News
120 വർഷത്തിനിടെ ന്യൂസിലൻഡില്‍ ആദ്യ കത്തോലിക്ക കത്തീഡ്രൽ; രൂപകൽപ്പന പുറത്തിറക്കി
പ്രവാചകശബ്ദം 28-07-2026 - Tuesday
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിൽ കഴിഞ്ഞ 120 വർഷത്തിനിടെ നിർമ്മിക്കപ്പെടുന്ന ആദ്യത്തെ കത്തോലിക്കാ കത്തീഡ്രലാകാൻ ഒരുങ്ങുന്ന 'ബ്ലെസ്ഡ് സാക്രമെന്റ് കത്തീഡ്രലി'ന്റെ രൂപകൽപ്പന ക്രൈസ്റ്റ്ചർച്ച് രൂപത പുറത്തിറക്കി. 80 ദശലക്ഷം ന്യൂസിലൻഡ് ഡോളർ (ഏകദേശം 46 ദശലക്ഷം യുഎസ് ഡോളർ) ചെലവ് വരുന്ന പദ്ധതിക്കായി ധനസമാഹരണം നടത്തുന്നതിനുള്ള പ്രചാരണ പരിപാടിക്കും രൂപത തുടക്കം കുറിച്ചു. 800 പേർക്ക് ഇരിക്കാവുന്ന വിധത്തില്‍ ഒരുക്കുന്ന കത്തീഡ്രൽ ക്രൈസ്റ്റ്ചർച്ച് നഗരമധ്യത്തിലെ ബാർബഡോസ് തെരുവിലാണ് നിർമ്മിക്കുന്നത്.
2010-ലും 2011-ലും കാന്റർബറി മേഖലയിലുണ്ടായ ഭൂകമ്പങ്ങളിൽ പരിഹരിക്കാനാകാത്തവിധം കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഴയ കത്തീഡ്രല്‍ പൊളിച്ചുനീക്കിയിരിന്നു. 1905-ൽ നിർമ്മിച്ച പഴയ കത്തീഡ്രൽ സ്ഥിതി ചെയ്തിരുന്ന അതേ സ്ഥലത്താണ് പുതിയ കത്തീഡ്രല്‍ ദേവാലയം ഉയരുന്നത്. ഇക്കഴിഞ്ഞ ജൂലൈ 26 ഞായറാഴ്ച രൂപതയിലെ വിവിധ ദേവാലയങ്ങളിൽ നടന്ന വിശുദ്ധ കുർബാനമധ്യേ വായിച്ച ഇടയലേഖനത്തിലൂടെ ബിഷപ്പ് മൈക്കൽ ഗീലന്‍ പദ്ധതിയെ കുറിച്ച് പ്രഖ്യാപിച്ചു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള യഥാർത്ഥ കത്തീഡ്രൽ പണികഴിപ്പിച്ച ബിഷപ്പ് ജോൺ ഗ്രൈംസ് ഏറ്റെടുത്ത ദൗത്യത്തിന്റെ ഉത്തരവാദിത്വം ഇന്നത്തെ കത്തോലിക്കാ വിശ്വാസികളും വഹിക്കുന്നുണ്ടെന്ന് അദ്ദേഹം ഇടയലേഖനത്തില്‍ കുറിച്ചു. രൂപതയുടെ പരമ്പരാഗത ആസ്ഥാനമായ ബാർബഡോസ് സ്ട്രീറ്റിലേക്ക് കത്തീഡ്രൽ തിരികെ കൊണ്ടുവരുവാന്‍ വാറൻ ആൻഡ് മഹോണി എന്ന ആർക്കിടെക്റ്റ് സ്ഥാപനവുമായി ചേർന്ന് രണ്ട് വർഷം കൊണ്ട് തയ്യാറാക്കിയ രൂപകൽപ്പനയുടെ ചിത്രങ്ങളും രൂപത നേതൃത്വം പുറത്തുവിട്ടിട്ടുണ്ട്. നിത്യ ആരാധനാ ചാപ്പൽ, കമ്മ്യൂണിറ്റി സെന്റർ എന്നിവയും കത്തീഡ്രലിനോടൊപ്പം നിര്‍മ്മിക്കുന്നുണ്ട്. 2023-ലെ കണക്കുകള്‍ പ്രകാരം അഞ്ചു ലക്ഷത്തോളം കത്തോലിക്ക വിശ്വാസികളാണ് രാജ്യത്തുള്ളത്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️



















