തോടെ ഫിലിപ്പീൻസിലെ കത്തോലിക്ക സഭയിൽ രൂപതകളുടെ എണ്ണം 60 ആയി ഉയർന്നു. ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് ഫിലിപ്പീന്‍സ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »