News - 2026
ലെയോ പാപ്പയുടെ അപ്പസ്തോലിക സന്ദർശനം ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പ്: മുന്നറിയിപ്പുമായി കാമറൂൺ സഭ
പ്രവാചകശബ്ദം 20-03-2026 - Friday
വത്തിക്കാന്‍ സിറ്റി: ലെയോ പാപ്പയുടെ കാമറൂണ്‍ അപ്പസ്തോലിക സന്ദര്‍ശനം അടുത്ത മാസം നടക്കാനിരിക്കെ വിശ്വാസികളുടെ പണം കബളിപ്പിച്ചെടുക്കാനായി നടത്തുന്ന നീക്കത്തിനെതിരെ മുന്നറിയിപ്പുമായി കാമറൂൺ സഭ. കാമറൂണിൽ പേപ്പല്‍ സന്ദർശനം നടത്തുന്നതിനിടയിൽ നടക്കുന്ന വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കുന്നതിന് ടിക്കറ്റുകൾക്കെന്ന പേരിൽ വിശ്വാസികളുടെ പണം കബളിപ്പിച്ചെടുക്കാനായുള്ള നീക്കത്തിനെതിരെയാണ് സഭയുടെ മുന്നറിയിപ്പ്.
ഏപ്രിൽ 15 മുതൽ 18 വരെ തീയതികളിൽ കാമറൂണിൽ ലെയോ പാപ്പ നടത്തുന്ന അപ്പസ്തോലിക സന്ദർശനത്തിനിടെയുള്ള വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റുകൾ തികച്ചും സൗജന്യമാണെന്ന്, കഴിഞ്ഞ ദിവസം പുറത്തുവിട്ട കുറിപ്പിലൂടെ രാജ്യത്തെ അപ്പസ്തോലിക കാര്യാലയം അറിയിച്ചു. പരിശുദ്ധ പിതാവിന്റെ സന്ദർശനം മുതലാക്കി പണം നേടാൻ ശ്രമിക്കുന്ന ആളുകളുടെ തട്ടിപ്പിനെക്കുറിച്ച് കരുതലോടെയിരിക്കണമെന്ന് അപ്പസ്തോലിക നൂൺഷ്യേച്ചർ ഓർമ്മിപ്പിച്ചു. ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ച് യൗന്ദേ അതിരൂപതയും വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകി.
ഓൺലൈൻ തട്ടിപ്പ് പോലെയുള്ള അപലപനീയമായ ശ്രമങ്ങൾക്ക് സഭയുമായി ബന്ധമില്ലെന്നും, വിശുദ്ധ കുർബാനയിലുള്ള പങ്കാളിത്തം ഒരിക്കലും വിൽപ്പനയ്ക്കുള്ള ഒന്നല്ലെന്നും, ഇത്തരം തട്ടിപ്പുകളിൽനിന്ന് ജാഗ്രത പാലിക്കണമെന്നും അതിരൂപത വ്യക്തമാക്കി. പരിശുദ്ധ പിതാവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ടിക്കറ്റുകൾ വിൽപ്പനയ്ക്കില്ലെന്നും, ആഘോഷങ്ങളിലുള്ള പങ്കാളിത്തം തികച്ചും സൗജന്യമാണെന്നും, ദൂവാല രൂപതയും ഫേസ്ബുക്കിലെ തങ്ങളുടെ കുറിപ്പ് വഴി അറിയിച്ചു. ആഫ്രിക്കയിലെ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി എന്നീ രാജ്യങ്ങളിലേക്കുള്ള പത്തു ദിവസങ്ങൾ നീളുന്ന ലെയോ പാപ്പയുടെ അപ്പസ്തോലിക യാത്രയ്ക്കു ഏപ്രിൽ 13നാണ് തുടക്കമാകുക.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















