News
ഹെയ്തിയിൽ ഗുണ്ടാസംഘങ്ങളുടെ ഭീഷണി; നിരവധി കത്തോലിക്കാ ഇടവകകളും സ്കൂളുകളും അടച്ചു
പ്രവാചകശബ്ദം 14-08-2026 - Friday
പോർട്ട്-ഓ-പ്രിൻസ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ക്രിമിനൽ സംഘങ്ങൾ കത്തോലിക്ക സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നതായി മെത്രാന്റെ വെളിപ്പെടുത്തല്‍. ജെറെമി രൂപതയുടെ അധ്യക്ഷനായ ബിഷപ്പായ ജോസഫ് ഗോൺട്രാൻഡ് ഡെക്കോസ്റ്റാണ് രാജ്യത്ത് തുടരുന്ന അരക്ഷിതാവസ്ഥയെ കുറിച്ചും ക്രിമിനൽ സംഘങ്ങൾ സഭയെ ലക്ഷ്യംവെക്കുന്നതുമായ സംഭവങ്ങളെ കുറിച്ചും വെളിപ്പെടുത്തല്‍ നടത്തിയത്. സഭ എന്നത് ധാർമ്മികവും ആത്മീയവും പ്രവാചകപരവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന അവസാനത്തെ പ്രതിരോധ മതിലാണെന്നും അതുകൊണ്ടാണ് അവർ തങ്ങളെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നതെന്നും ബിഷപ്പ് ജോസഫ് ഗോൺട്രാൻഡ് പറഞ്ഞു.
പോർട്ട്-ഓ-പ്രിൻസിലെ അക്രമങ്ങൾക്കിടയിൽ 40 ഇടവകകൾക്ക് പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നു. സ്കൂളുകൾക്കും വിശ്വാസപരമായ സ്ഥാപനങ്ങൾക്കും നേരെ ആക്രമണങ്ങൾ ഉണ്ടാവുകയും, അവ കത്തിനശിപ്പിക്കപ്പെടുകയോ പിടിച്ചെടുക്കപ്പെടുകയോ ചെയ്യുകയും ചെയ്തു. പോർട്ട്-ഓ-പ്രിൻസിലെ ഒരു പ്രദേശത്ത് കഴിഞ്ഞ ആഴ്ച ക്രിമിനൽ സംഘങ്ങൾ ആക്രമണം നടത്തിയതിനെ തുടര്‍ന്നു അവിടെയുണ്ടായിരുന്ന ജനങ്ങളിൽ ഭൂരിഭാഗവും പലായനം ചെയ്തു. മാറാൻ കഴിയാത്ത അവസ്ഥയിലായിരുന്ന ഏതാനും വയോജനങ്ങൾ അവിടെത്തന്നെ തുടര്‍ന്നതിനു പിന്നാലെ അവരിൽ മിക്കവരും കൊല്ലപ്പെടുകയും ചെയ്തു.
രാജ്യത്ത് വ്യാപകമായ അക്രമങ്ങൾ നിലനിൽക്കുമ്പോഴും സഭയ്ക്ക് പ്രത്യാശയുണ്ടെന്ന് അന്താരാഷ്ട്ര കത്തോലിക്കാ സന്നദ്ധ സംഘടനയായ 'എയിഡ് ടു ദി ചർച്ച് ഇൻ നീഡ്' നു നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് ഡെക്കോസ്റ്റ് പറഞ്ഞു. ഹെയ്തിയിൽ ഞങ്ങൾ പറയാറുണ്ട്: 'ഞങ്ങളുടെ തല വെട്ടിമാറ്റാത്ത കാലത്തോളം, പ്രതീക്ഷ ഞങ്ങൾക്കുണ്ട്.' അതുകൊണ്ടാണ് ഞങ്ങൾക്ക് ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെടാത്തത്. നിങ്ങളുടെ പ്രാർത്ഥനകൾ ഞങ്ങൾക്ക് വലിയ കരുത്താണ് പകരുന്നത്; അവയില്ലെങ്കിൽ ഞങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയില്ലായിരുന്നു. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു. രാജ്യത്തിന് സഹായം നൽകി പ്രവർത്തിക്കുന്ന സംഘടനകൾക്ക് നന്ദി അര്‍പ്പിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.
അരാജകത്വവും ക്രിമിനൽ സംഘങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളെയും തുടർന്ന് കനത്ത അരക്ഷിതാവസ്ഥ നേരിടുന്ന ഹെയ്തിയില്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാണ്. തലസ്ഥാന നഗരത്തിന്റെ 70 മുതൽ 90 ശതമാനം വരെ ഭാഗങ്ങൾ സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലായതോടെ രാജ്യത്ത് ഗുണ്ടാ അക്രമങ്ങൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



















