Seasonal Reflections - 2026
വിശുദ്ധ വാരത്തില്‍ മൗനത്തിന്റെ 'അൾത്താര' ഹൃദയത്തിൽ പണിയാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 44
സി. റെറ്റി ജോസ് എഫ്സിസി/ പ്രവാചകശബ്ദം 31-03-2026 - Tuesday
"ഈശോയാകട്ടെ നിശ്ശബ്ദനായിരുന്നു" (മത്തായി 26:63).
വിശുദ്ധവാരം ഒരു മടക്കയാത്രയാണ്- വാക്കുകളുടെ ബഹളങ്ങളിൽ നിന്ന് മൗനത്തിന്റെ വിശുദ്ധിയിലേക്കും, പരാതികളുടെ ലോകത്തുനിന്ന് ദൈവഹിതത്തോടുള്ള വിധേയത്വത്തിലേയ്ക്കുമുള്ള യാത്ര. ഈശോയുടെ ഈ മൗനം പെട്ടെന്നുണ്ടായ ഒന്നല്ല; മറിച്ച് നൂറ്റാണ്ടുകൾക്ക് മുൻപ് പ്രവാചകന്മാർ ദർശിച്ച ദൈവദാസന്റെ ഭാവമാണ്. ഏശയ്യാ 53:7-ൽ നാം വായിക്കുന്നു: "അവന് മര്‍ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവന് ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്പില് നില്ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന് മൗനം പാലിച്ചു."
ഈ പ്രവചനം ഈശോയിൽ പൂർത്തിയാകുകയായിരുന്നു.
സഭാപിതാവായ വിശുദ്ധ ആഗസ്തിനോസിൻ്റെ പഠനമനുസരിച്ച്, ഈശോയുടെ മൗനം ഭീരുത്വമല്ല, മറിച്ച് പരമാധികാരമാണ്: "തന്റെ മൗനത്തിലൂടെ അവൻ ലോകത്തെ വിധിക്കുകയായിരുന്നു." നീതിമാൻ നിശബ്ദനായിരിക്കുമ്പോൾ അനീതി അതിന്റെ പൂർണ്ണരൂപത്തിൽ വെളിപ്പെടുന്നു. വിശുദ്ധ സിപ്രിയാൻ്റെ വ്യാഖ്യാനമനുസരിച്ച്, ഈശോയുടെ മൗനം നമുക്കും മാതൃകയാണ്. അനാവശ്യമായ ന്യായീകരണങ്ങളേക്കാൾ പ്രധാനം ദൈവത്തിലുള്ള വിശ്വാസമാണെന്ന് ആ മൗനം നമ്മെ ഓർമ്മിപ്പിക്കുന്നു.
ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രഭാഷണങ്ങളിൽ പലപ്പോഴും 'മൗനത്തിന്റെ കരുത്തിനെ' കുറിച്ച് സംസാരിക്കാറുണ്ട്. "പിശാചുമായുള്ള തർക്കങ്ങളിൽ ഈശോ പലപ്പോഴും മൗനം പാലിച്ചു. കാരണം, സത്യത്തിന് വായടിപ്പിക്കുന്ന മറുപടികളേക്കാൾ സാക്ഷ്യത്തിന്റെ മൗനമാണ് കരുത്ത് നൽകുന്നത്." തിന്മയുടെ ശബ്ദം ഉച്ചത്തിലാകുമ്പോൾ നന്മ മൗനമായിരിക്കണം, കാരണം ദൈവം മൗനത്തിലാണ് സംസാരിക്കുന്നത്.
"ഈ വിശുദ്ധ ആഴ്ചയില്‍ അമിതമായ സംസാരം ഒഴിവാക്കി മൗനത്തിന്റെ 'അൾത്താര' ഹൃദയത്തിൽ പണിയാൻ നമ്മുക്ക് ശ്രമിക്കാം. നമ്മെക്കുറിച്ച് തെറ്റായ ധാരണകൾ ഉണ്ടാകുമ്പോൾ സ്വയം ന്യായീകരിക്കാനുള്ള വെമ്പൽ ഒഴിവാക്കി ഈശോയെപ്പോലെ പിതാവിൽ ആശ്രയിക്കുക. പുറമെയുള്ള നിശബ്ദതയേക്കാൾ ഹൃദയത്തിലെ കലപിലകൾ അടക്കി ദൈവസ്വരം കേൾക്കാൻ ശീലിക്കുക.
സി. റെറ്റി ജോസ് എഫ്സിസി

















