Seasonal Reflections - 2026
യേശുവിനോടൊപ്പം ആത്മീയ ജാഗ്രത പാലിക്കാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 35
സി. റെറ്റി ജോസ് എഫ്സിസി/ പ്രവാചകശബ്ദം 22-03-2026 - Sunday
"ഞാൻ പോയി പ്രാർത്ഥിക്കുവോളം നിങ്ങൾ ഇവിടെ ഇരിക്കുക" (മത്തായി 26:36).
ശിഷ്യന്മാർക്ക് താങ്ങാനാവുന്നതിലും വലിയ പ്രതിസന്ധിയാണ് വരാനിരിക്കുന്നതെന്ന് ഈശോയ്ക്ക് അറിയാമായിരുന്നു. അതിനാൽ അവരെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനാണ് "ഇവിടെ ഇരിക്കുക" എന്ന് അവിടുന്ന് പറഞ്ഞത്. പ്രാർത്ഥനയ്ക്കായി തനിയെ മാറിനിൽക്കുന്നതിലൂടെ ഏകാന്തമായ പ്രാർത്ഥനയുടെ പ്രാധാന്യം അവിടുന്ന് പഠിപ്പിച്ചു. ജീവിതത്തിലെ കഠിനമായ പരീക്ഷണഘട്ടങ്ങളിൽ ദൈവത്തോട് ചേർന്നുനിൽക്കേണ്ടതിന്റെ ആവശ്യകതയാണ് ഈശോ കാണിച്ചുതരുന്നത്. പ്രാർത്ഥനയില്ലാത്ത അവസ്ഥ ആത്മീയമായ ഉറക്കമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അഭിപ്രായത്തിൽ തന്റെ പീഡാസഹനത്തിന് മുൻപ് ശിഷ്യന്മാരെ ഒരുക്കാനാണ് ഈശോ അവരെ കൂടെക്കൂട്ടിയത്. നമ്മുടെ ബലഹീനതകളിൽ ദൈവഹിതത്തിന് കീഴടങ്ങുന്നതാണ് യഥാർത്ഥ പ്രാർത്ഥനയെന്ന് ഗെത്സെമനിയിലെ ഈ നിമിഷങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പ പറയുന്നു. വലിയ നോമ്പും "ഇവിടെ ഇരിക്കുക" എന്ന കല്പനയും നോമ്പുകാലത്ത് നാം പാലിക്കുന്ന ഉപവാസവും പരിത്യാഗവും ഈശോയ്ക്കായി നാം മാറ്റിവെക്കുന്ന "ഇരിക്കലാണ്".
ഇന്നത്തെ വേഗതയേറിയ ലോകത്ത്, "ഇവിടെ ഇരിക്കുക" എന്ന വാക്കിന് വലിയ പ്രസക്തിയുണ്ട്. സ്ക്രീനുകൾക്കും തിരക്കുകൾക്കും ഇടയിൽ ഈശോയ്ക്കായി അല്പനേരം ശാന്തമായി ഇരിക്കാൻ നമുക്ക് കഴിയുന്നുണ്ടോ? പ്രാർത്ഥന കേവലം ആവശ്യങ്ങൾ ചോദിക്കലല്ല, മറിച്ച് ഈശോയുടെ സാന്നിധ്യത്തിൽ ആയിരിക്കലാണ്.
ഈ വലിയ നോമ്പുകാലത്ത്, ഗെത്സെമനിയിൽ ഉറങ്ങിപ്പോയ ശിഷ്യന്മാരെപ്പോലെയാകാതെ, യേശുവിനോടൊപ്പം ആത്മീയ ജാഗ്രതയോടെ നമുക്കും "ഇരിക്കാം". അവിടുത്തെ പീഡാനുഭവങ്ങളിൽ പങ്കുചേരുമ്പോൾ മാത്രമേ അവിടുത്തെ ഉത്ഥാനത്തിന്റെ മഹിമ നമുക്ക് അനുഭവിക്കാൻ കഴിയൂ.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















