News
അപ്പസ്തോലിക് വികാരിയെ സന്ദര്‍ശിച്ച് ബഹ്റൈന്‍ കിരീടാവകാശി
പ്രവാചകശബ്ദം 10-03-2026 - Tuesday
മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അവാലിയിലെ 'കത്തീഡ്രൽ ഓഫ് അവർ ലേഡി ഓഫ് അറേബ്യ' ദേവാലയം സന്ദർശിച്ചു. രാജ്യത്തെ കത്തോലിക്കാ സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സഭാധ്യക്ഷന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇറാനിയൻ ഭാഗത്തുനിന്നുള്ള സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ഹമദ് രാജാവിൻ്റെ നിർദേശപ്രകാരമാണ് ഈ സന്ദർശനമെന്ന് വിലയിരുത്തപ്പെടുന്നു.
നോർത്തേൺ അറേബ്യയിലെ അപ്പോസ്തോലിക് വികാരി ബിഷപ്പ് ആൽഡോ ബെറാർഡിയുടെ നേതൃത്വത്തിലുള്ള സംഘം കിരീടാവകാശിയെ സ്വീകരിച്ചു. വിശ്വാസികൾക്ക് നിർഭയമായി ആരാധന നടത്താൻ രാജ്യം നൽകുന്ന സുരക്ഷിതമായ അന്തരീക്ഷത്തിന് അവർ നന്ദി അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും സമാധാനത്തിനുമാണ് ബഹ്റൈൻ ഭരണകൂടം പ്രഥമ പരിഗണന നൽകന്നതെന്ന് കൂടിക്കാഴ്ചയിൽ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഊന്നിപ്പറഞ്ഞു.
His Royal Highness the Crown Prince and Prime Minister, #Salman_bin_Hamad Al Khalifa, meets with Christian religious leaders at the Cathedral of Our Lady of Arabia, affirming Bahrain's commitment to protecting all citizens and residents in light of the hostile Iranian aggression… pic.twitter.com/vDJeDF2MKR
— أخبار سمو ولي العهد (@BahrainCPnews) March 8, 2026
സമാധാനപരമായ സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും ലോകമാതൃകയായി ബഹ്റൈനെ നിലനിർത്താനുള്ള രാജാവിന്റെ പ്രതിജ്ഞാബദ്ധത കിരീടാവകാശി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. എല്ലാ മതവിഭാഗങ്ങൾക്കും ബഹ്റൈനിൽ പൂർണമായ ബഹുമാനവും സംരക്ഷണവും ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ചരിത്രപരമായിത്തന്നെ ബഹ്റൈൻ വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും സംഗമ ഭൂമിയാണെന്നും, എല്ലാവർക്കും ഒരേപോലെ സുരക്ഷ ഉറപ്പാക്കുന്നതിൽ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ധനകാര്യ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️


















