News
ഇറാഖിലെ ക്രിസ്ത്യാനികളുടെ മടങ്ങിവരവിന് സുരക്ഷയും തൊഴിലവസരങ്ങളും അനിവാര്യം: കൽദായ പാത്രിയാർക്കീസ്
പ്രവാചകശബ്ദം 13-08-2026 - Thursday
ബാഗ്ദാദ്: ഇറാഖിൽ യുദ്ധം മൂലം തകർന്ന ക്രിസ്ത്യൻ മേഖലകൾ പുനർനിർമ്മിക്കുന്നതു കൊണ്ടുമാത്രം അവിടെ ക്രിസ്ത്യൻ സാന്നിധ്യം നിലനിർത്താൻ പര്യാപ്തമല്ലെന്ന് കൽദായ സഭയുടെ പാത്രിയാർക്കീസ് പൗലോസ് മൂന്നാമൻ നോന. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വത്തിക്കാൻ ന്യൂസുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. തങ്ങളുടെ ചരിത്രപരമായ വാസസ്ഥലങ്ങളിലേക്ക് മടങ്ങിയെത്താനും വിശ്വാസം വീണ്ടെടുക്കാനും അവിടുത്തെ നിവാസികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
പാത്രിയാർക്കീസായി തെരഞ്ഞെടുക്കപ്പെട്ട് നാല് മാസത്തിനുള്ളിൽ ക്രിസ്ത്യൻ സാന്നിധ്യമുള്ള പ്രദേശങ്ങളിലെ സുരക്ഷാ സാഹചര്യത്തിൽ കാര്യമായ പുരോഗതിയുണ്ടായി. എന്നിരുന്നാലും, കുടിയേറ്റം, ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ, അപര്യാപ്തമായ സേവനങ്ങൾ, യുവജനങ്ങളിലെ പ്രത്യാശ കുറവ് എന്നിവ ഇറാഖിലെ ക്രിസ്ത്യാനികളുടെ ഭാവിയെ തുടർന്നും ഭീഷണിയിലാക്കുകയാണ്. 2014 ഓഗസ്റ്റ് 6-7 തീയതികളില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രദേശത്ത് സംഹാര താണ്ഡവമാടിയപ്പോള്‍ നിനവേ സമതലത്തിലെ പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും പതിനായിരക്കണക്കിന് ക്രിസ്ത്യാനികൾ പലായനം ചെയ്ത സംഭവങ്ങൾ പാത്രിയാർക്കീസ് അനുസ്മരിച്ചു.
പലായനം ചെയ്യുന്ന കുടുംബങ്ങളുടെയും കരയുന്ന കുട്ടികളുടെയും പ്രദേശവാസികളുടെ കണ്ണുകളിലെ ഭയത്തിന്റെയും ദൃശ്യങ്ങൾ ഇപ്പോഴും തന്റെ ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്നുണ്ടെന്ന് അന്നു മൊസൂളിലെ കൽദായ ആർച്ച് ബിഷപ്പായിരുന്ന പൗലോസ് നോന പറയുന്നു. ഐസിസ് എത്തുന്നതിന് മുൻപ് തന്നെ പ്രദേശം വിട്ടുപോകാൻ നിനവേ സമതലങ്ങളിലെ ഗ്രാമവാസികളോട് താന്‍ ആവശ്യപ്പെട്ടിരിന്നു. ആ സമയത്ത് വൈദികരുമായും ഗ്രാമങ്ങളുമായും ബന്ധപ്പെട്ടു; എല്ലാവരെയും സുരക്ഷിതസ്ഥാനത്ത് എത്തിക്കുക എന്നത് ആ രാത്രിയിലെ ഏറ്റവും ദുഷ്കരമായ നിമിഷങ്ങളിലൊന്നായിരുന്നുവെന്നും പാത്രിയാര്‍ക്കീസ് ഓര്‍ത്തെടുത്തു.
പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷവും, ക്രിസ്ത്യാനികൾക്ക് നേരെയുള്ള സുരക്ഷാ ഭീഷണികൾക്ക് മുൻപുണ്ടായിരുന്നത്ര തീവ്രതയില്ലെങ്കിലും യുദ്ധം, പലായനം, കുടിയേറ്റം എന്നിവയുടെ ആഘാതം ഇപ്പോഴും ശക്തമായി നിലനിൽക്കുകയാണ്. പല ക്രിസ്ത്യാനികളും തങ്ങളുടെ പഴയ വാസസ്ഥലങ്ങളിലേക്ക് മടങ്ങിയെത്തിയിട്ടില്ല; അതേസമയം, മറ്റു ചിലർ ഇറാഖ് വിട്ടുപോവുകയോ മറ്റൊരിടങ്ങളിൽ സ്ഥിരതാമസമാക്കുകയോ ചെയ്തു. ക്രിസ്ത്യാനികളുടെ മടങ്ങിവരവിന് വീടുകളും പള്ളികളും പുനർനിർമ്മിക്കുന്നതിലുപരി സുരക്ഷ, തൊഴിലവസരങ്ങൾ, അവശ്യ സേവനങ്ങൾ തുടങ്ങീ പല കാര്യങ്ങളും ആവശ്യമാണെന്ന് പാത്രിയാർക്കീസ് നോന ചൂണ്ടിക്കാട്ടി. പലായനം ചെയ്ത ഇറാഖിലെ ക്രൈസ്തവര്‍ക്ക് മടങ്ങി വന്നാല്‍ സുരക്ഷയും മറ്റ് സാഹചര്യവും ഒരുക്കുമെന്ന് അടുത്തിടെ ഭരണകൂടം വ്യക്തമാക്കിയിരിന്നു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️



















