News
ലെയോ പാപ്പയുടെ ഫ്രാന്‍സ് സന്ദര്‍ശനം അടുത്ത മാസം; ലൂര്‍ദ് സന്ദര്‍ശിക്കും
പ്രവാചകശബ്ദം 08-08-2026 - Saturday
വത്തിക്കാന്‍ സിറ്റി: ഫ്രാൻസിലേക്കു ലെയോ പാപ്പ നടത്തുവാനിരിക്കുന്ന അപ്പസ്തോലികയാത്രയുടെ വിശദ വിവരങ്ങൾ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 25 മുതൽ 28 വരെ തീയതികളിലായി ലെയോ പാപ്പ ഫ്രാൻസിലേക്കും, യുനെസ്കോയിലേക്കും നടത്തുന്ന അപ്പസ്തോലിക യാത്രയുടെ വിശദവിവരങ്ങളാണ് പ്രസ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. പാരീസ്, ലൂർദ്ദ്, മെറ്റ്സ് എന്നീ നഗരങ്ങളില്‍ പാപ്പ സന്ദര്‍ശനം നടത്തും. 'ലോകത്തിന് ജീവൻ ഉണ്ടാകേണ്ടതിന് ' എന്ന പ്രമേയവുമായാണ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനം.
2008-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പ നടത്തിയ അപ്പസ്തോലികയാത്രയുടെ പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ്, ഫ്രാൻസിലെ ഭരണകൂട നേതൃത്വത്തിന്റെയും, കത്തോലിക്ക സഭയുടെയും, യുനെസ്കോ ഡയറക്ടർ ജനറലിന്റെയും ക്ഷണങ്ങൾ സ്വീകരിച്ച് ലെയോ പതിനാലാമൻ പാപ്പ ഫ്രാൻസിലേക്ക് എത്തുന്നത്. അടുത്തിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ വത്തിക്കാനിലെത്തി പാപ്പയെ രാജ്യത്തേക്ക് ക്ഷണിച്ചിരിന്നു.
അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഔദ്യോഗിക ലോഗോ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ഗോത്തിക് ദേവാലയങ്ങളിലെ വിവിധ വർണ്ണങ്ങളിലുള്ള ചില്ലുകളാൽ അലംകൃതമായ ജാലകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് സന്ദർശനത്തിന്റെ ഔദ്യോഗിക ലോഗോ. പാപ്പയുടെ യാത്രയിലെ അപ്പസ്തോലിക, ആരാധനക്രമ തലങ്ങള്‍ വ്യക്തമാക്കുന്ന ആർച്ചും, കുരിശും സമാധാനത്തിന്റെ സന്ദേശമായ ഒലിവില പേറുന്നതും പരിശുദ്ധാത്മാവിനെ അനുസ്മരിപ്പിക്കുന്നതുമായ ഒരു പ്രാവുമാണ് ഔദ്യോഗിക ചിഹ്നത്തിലുള്ളത്.
സെപ്റ്റംബർ 25 വെള്ളിയാഴ്ച ആരംഭിക്കുന്ന അപ്പസ്തോലിക യാത്രയുടെ ആദ്യഘട്ടത്തില്‍ ഫ്രഞ്ച് പ്രസിഡന്റ്, സർക്കാർ പ്രതിനിധികൾ, നയതന്ത്രസമൂഹം, യുനെസ്കോ ഉദ്യോഗസ്ഥർ എന്നിവരുമായി പരിശുദ്ധ പിതാവ് കൂടിക്കാഴ്ചകൾ നടത്തും. സഭാനേതൃത്വവുമായും വിശ്വാസികളുമായി കണ്ടുമുട്ടുന്നതിന്റെ ഭാഗമായി പാപ്പ, പ്രസിദ്ധമായ നോട്രഡാം കത്തീഡ്രലിൽ മെത്രാന്മാർക്കും വൈദികർക്കുമൊപ്പം സായാഹ്നപ്രാർത്ഥനയും സെന്റ് ഡെനിസ് സ്റ്റേഡിയത്തിൽ വച്ച് യുവജനങ്ങൾക്കൊപ്പം പ്രാർത്ഥനാസമ്മേളനവും നടത്തും.
സെപ്റ്റംബർ 26 ശനിയാഴ്ച "ബകിത ഭവനം" എന്ന കുടിയേറ്റക്കാർക്കായുള്ള കേന്ദ്രം പാപ്പ സന്ദർശിക്കും. പിന്നീട് കോൺകോർഡ് ചത്വരത്തിൽ പരിശുദ്ധ പിതാവ് വിശുദ്ധ ബലിയർപ്പിക്കും. പാരീസിലെ പരിപാടികള്‍ക്ക് ശേഷം ലൂർദ്ദിലേക്ക് പോകുന്ന പാപ്പ, അവിടെയുള്ള മരിയന്‍ തീർത്ഥാടനകേന്ദ്രത്തിൽ പ്രാർത്ഥിക്കും. സെപ്റ്റംബർ 27 ഞായറാഴ്ച രാജ്യത്തെ മെത്രാൻ സമിതി അംഗങ്ങളുമായി, ലൂർദ്ദിൽവച്ച് തന്നെ കൂടിക്കാഴ്ച നടത്തും. പിന്നീട് തീർത്ഥാടനകേന്ദ്രത്തിൽ വിശുദ്ധ ബലിയർപ്പിക്കും.
ഇതേ ദിവസം, സമർപ്പിതരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വൈകുന്നേരം ലൂർദ്ദ് മാതാവിന്റെ തീർത്ഥാടനകേന്ദ്രത്തിലെ പ്രശസ്തമായ ജപമാലപ്രാർത്ഥനയിലും മെഴുകുതിരി പ്രദക്ഷിണത്തിലും പങ്കെടുക്കും. അപ്പസ്തോലിക യാത്രയുടെ അവസാനദിനമായ സെപ്റ്റംബർ 28 തിങ്കളാഴ്ച മെറ്റ്സിലേക്ക് പോകുന്ന പാപ്പ, അവിടെ മതാന്തരസമ്മേളനത്തിലും, "സമാധാനത്തിനും ഐക്യത്തിനുമായി യൂറോപ്പിന്റെ വേരുകളിലേക്ക്" എന്ന വിഷയത്തിലുള്ള സമ്മേളനത്തിലും പങ്കെടുക്കും. വിശുദ്ധ സ്റ്റീഫന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ പൊതു വിശുദ്ധ ബലിയര്‍പ്പണത്തിന് ശേഷം പാപ്പ വത്തിക്കാനിലേക്ക് മടങ്ങും.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️



















