News - 2026
വടക്കൻ അറേബ്യയിലെ ക്രൈസ്തവ സമൂഹങ്ങളെ സന്ദർശിച്ച് ബിഷപ്പ് ബെരാർഡി
പ്രവാചകശബ്ദം 29-07-2026 - Wednesday
ബഹ്റൈന്‍: മധ്യപൂര്‍വ്വേഷ്യ സംഘര്‍ഷങ്ങളുടെ പിടിയില്‍ അമരുന്നതിനിടെ പ്രത്യാശയുടെയും വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാർ ബിഷപ്പ് അല്‍ഡോ ബെരാര്‍ഡി ഗൾഫ് മേഖലയിലുടനീളമുള്ള ക്രൈസ്തവ സമൂഹങ്ങളെ സന്ദർശിച്ചു. തന്റെ വികാരിയേറ്റിലെ വിവിധ ഇടവകകളിൽ നടത്തിയ ഇടയസന്ദർശനങ്ങൾ അദ്ദേഹം പൂർത്തിയാക്കിയിരിന്നു. വിശ്വാസികളോട് സഭയ്ക്കുള്ള സാമീപ്യം പ്രകടമാക്കുന്നതിനൊപ്പം, ഐക്യവും പ്രത്യാശയും സമാധാനത്തിനായുള്ള പ്രാർത്ഥനയും വളർത്താനുള്ള ആഹ്വാനവുമായാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.
ഗൾഫ് മേഖലയിലുടനീളം സഭയുടെ ദൗത്യത്തിന് കരുത്തേകുന്നതിനും വിശ്വാസികളെ പിന്തുണയ്ക്കുന്നതിനും ഐക്യം ശക്തിപ്പെടുത്തുന്നതിനുമായി കുവൈറ്റ്, ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ കത്തോലിക്ക സമൂഹങ്ങൾക്ക് സേവനം നൽകുന്ന പത്ത് ഇടവകകളും രണ്ട് കത്തീഡ്രലുകളും ബിഷപ്പ് ബെരാർഡി സന്ദർശിച്ചതായി നോർത്തേൺ അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിശുദ്ധ കുർബാനയിലൂടെ ക്രിസ്തുവുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും, വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും, കുടുംബങ്ങളിലും തൊഴിലിടങ്ങളിലും സമൂഹങ്ങളിലും സുവിശേഷത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് ജീവിക്കാനും അജപാലന സന്ദര്‍ശനത്തിനിടെ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ഓരോ ഇടവകയുടെയും ആത്മീയവും സംഘടനാപരവുമായ വളർച്ചയ്ക്ക് ആവശ്യമായ ഇടയശുശ്രൂഷാപരമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനൊപ്പം തന്നെ, വിശ്വാസികളുടെ അനുഭവങ്ങളും വെല്ലുവിളികളും പ്രതീക്ഷകളും കേട്ടറിയുന്നതിനും ബിഷപ്പ് ബെരാർഡി തന്റെ സമയത്തിന്റെ വലിയൊരു ഭാഗം നീക്കിവെച്ചു. ബഹ്റൈനിലെ അവാലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റിന് കീഴില്‍ ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നീ അറബ് രാജ്യങ്ങളാണുള്ളത്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















