News
ദയാവധ ബില്ലിനെ പിന്തുണച്ച കത്തോലിക്ക പ്രതിനിധികള്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാൻ പാടില്ല: ഫ്രഞ്ച് ബിഷപ്പ്
പ്രവാചകശബ്ദം 15-07-2026 - Wednesday
പാരീസ്: ഫ്രാൻസിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ദയാവധ ബില്ലിന് ഫ്രഞ്ച് പാർലമെന്റിന്റെ അധോസഭയായ നാഷനൽ അസംബ്ലി അംഗീകാരം നൽകിയതോടെ കൗദാശിക വിഷയത്തില്‍ ശക്തമായി നിലപാടുമായി കത്തോലിക്ക സഭാനേതൃത്വം. ഫ്രാൻസിലെ ദയാവധ ബില്ലിനു അനുകൂലമായി വോട്ട് ചെയ്ത ദേശീയ അസംബ്ലിയിലെ കത്തോലിക്കാ അംഗങ്ങൾക്ക് ഇനി വിശുദ്ധ കുർബാന സ്വീകരിക്കാൻ കഴിയില്ലെന്ന് തെക്കൻ ഫ്രാൻസിലെ ബയോണിലെ ലെസ്‌കാറിലും ഒലോറോണിലുമുള്ള ബിഷപ്പ് മാർക്ക് ഐലെറ്റ് വ്യക്തമാക്കി.
പൊതുജീവിതത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു യഥാര്‍ത്ഥ കത്തോലിക്ക വിശ്വാസിയ്ക്കു ദയാവധത്തിനെതിരെയുള്ള സഭയുടെ നിരന്തരമായ പ്രബോധനങ്ങള്‍ അവഗണിക്കാൻ കഴിയില്ലായെന്ന് ബിഷപ്പ് ഐലെറ്റ് പറഞ്ഞു. ക്രിസ്തീയ വിശ്വാസം ഒരു വ്യക്തിയുടെ മുഴുവൻ നിലനിൽപ്പിനെയും ഉൾക്കൊള്ളുന്നുവെന്നും ഓരോ നിയമനിർമ്മാതാവും അവർ സ്വീകരിക്കുന്ന പ്രവര്‍ത്തികൾ അവർ അവകാശപ്പെടുന്ന വിശ്വാസവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് മനസ്സാക്ഷിയോടെ പരിശോധിക്കണമെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
ബില്ലിനെ പിന്തുണയ്ക്കുന്ന കത്തോലിക്ക നിയമനിർമ്മാതാക്കൾ സഭയുടെ ധാർമ്മിക പ്രബോധനങ്ങള്‍ക്കു വിരുദ്ധമായ പൊതു വോട്ടെടുപ്പിനെയാണ് വീക്ഷിക്കേണ്ടതെന്നും പൊരുത്തക്കേടിനെക്കുറിച്ച് അവർ ബോധവാന്മാരാണെങ്കിൽ, അവർക്ക് ഇനി വിശുദ്ധ കുർബാന സ്വീകരിക്കാൻ കഴിയില്ലായെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ചില മെത്രാന്‍മാര്‍ ചെയ്തതുപോലെ ഇക്കാര്യം അവരെ ഓർമ്മിപ്പിക്കാൻ സഭയ്ക്ക് അധികാരമുണ്ടെന്നും ബിഷപ്പ് മാർക്ക് വ്യക്തമാക്കി.
ദയാവധത്തോട് ശക്തമായ എതിർപ്പാണ് കത്തോലിക്ക സഭയ്ക്കുള്ളത്. ദൈവികദാനമായ മനുഷ്യജീവൻ ജനനം മുതൽ സ്വാഭാവിക അന്ത്യം വരെയും അമൂല്യമായി പരിഗണിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും വേണം എന്ന സഭയുടെ അടിസ്ഥാന ധാർമ്മിക പ്രബോധനമാണ് അതിന് അടിസ്ഥാനം. ഉദ്ദേശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും അതീതമായി, ഒരു മനുഷ്യ ജീവൻ നഷ്ടപ്പെടുത്തുന്ന ഏതൊരു പ്രവര്‍ത്തിയും കൊലപാതകത്തിന് തുല്യവും മനുഷ്യജീവന്റെ മാഹാത്മ്യത്തെ നിഷേധിക്കുന്നതുമാണെന്നാണ് സഭ പഠിപ്പിക്കുന്നത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















