News
‘ലെയോ ഇൻ റോം’: വത്തിക്കാൻ ന്യൂസിന്റെ പുതിയ ഡോക്യുമെന്ററി ജൂലൈ ഒന്നിന് പുറത്തിറക്കും
പ്രവാചകശബ്ദം 29-06-2026 - Monday
വത്തിക്കാന് സിറ്റി: ലെയോ പതിനാലാമൻ പാപ്പയുടെ റോമിലെ ജീവിതകാലഘട്ടം പ്രമേയമാക്കിയുള്ള 'ലെയോ ഇൻ റോം' (Leo in Rome) എന്ന പുതിയ ഡോക്യുമെന്ററി വത്തിക്കാൻ ന്യൂസ് ജൂലൈ ഒന്നിന് പുറത്തിറക്കും. ലെയോ പാപ്പയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന പരമ്പരയിലെ മൂന്നാം ഭാഗമാണ് മറ്റന്നാള് പുറത്തുവിടുക. കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, ലെയോ പതിനാലാമൻ പാപ്പയായി, തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ്, റോമിൽ ചിലവഴിച്ച 20 വർഷത്തെ ജീവിത്തെ ആസ്പദമാക്കിക്കൊണ്ടാണ് ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്.
പെറുവിലെ മിഷനറി പ്രവർത്തനങ്ങളെക്കുറിച്ചുള്ള 'ലിയോൺ ഡി പെറു', അമേരിക്കയിലെ അദ്ദേഹത്തിന്റെ വളർച്ച കാലഘട്ടത്തെക്കുറിച്ചുള്ള 'ലിയോ ഫ്രം ചിക്കാഗോ' എന്നിവയായിരുന്നു ഇതിന് മുൻപ് പുറത്തിറങ്ങിയ ഭാഗങ്ങൾ. 1981-ൽ അമേരിക്കയിൽ നിന്ന് ഇറ്റലിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര മുതൽ ഡോക്യുമെന്ററി ചിത്രം ആരംഭിക്കുന്നു. തുടർന്ന് അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ തലവനായി അദ്ദേഹം സേവനമനുഷ്ഠിച്ച രണ്ട് കാലഘട്ടങ്ങൾ, മെത്രാൻമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായുള്ള നിയമനം, 2023-ലെ കർദ്ദിനാൾ പദവി തുടങ്ങിയ പ്രധാന നാഴികക്കല്ലുകൾ ഡോക്യുമെൻ്ററിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സഹപ്രവർത്തകർ, സുഹൃത്തുക്കൾ, സഹപാഠികൾ എന്നിവരുടെ അനുഭവങ്ങളും ഇതിൽ പങ്കുവെക്കുന്നു.
ജൂലൈ 1 ബുധനാഴ്ച റോം സമയം വൈകുന്നേരം 6 മണിക്ക് വത്തിക്കാൻ ന്യൂസിൻ്റെ യൂട്യൂബ് ചാനലിൽ ഡോക്യുമെന്ററി ചിത്രം ലഭ്യമാകും. ഇംഗ്ലീഷ്, ഇറ്റാലിയൻ, സ്പാനിഷ് എന്നീ മൂന്ന് ഭാഷകളിലായാണ് ഇത് ആദ്യഘട്ടത്തിൽ പുറത്തിറക്കുന്നത്. വൈകുന്നേരം 5 മണിക്ക് വത്തിക്കാൻ ഫിലിം ലൈബ്രറിയിൽ അംഗീകൃത മാധ്യമപ്രവർത്തകർക്കായി പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. മാധ്യമപ്രവർത്തകരായ ഫിലിപ്പെ ഹെരേര-എസ്പാലിയറ്റ്, സാൽവത്തോറെ ചെർനൂത്സിയോ, തിത്സ്യാന കമ്പിസി എന്നിവർ ചേർന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️
















