India - 2026
ശതാബ്ദി നിറവില് അഗതികളുടെ സഹോദരിമാരുടെ സന്യാസിനീസമൂഹം
പ്രവാചകശബ്ദം 14-08-2026 - Friday
കൊച്ചി: ധന്യൻ വർഗീസ് പയ്യപ്പിള്ളി ആരംഭിച്ച അഗതികളുടെ സഹോദരിമാരുടെ സന്യാസിനീസമൂഹം (സിസ്റ്റേഴ്സ് ഓഫ് ദ ഡെസ്റ്റിറ്റ്യൂട്ട്- എസ്ഡി) ശതാബ്ദി ആഘോഷങ്ങൾക്ക് ഒരുങ്ങി. ആലുവ തോട്ടുമുഖം എസ്ഡി ജനറലേറ്റിൽ 18 മുതൽ 24 വരെ വിവിധ പരിപാടികളോടെയാണ് ആ ഘോഷം സംഘടിപ്പിച്ചിട്ടുള്ളത്. 41 വർഷം എസ്ഡി ഡയറക്ടറായിരുന്ന മോൺ. ജോർജ് വല്യാറമ്പത്ത് സ്ഥാപിച്ച മർത്താസ് സഹോദരിമാരുടെ സംഗമവും വിശുദ്ധ കുർബാനയും 18നു നടക്കും. നവതിയുടെ നിറവിലാണ് മർത്താസ് സഹോദരിമാർ. 19ന് കൃതജ്ഞതയോടെ ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം. നൂറോളം അതിഥിതൊഴിലാളികളെയും അവരുടെ അധ്വാന ജീവിതത്തെയും ആദരിക്കുന്ന പരിപാടിയും അന്നു നടക്കും.
എസ്ഡി സന്യാസിനീസമൂഹം സ്ഥാപിക്കുന്നതിന് അനുവാദം നൽകുകയും വളർച്ചയിൽ പങ്കുവഹിക്കുകയും ചെയ്ത ആർച്ച് ബിഷപ്പ് മാർ അഗസ്റ്റിൻ കണ്ടത്തിൽ, സ്ഥാപക പിതാവ് ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളി, എസ്ഡിയിലെ ആദ്യ സഹോദരിമാർ, ഉള്ളതൊക്കെയും സന്യാസിനീസമൂഹത്തിനു ദാനം ചെയ്ത ഫാ. വർഗീസ് പതിയാമൂല, സഭയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മോൺ. ജോർജ് വല്യാറമ്പത്ത് എന്നിവരെ 20നു പ്രത്യേകം അനുസ്മരിക്കും. ഇവരുടെ കുടുംബാംഗങ്ങളും എസ്ഡി സന്യാസിനിമാർക്കൊപ്പം അനുസ്മരണ പരിപാടികളിൽ പങ്കെടുക്കും. ഓരോ കുടുംബത്തിൽനിന്നും 20 പ്രതിനിധികൾ വീതം പങ്കുചേരും.
ശതാബ്ദി വർഷത്തിൽ ആദ്യവ്രതം സ്വീകരിച്ച എസ്ഡി സന്യാസിനിമാർക്കു സ്വീകരണവും സമർപ്പിതജീവിതത്തിന്റെ 25, 50 വ ർഷങ്ങളിലെത്തിയ എസ്ഡി സന്യാസിനിമാർക്ക് അനുമോദനവും 21നു നടക്കും. സീറോമലബാർ സഭയിലെ വിവിധ മെത്രാന്മാർ 23ന് എസ്ഡി ജനറലേറ്റിൽ ഒരുമിച്ചുചേരും. വൈകുന്നേരം 5.30ന് സമൂഹബലി. മുൻ ജനറൽ കൗൺസിലുകളിലെ അംഗങ്ങൾ 24ന് ജനറലേറ്റിൽ ഒത്തുചേരും. ആറു പ്രോവിൻസുകളിലായി ആയിരത്തിനാനൂറിലധികം എസ് ഡി സന്യാസിനിമാർ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും 12 വിദേശരാജ്യങ്ങളിലുമായി പ്രേഷിതശുശ്രൂഷ ചെയ്യുന്നുണ്ടെന്നു സുപ്പീരിയർ ജനറൽ സിസ്റ്റർ ലിസ് ഗ്രെയ്സ് പറഞ്ഞു.

















