News - 2026

ഇറാനില്‍ ക്രൈസ്തവ പീഡനം രൂക്ഷമാകുന്ന സാഹചര്യത്തിൽ യു‌എന്‍ ഇടപെടല്‍ തേടി നിവേദനം

പ്രവാചകശബ്ദം 05-02-2026 - Thursday

ടെഹ്റാന്‍: ഇറാനില്‍ ക്രൈസ്തവര്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍ തേടി നിയമ സംഘടനയായ അമേരിക്ക സെന്റർ ഫോർ ലോ & ജസ്റ്റിസ്. രാജ്യത്തു ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ക്കു നേരെ പീഡനം ശക്തമാകുന്ന സാഹചര്യത്തിലാണ്, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (UNHRC) അടിയന്തര അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. മതന്യൂനപക്ഷങ്ങളെ വ്യവസ്ഥാപിതമായി ആക്രമിക്കുന്ന ഇറാന്റെ നയത്തോട് പ്രതികരിക്കാൻ ആഗോള നേതാക്കള്‍ തയാറാകണമെന്ന കത്തും സംഘടന സമർപ്പിച്ചിട്ടുണ്ട്.

ദേശീയ സുരക്ഷയുടെ മറവിൽ ക്രൈസ്തവ സമൂഹങ്ങളെ കൂടുതലായി ലക്ഷ്യമിടുകയാണെന്നും ജനീവയിലെ യുഎൻഎച്ച്ആർസിയിൽ സമർപ്പിച്ച സബ്മിഷനില്‍ പറയുന്നു. ഇറാൻ ക്രൈസ്തവ വിശ്വാസത്തെ ഒരു നിയമാനുസൃത വിശ്വാസമായിട്ടല്ല, മറിച്ച് ഒരു സുരക്ഷാ ഭീഷണിയായാണ് കണക്കാക്കിയിരിക്കുന്നതെന്നും വീടുകളിലെ ആരാധനകൂട്ടായ്മകള്‍ പതിവായി റെയ്ഡ് ചെയ്യപ്പെടുകയും ബൈബിളുകൾ കണ്ടുകെട്ടുകയും വിശ്വാസികളെ നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്യുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിൻ ജയിൽ പോലുള്ള സ്ഥലങ്ങളിൽ വൈദികരെയും സഭാ നേതാക്കളെയും പലപ്പോഴും ദീർഘകാല ജയിൽ ശിക്ഷയ്ക്ക് വിധിച്ച സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

2026 ജനുവരിയിൽ ഫാർസ് പ്രവിശ്യയിലെ ഒന്നിലധികം സ്ഥലങ്ങളിലായി കുറഞ്ഞത് പത്ത് ക്രൈസ്തവരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം ഇറാനിൽ മതപരമായ അടിച്ചമർത്തലുകൾ കുത്തനെ വർദ്ധിച്ചതായി മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരിന്നു. ഇസ്ലാമില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികള്‍ക്ക് ഇറാനില്‍ ഔദ്യോഗിക അംഗീകാരമില്ല. പീഡനം ശക്തമാകുമ്പോഴും അനേകം ഇസ്ലാം മതസ്ഥര്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതായുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ രാജ്യത്തു നിന്നു പുറത്തുവന്നിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍




Related Articles »