News - 2026

ഇസ്രായേലില്‍ 181 ക്രൈസ്തവ വിരുദ്ധ ആക്രമണ സംഭവങ്ങള്‍

പ്രവാചകശബ്ദം 09-05-2026 - Saturday

ജെറുസലേം: കഴിഞ്ഞു വര്‍ഷം വിശുദ്ധ നാടായ ഇസ്രായേലിൽ ക്രൈസ്തവര്‍ക്കും ക്രിസ്തീയ പ്രതീകങ്ങള്‍ക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും നേരെ 181 ആക്രമണ സംഭവമുണ്ടായതായി റിപ്പോര്‍ട്ട്. മതസ്വാതന്ത്ര്യ ഡാറ്റാ സെന്റര്‍ (RFDC) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ക്രൈസ്തവ വിരുദ്ധതയുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ ആകെ കേസുകളില്‍ 60 ശതമാനവും തുപ്പിക്കൊണ്ടുള്ള അവഹേളന സംഭവങ്ങളാണെന്നും ഇത്തരത്തില്‍ 109 സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.

18% ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വാക്കാലുള്ള ദുരുപയോഗം, അധിക്ഷേപം, ഭീഷണി, ആക്രോശം എന്നിവയാണ്. ഇത്തരത്തില്‍ 32 സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. ആകെ രേഖപ്പെടുത്തിയിരിക്കുന്നതില്‍ 12% ക്രൈസ്തവ വിരുദ്ധ ആക്രമണവും നശിപ്പിക്കലും ക്രിസ്തീയ ചിഹ്നങ്ങൾക്ക് കേടുപാടുകൾ വരുത്തലും ഉൾപ്പെടുന്നു. 22 സംഭവങ്ങളാണ് ഇത്തരത്തില്‍ കണക്കിലുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ശാരീരിക അതിക്രമവുമായി ബന്ധപ്പെട്ട് ഒന്‍പത് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ പുണ്യസ്ഥലങ്ങൾ അശുദ്ധമാക്കൽ, അപമാനകരമായ പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് ആറ് സംഭവങ്ങളും വിശുദ്ധ നാട്ടില്‍ അരങ്ങേറിയതായി കണക്കുകളില്‍ പറയുന്നു. ഓൺലൈൻ വഴി പ്രകോപനപരമായ മൂന്ന് കേസുകളും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം അനൌദ്യോഗിക കണക്കുകള്‍ അനുസരിച്ചു ഇതിലും അധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ അരങ്ങേറിയിട്ടുണ്ടാകാമെന്നു മതസ്വാതന്ത്ര്യ ഡാറ്റാ സെന്റര്‍ വ്യക്തമാക്കിയിട്ടുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »