News

പുരസ്‌കാരത്തിളക്കത്തിലും വിശുദ്ധനാട്ടിലെ ക്രൈസ്തവരുടെ വേദന ഫ്രഞ്ച് പ്രസിഡന്റിനെ അറിയിച്ച് കർദ്ദിനാൾ പിസബല്ല

പ്രവാചകശബ്ദം 11-06-2026 - Thursday

പാരീസ്: വിശുദ്ധ നാട്ടിലെ ക്രൈസ്തവ സമൂഹത്തിനുള്ള പിന്തുണ ശക്തിപ്പെടുത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റിനോട് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല. പാരീസിലെ എലിസി കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഫ്രാൻസിന്റെ പരമോന്നത ബഹുമതികളിലൊന്നായ "ലീജിയൺ ഓഫ് ഓണർ" ഓഫീസർ പദവി സ്വീകരിച്ച ശേഷമാണ് കർദ്ദിനാൾ പിസബല്ല, മാക്രോണിനോട് ഇക്കാര്യം പറഞ്ഞത്.

വിശുദ്ധനാട്ടിലെ ജനങ്ങൾ, പ്രത്യേകിച്ച് ക്രൈസ്തവർ വർദ്ധിച്ചുവരുന്ന അക്രമങ്ങളും രാഷ്ട്രീയ അനിശ്ചിതത്വവും മൂലം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് കർദ്ദിനാൾ ഫ്രഞ്ച് പ്രസിഡന്‍റിനോട് തുറന്നുപറഞ്ഞു. ഇസ്രായേലിലെയും പലസ്തീനിലെയും ജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, സുരക്ഷാ വെല്ലുവിളികൾ എന്നിവയെക്കുറിച്ച് മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി അദ്ദേഹം പിന്നീട് വ്യക്തമാക്കി.

തൊഴിൽ അവസരങ്ങളുടെ കുറവും യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളും കാരണം നിരവധി ക്രൈസ്തവ കുടുംബങ്ങൾ വിശുദ്ധനാട് വിട്ട് കുടിയേറുന്നതിനെക്കുറിച്ചും കർദ്ദിനാൾ ആശങ്ക പ്രകടിപ്പിച്ചു. വിശുദ്ധ നാട്ടിലെ ക്രൈസ്തവ സാന്നിധ്യം സംരക്ഷിക്കുന്നത് ആഗോള സഭയുടെ ഉത്തരവാദിത്വമാണെന്നും അവിടുത്തെ വിശ്വാസികൾക്ക് ആത്മീയവും സാമ്പത്തികവുമായ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീതി, സമാധാനം, മതാന്തര സംവാദം എന്നിവയ്ക്കായി നടത്തിയ സ്തുത്യര്‍ഹമായ ഇടപെടല്‍ പരിഗണിച്ചാണ് ഫ്രഞ്ച് സർക്കാർ കർദ്ദിനാൾ പിസബല്ലയ്ക്ക് ബഹുമതി നൽകിയത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »