News - 2026

കാരിത്താസ് കത്തോലിക്ക സംഘടനയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ച് ഇസ്രായേൽ

പ്രവാചകശബ്ദം 12-02-2026 - Thursday

ജെറുസലേം: കത്തോലിക്ക സഭയുടെ ഔദ്യോഗിക സന്നദ്ധ സംഘടനയായ കാരിത്താസിന് കൂടുതൽ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ച് ഇസ്രായേൽ. ഇസ്രായേൽ - പാലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജെറുസലേമിലും ഗാസാ പ്രദേശങ്ങളിലും പ്രവർത്തിച്ചുവന്നിരുന്ന സന്നദ്ധ സഹായ സംഘടനകൾക്കും വിദേശികൾക്കും പ്രത്യേക നിബന്ധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്ന വിലക്കില്‍ നിന്നാണ് ജെറുസലേം കാരിത്താസ് സംഘടനയെ ഒഴിവാക്കിയത്. ഇതുസംബന്ധിച്ച വാർത്ത ഫെബ്രുവരി പത്താം തീയതി ജെറുസലേം കാരിത്താസ് സ്ഥിരീകരിച്ചു.

തങ്ങളുടെ നൈയാമിക, ഭരണഘടനാപരമായ നില സംബന്ധിച്ച് ഇസ്രായേലി സർക്കാർ കൂടുതൽ കൃത്യത വരുത്തിയതായും കാരിത്താസ് സംഘടന അറിയിച്ചു. പുതിയ തീരുമാനങ്ങൾ പ്രകാരം ഇസ്രായേൽ സർക്കാർ സംഘടനകളോടും, വിദേശികളോടും ആവശ്യപ്പെട്ടിരുന്ന പുതുക്കിയ രജിസ്‌ട്രേഷൻ കാരിത്താസ് സംഘടനയ്ക്ക് ആവശ്യമുണ്ടാകില്ല. സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത കാരിത്താസ് ജെറുസലേം പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി പറഞ്ഞു. ശക്തമായ മാനവിക പ്രതിസന്ധി നിലനിൽക്കുന്ന വിവിധയിടങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകാനുള്ള ഒരു വഴിയാണ് പുതിയ ഈ തീരുമാനം തുറക്കുന്നതെന്ന് സംഘടന പ്രസ്താവിച്ചു.

സുരക്ഷാ കാരണങ്ങളാൽ നടപ്പിലാക്കിയ പുതിയതും വിവാദപരവുമായ രജിസ്ട്രേഷൻ സംവിധാനത്തിന് ആവശ്യമായ പെർമിറ്റുകൾ ഇല്ലായെന്ന കാരണം ഉന്നയിച്ചു ഗാസയിലും വെസ്റ്റ് ബാങ്കിലും പ്രവർത്തിക്കുന്ന മുപ്പതിലധികം സംഘടനകളെ തടയാൻ ജനുവരി ആദ്യ വാരത്തില്‍ ഇസ്രായേൽ സർക്കാർ ഉത്തരവിട്ടിരിന്നു. ഇസ്രായേലിന്റെ ആക്രമണത്തെത്തുടർന്ന് 80% ത്തിലധികം കെട്ടിടങ്ങളും നശിപ്പിക്കപ്പെട്ട ഗാസ മുനമ്പ് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ല സന്ദർശിച്ചതിന് തൊട്ടുപിന്നാലെയായിരിന്നു തീരുമാനം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »