News - 2026
റവ. ഫാ. ജോളി വടക്കൻ ഗള്‍ഫ് നാടുകളിലെ സീറോ മലബാർ അപ്പസ്‌തോലിക് വിസിറ്റർ
പ്രവാചകശബ്ദം 18-11-2025 - Tuesday
കാക്കനാട്: ഗൾഫുനാടുകളിലെ സീറോ മലബാർ വിശ്വാസികൾക്കുവേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്ററായി ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. ജോളി വടക്കനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. ഇതു സംബന്ധിച്ചു വത്തിക്കാനിൽനിന്നുള്ള അറിയിപ്പു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനു ഭാരതത്തിലെ അപ്പസ്തോലിക് ന്യൂൺഷ്യാ ആർച്ചു ബിഷപ്പ് ലെയോപോൾദോ ജിറേല്ലിവഴി ലഭിച്ചു.
ഗൾഫുനാടുകളിൽ സീറോമല ബാർ വിശ്വാസികൾക്കുവേണ്ടിയുള്ള അജപാലനസംവിധാനങ്ങൾ രൂപപ്പെടുത്തു ന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാനും കർമപദ്ധതി തയ്യാറാക്കാനുമാണ് അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചിരിക്കുന്നത്. അറേബ്യൻ ഉപദീപിലെ രണ്ട് അപ്പസ്തോലിക് വികാരിയാത്തുകളുടെ അധ്യക്ഷന്മാരുമായുള്ള ഐക്യത്തിലും സഹകരണത്തിലുമായിരിക്കും അപ്പസ്തോലിക് വിസിറ്റർ പ്രവർത്തിക്കുന്നത്. തന്റെ ദൗത്യനിർവ്വഹണത്തിൻ്റെ എല്ലാ വിശദാംശങ്ങളും പരി. സിംഹാസനത്തെ അറിയിക്കണമെന്നും വിസിറ്ററോട് നിർദേശിച്ചിട്ടുണ്ട്.
സീറോമലബാർ സഭ മുഴുവനും പ്രത്യേകിച്ചു ഗൾഫുനാടുകളിലെ സീറോമലബാർ വിശ്വാസിസമൂഹവും ഏറെനാളുകളായി കാത്തിരുന്ന ഒരു നിയമനമാണ് ഇപ്പോൾ വത്തിക്കാൻ നടത്തിയിരിക്കുന്നത്. മേജർ ആർച്ചുബിഷപ്പായി സ്ഥാനമേറ്റ അഭി വന്യ മാർ റാഫേൽ തട്ടിൽ പിതാവും പെർമനൻ്റ് സിനഡംഗങ്ങളും 2024 മെയ് 13 ന് ഫ്രാൻസിസ് മാർപാപ്പയെ ഔപചാരികമായി സന്ദർശിച്ചയവസരത്തിൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ചു പരിശുദ്ധ പിതാവു നടത്തിയ പ്രഖ്യാപനത്തിലൂടെ യാണ് ഗൾഫുനാടുകളിൽ സീറോമലബാർ സഭക്ക് അജപാലനാവകാശം ലഭിച്ചത്.
അതിനെത്തുടർന്നു 2024 ഒക്ടോബർ 29-ാം തീയതി മേജർ ആർച്ചുബിഷപ്പു മാർ റാഫേൽ തട്ടിൽ പിതാവിന്റെയും ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാ വിന്റെയും മാർ ജോസഫ് പാംപ്ലാനി പിതാവിൻ്റെയും സാനിധ്യത്തിൽ, കർദിനാൾ പിയത്രോ പരോളിൻ പിതാവിൻ്റെ അദ്ധ്യക്ഷതയിൽ, സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിൽ നടത്തിയ ഉന്നതാധികാരയോഗത്തിലാണ് ഗൾഫുനാടുകളിൽ രൂപപ്പെടു ത്താനിരിക്കുന്ന അജപാലനസംവിധാനങ്ങളുടെ ആദ്യപടിയായി അപ്പസ്തോലിക് വിസിറ്ററെ നിയമിക്കാൻ തീരുമാനമായത്.
അതിൻപ്രകാരം, വത്തിക്കാന്റെ നിർദ്ദേശമനുസരിച്ചു കഴിഞ്ഞ ജനുവരി മാസത്തിൽ സമ്മേളിച്ച മുപ്പത്തിമൂന്നാമതു മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം അപ്പസ്തോലിക് വിസിറ്റർ സ്ഥാനത്തേക്കു നിയമി ക്കപ്പെടാവുന്ന ഏതാനും പേരുകൾ തീരുമാനിച്ചു വത്തിക്കാനിൽ അറിയിക്കുകയും ചെയ്തിരുന്നു. ഈ നടപടികളുടെ പൂർത്തീകരണത്തിലാണ് ഇപ്പോൾ അപ്പസ്തോലിക് വിസിറ്റർ നിയമിതനായിരിക്കുന്നത്. 1965-ൽ തൃശ്ശൂർ ജില്ലയിലെ മാളയിൽ ജനിച്ച ഫാ. ജോളി വടക്കൻ പ്രാഥമിക സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം വൈദികപരിശീലനത്തിനായി തൃശ്ശൂർ രൂപതാ മൈനർ സെമിനാരിയിൽ ചേർന്നു.
തത്ത്വശാസ്ത്ര, ദൈവശാസ്ത്രപഠനങ്ങൾ ആലുവാ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ പൂർത്തിയാക്കിയതി നുശേഷം 1989ൽ അന്നത്തെ ഇരിങ്ങാലക്കുട രൂപതാമെത്രാൻ മാർ ജെയിംസ് പഴയാറ്റിൽ പിതാവിൽനിന്നു വൈദികപട്ടം സ്വീകരിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ ഏതാനും ഇടവകകളിൽ ശുശ്രൂഷചെയ്‌തശേഷം ഫാ. ജോളി വടക്കൻ റോമിലെ സലേഷ്യൻ യൂണിവേഴ്‌സിറ്റിയിൽനിന്നു മീഡിയായിലും മതബോധനത്തിലും ലൈസൻഷ്യേറ്റ് ബിരുദം കരസ്ഥമാക്കി.
രൂപതാ മീഡിയാ ഡയറക്‌ടർ, മതബോധന ഡയറക്ടർ, ബൈബിൾ അപ്പോസ്‌റ്റലേറ്റ് ഡയറക്‌ടർ, പാസ്റ്ററൽ സെന്റർ ഡയറക്ടർ തുടങ്ങിയ ഉത്തരവാദിത്തങ്ങൾക്കുപുറമേ വിവിധ ഇടവകകളിൽ വികാരിയായും അദ്ദേഹം ശുശ്രൂഷചെയ്‌തിട്ടുണ്ട്. 2013 മുതൽ 2019 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മാധ്യമ കമ്മിഷൻ സെക്രട്ടറിയായിരുന്നു. 2024 ജൂലൈ മുതൽ ഇരിങ്ങാലക്കുട രൂപതയുടെ സിഞ്ചെല്ലൂസായി സേവനം ചെയ്തുവരുമ്പോഴാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.

















