India - 2026
മുംബൈയില്‍ യേശുവിന്റെ ക്രൂശിത രൂപം അജ്ഞാതര്‍ തകര്‍ത്തു
പ്രവാചകശബ്ദം 12-06-2026 - Friday
മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ യേശുക്രിസ്തുവിന്റെ ക്രൂശിത രൂപം അജ്ഞാതര്‍ തകര്‍ത്തു. ജൂൺ 7ന് നഗരത്തിലെ പരേൽ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്രൂശിത രൂപമാണ് അജ്ഞാതരായ അക്രമികൾ നശിപ്പിച്ചത്. പ്രാദേശിക കത്തോലിക്ക സമൂഹവും ബോംബെ അതിരൂപത നേതൃത്വവും സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
റോഡരികിൽ സ്ഥിതി ചെയ്യുന്ന ക്രൂശിത രൂപത്തിന് നേരെ നടന്ന ആക്രമണം കാടത്തമാണെന്നും സംഭവം ഇടവകക്കാരുടെ വിശ്വാസ വികാരങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തിയെന്നും പരേലിലെ ഹോളി ക്രോസ് ഇടവക വികാരി ഫാ. ഫ്രാൻസിസ് നൊറോണ യുസിഎ ന്യൂസിനോട് പറഞ്ഞു. മുംബൈ നഗരത്തിലെ ക്രിസ്ത്യൻ കേന്ദ്രങ്ങൾക്കെതിരെ അടുത്തിടെയായി നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ബോംബെ അതിരൂപത ആശങ്ക അറിയിച്ചിരിന്നു.
അന്ധേരി ഈസ്റ്റ് പ്രാന്തപ്രദേശത്തുള്ള സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിക്ക് സമീപമുള്ള ഒരു റോഡരികില്‍ സ്ഥാപിച്ചിരിന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുരിശ് മെയ് 13-14 തീയതികളിൽ രണ്ടുതവണ നശിപ്പിക്കപ്പെട്ടിരിന്നു. ഒരു മാസം പിന്നിടും മുന്‍പാണ് അടുത്ത ആക്രമണം. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും നഗരത്തിലെ എല്ലാ ആരാധനാലയങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്നും സഭാനേതൃത്വം ആവശ്യപ്പെട്ടു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️
















