News
ക്രൈസ്തവ രക്തസാക്ഷിയായ പാക്ക് മന്ത്രി ഷഹ്ബാസ് ഭട്ടിയുടെ സ്മരണയില്‍ ന്യൂനപക്ഷ ദിനാചരണം
പ്രവാചകശബ്ദം 13-08-2026 - Thursday
ഫൈസലാബാദ്: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ അവകാശ ലംഘനങ്ങള്‍ക്കും, ഭീകരവാദത്തിനുമെതിരെ പോരാടിയതിന്റെ പേരില്‍ ഇസ്ലാമിക തീവ്രവാദികള്‍ അരുംകൊല ചെയ്ത പാക്കിസ്ഥാനിലെ ഏക ക്രൈസ്തവ മന്ത്രിയായിരുന്ന ഷഹ്ബാസ് ഭട്ടിയുടെ സ്മരണയില്‍ രാജ്യത്തു ന്യൂനപക്ഷ ദിനാചരണം നടത്തി. രാജ്യത്തെ ആയിരക്കണക്കിന് ക്രിസ്ത്യാനികൾ ഇക്കഴിഞ്ഞ ഓഗസ്റ്റ് 11-ന് 'ദേശീയ ന്യൂനപക്ഷ ദിനം' ആചരിച്ചുകൊണ്ട് രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളിൽ പ്രതിഷേധ റാലികൾ നടത്തി. ഭരണഘടനാപരമായ തുല്യതയും മതസ്വാതന്ത്ര്യവും ആവശ്യപ്പെട്ട ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍, കേവലം ചടങ്ങുകൾക്കപ്പുറം ദീർഘകാലമായി നിലനിൽക്കുന്ന ന്യൂനപക്ഷ വിവേചനം പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു.
ഭരണഘടനാപരമായ വ്യവസ്ഥകൾ നിലവിലുണ്ടെങ്കിലും ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ, അഹ്മദികൾ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങൾ വിവേചനം, ആരാധനാലയങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ, നിർബന്ധിത മതപരിവർത്തനം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം, മതനിന്ദാ നിയമങ്ങളുടെ ദുരുപയോഗം എന്നിവ നേരിടുന്നതായി രാജ്യത്തു റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജോലികളിൽ മതന്യൂനപക്ഷങ്ങൾക്ക് 5% തൊഴിൽ സംവരണം ഏർപ്പെടുത്തിയത്, പാകിസ്ഥാൻ സെനറ്റിൽ മുസ്ലീം ഇതര വിഭാഗങ്ങൾക്ക് നാല് സംവരണ സീറ്റുകൾ ഉറപ്പാക്കാൻ ഇടപ്പെട്ടതും ഷഹ്ബാസ് ഭട്ടിയായിരിന്നു.
അടിയുറച്ച കത്തോലിക്ക വിശ്വാസിയായിരുന്നു ഭട്ടി, പാക്കിസ്ഥാനിലെ മതന്യൂനപക്ഷ, മനുഷ്യാവകാശ സംരക്ഷണത്തിന്റെ ശക്തനായ വക്താവായിരുന്നു. നിരവധി തവണ ഭീഷണിയുണ്ടായിട്ടും അദ്ദേഹം സധൈര്യമാണ് തന്റെ പോരാട്ടം തുടര്‍ന്നത്. താന്‍ യേശുക്രിസ്തുവിലാണ് വിശ്വസിക്കുന്നതെന്നും ക്രൈസ്തവര്‍ക്കു വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ താന്‍ തയാറാണെന്നും അദ്ദേഹം തുറന്ന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകളും, മതനിന്ദ ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീബിക്കു വേണ്ടി ശബ്ദമുയര്‍ത്തിയതും ശരിഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെതിരേ പ്രതികരിച്ചതും ഭട്ടിയെ ഇസ്ലാമിക തീവ്രവാദികളുടെ കണ്ണിലെ കരടാക്കി മാറ്റുകയായിരിന്നു.
ന്യൂനപക്ഷ വകുപ്പ് മന്ത്രിയായി അധികാരത്തില്‍ കയറിയതിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ 2012 മാര്‍ച്ച് 2-നാണ് തെഹരീക് ഇ-താലിബാന്‍ എന്ന ഇസ്ലാമിക തീവ്രവാദി സംഘടന ഷഹ്ബാസ് ഭട്ടിയെ കൊലപ്പെടുത്തിയത്. ഷഹ്ബാസ് ഭട്ടി കൊല്ലപ്പെട്ട് 15 വർഷത്തിലേറെയായിട്ടും, അദ്ദേഹം മുന്നോട്ടുവെച്ച പരിഷ്കാരങ്ങൾ പാകിസ്ഥാനിലെ ന്യൂനപക്ഷ അവകാശ സംരക്ഷണ സംവിധാനത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്. എന്നിരുന്നാലും, അദ്ദേഹം പരിഹരിക്കാൻ ശ്രമിച്ച പല വെല്ലുവിളികളും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ന്യൂനപക്ഷങ്ങള്‍ പറയുന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




















