News
നൈജീരിയയില്‍ മുപ്പതോളം ക്രൈസ്തവരെ കൂട്ടക്കൊല ചെയ്ത ഇസ്ലാമിക തീവ്രവാദിയെ സൈന്യം അറസ്റ്റ് ചെയ്തു
പ്രവാചകശബ്ദം 07-08-2026 - Friday
കടുണ: നൈജീരിയയിലെ കടുണ സംസ്ഥാനത്തെ നരിഡോൺ ഗ്രാമത്തിൽ മുപ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത ആക്രമണത്തിൽ പങ്കെടുത്ത ഇസ്ലാമിക തീവ്രവാദിയെ നൈജീരിയൻ സൈന്യം അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ എൻഡ്യൂറിംഗ് പീസിന്റെ സെക്ടർ 3 സൈനികരാണ് അയൽ സംസ്ഥാനമായ പ്ലേറ്റോ സംസ്ഥാനത്തെ ബസ്സ പ്രാദേശിക പരിധിയിലെ ഡട്സെൻ കുര ഗ്രാമത്തിൽ നടത്തിയ ഓപ്പറേഷനില്‍ ഫുലാനി മുസ്ലീമിനെ അറസ്റ്റ് ചെയ്തത്.
ജൂലൈ 26ന് കൗറു ലോക്കൽ ഗവൺമെന്റ് ഏരിയയിലെ കമാരു വാർഡിലെ ക്രൈസ്തവ സമൂഹം തിങ്ങി പാര്‍ക്കുന്ന നരിഡോണിൽ നടത്തിയ ക്രൈസ്തവ കൂട്ടക്കൊലയിലെ പ്രതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സൈന്യം ഓപ്പറേഷൻ നടത്തി കണ്ടെത്തിയതെന്ന് സൈനിക നേതൃത്വം മാധ്യമങ്ങളെ അറിയിച്ചു. സൈനിക കസ്റ്റഡിയില്‍ അന്വേഷണം തുടരുകയാണെന്നും അന്നത്തെ സംഭവത്തിന്റെ വിശദ വിവരങ്ങള്‍ തേടുകയും ആക്രമണവുമായി ബന്ധപ്പെട്ട മറ്റ് കൂട്ടാളികളെ കണ്ടെത്താനും ശ്രമിക്കുകയാണെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ക്രൈസ്തവ വിരുദ്ധ അക്രമങ്ങൾ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഇതിന് മറുപടിയെന്ന നിലയിൽ ഓരോ വര്‍ഷവും നല്കി വരുന്ന സാമ്പത്തിക സഹായം നിർത്തിവെക്കാൻ യുഎസ് ജനപ്രതിനിധി സഭയുടെ ബിൽ അടുത്തിടെ പാസാക്കിയിരിന്നു. ക്രൈസ്തവ നരഹത്യയില്‍ ഭരണകൂടം പുലര്‍ത്തുന്ന നിസംഗതയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നൈജീരിയന്‍ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയിരിന്നു. ഇതിന്റെയൊക്കെ പ്രതിഫലനമാണ് ആക്രമണം നടന്നു പത്തു ദിവസത്തിനുള്ളില്‍ നടന്ന അറസ്റ്റെന്നു വിലയിരുത്തപ്പെടുന്നു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️


















