News - 2026

കാമറൂണില്‍ തട്ടിക്കൊണ്ടുപോയ വൈദികനും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും മോചനം

പ്രവാചകശബ്ദം 02-07-2026 - Thursday

എൻകോങ്‌സാമ്പ: കാമറൂണിലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ വൈദികനും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും മോചനം. ജൂൺ 27 രാത്രിയാണ് എൻകോങ്‌സാമ്പ രൂപതയിൽ സേവനമനുഷ്ഠിക്കുന്ന ഫാ. ജോൺ ബോസ്കോ ബിഹ്‌കോങ്ങിനെയും ഫ്രറ്റേനിറ്റി ഓഫ് ഫ്രാൻസിസ്കൻസ് ഓഫ് ഇമ്മാനുവൽ സമൂഹത്തിലെ രണ്ടു അംഗങ്ങളെയും അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ഇവരുടെ മോചനത്തിനായി എൻകോങ്‌സാമ്പ രൂപത പ്രാര്‍ത്ഥന യാചിച്ചിരിന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിശുദ്ധ കുർബാന അർപ്പിക്കാൻ ഫാ. ജോൺ ബോസ്കോ കാമറൂണിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ എൻഡോപ്പിനടുത്തുള്ള തന്റെ ജന്മഗ്രാമമായ മെലിമിലേക്ക് പോയിരിന്നു. അദ്ദേഹത്തെയും ഒപ്പമുണ്ടായിരിന്ന ഫ്രറ്റേനിറ്റി ഓഫ് ഫ്രാൻസിസ്കൻസ് ഓഫ് ഇമ്മാനുവൽ സമൂഹത്തിലെ അംഗങ്ങളെയുമാണ് പിറ്റേന്ന് രാത്രിയിൽ തട്ടിക്കൊണ്ടുപോയതെന്ന് എൻകോങ്‌സാമ്പ രൂപത വികാരി ജനറാള്‍ ഫാ. ജോസഫ് ചിൻഡ ഡൗണ്ടിയോ നേരത്തെ അറിയിച്ചിരിന്നു.

വിഘടനവാദി പോരാളികളാണ് അവരെ തട്ടിക്കൊണ്ടുപോയതെന്നും പ്രാര്‍ത്ഥനയുടെ ഫലമായി മൂന്നു പേര്‍ക്കും മോചനം ലഭിച്ചതായും പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി അര്‍പ്പിക്കുകയാണെന്നും രൂപത നേതൃത്വം പ്രസ്താവിച്ചു. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന തെക്ക്-പടിഞ്ഞാറന്‍, വടക്ക് - പടിഞ്ഞാറന്‍ (ആംഗ്ലോഫോണ്‍ മേഖല) മേഖലകളുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് വിമത പോരാളികള്‍ കാമറൂണ്‍ സൈന്യവുമായി നടത്തുന്ന പോരാട്ടം രാജ്യത്തെ സാധാരണക്കാരെ ആകെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വൈദികനെയും സെമിനാരി വിദ്യാര്‍ത്ഥികളെയും തട്ടിക്കൊണ്ടുപോയ സംഭവം.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »