India - 2026
പാവപ്പെട്ട രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വം: മാർ ആൻഡ്രൂസ് താഴത്ത്
പ്രവാചകശബ്ദം 29-06-2026 - Monday
തൃശൂർ: പാവപ്പെട്ടവരുടെ ആശുപത്രിയെന്ന ദൗത്യം നിലനിർത്തി മുന്നോട്ടുപോകുമെന്നും ദരിദ്രരായ രോഗികൾക്കു മികച്ച ചികിത്സ ലഭ്യമാക്കുന്ന സേവനദൗത്യം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. സമരം ചെയ്യുന്ന നഴ്സുമാരുടെ പ്രതിനിധികളുമായി ജൂബിലി മിഷൻ, അമല ആശുപത്രി അധികൃതരുടെ സാന്നിധ്യത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂബിലിയിലെയും അമലയിലെയും ഇതര ആശുപത്രികളിലെയും എല്ലാ ജീവനക്കാർക്കും മാന്യമായ വേതനം ഉറപ്പുവരുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രതിബദ്ധത മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നു സിഎംഐ പ്രൊവിൻഷ്യൽ ഫാ. ജോസ് നന്തിക്കര യും വ്യക്തമാക്കി. സർക്കാർ നിശ്ചയിച്ച മിനിമം വേതനം പ്രഖ്യാപിച്ച ഘട്ടങ്ങളിൽ അതനുസരിച്ചും, പല അവസരങ്ങളിലും അതിലും ഉയർന്ന വേതനനിരക്കുകളും നൽകുന്നുണ്ടെന്നു ജൂബിലി, അമല സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നു വ്യക്തമാക്കി. സർക്കാർ വിജ്ഞാപനത്തിലെ അന്തിമ തീരുമാനമാണ് ദീർഘകാല പരിഹാരം. അതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം.
കരട് മിനിമം വേതന വിജ്ഞാപനത്തിലെ അപാകതകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും തൊഴിൽ മന്ത്രിയും ഉൾപ്പെടെയുള്ള അധികൃതരുമായി അടിയന്തര കൂടിക്കാഴ്ച നടത്താൻ നടപടികൾ സ്വീകരിക്കാമെന്ന് മാർ താഴത്ത് അറിയിച്ചു. രോഗികളുടെ സേവനത്തിനു തടസമുണ്ടാകരുതെന്നും സ്ഥാപനങ്ങളുടെ സേവനദൗത്യം സംരക്ഷിച്ച് ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

















