News - 2026

ഇറാനിൽ ക്രൈസ്തവ ടെലിവിഷൻ ചാനലുകള്‍ക്ക് നിരോധനം

പ്രവാചകശബ്ദം 27-07-2026 - Monday

ടെഹ്റാൻ: തീവ്ര നിലപാടുള്ള ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇറാനിൽ പ്രവർത്തിക്കുന്ന നിരവധി പേർഷ്യൻ ഭാഷാ ക്രൈസ്തവ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളെ നിരോധിത വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. ഇതോടെ ഈ ചാനലുകൾ കാണുന്നതും അവയുമായി ഏതെങ്കിലും തരത്തിലുള്ള സഹകരണം നടത്തുന്നതും രാജ്യത്തെ നിയമപ്രകാരം കുറ്റകരമാകുമെന്ന് ക്രൈസ്തവ പീഡനങ്ങൾ നിരീക്ഷിക്കുന്ന സംഘടനയായ 'ഓപ്പൺ ഡോർസ്' റിപ്പോർട്ട് ചെയ്യുന്നു. ഓപ്പൺ ഡോർസിന്റെ പുതിയ റിപ്പോർട്ട് പ്രകാരം, ക്രൈസ്തവ ചാനലുകളെ പ്രധാന പ്രതിപക്ഷ മാധ്യമങ്ങൾക്കൊപ്പമാണ് ഇറാന്‍റെ ഇന്‍റലിജന്‍സ് മന്ത്രാലയം ഉൾപ്പെടുത്തിയിരിക്കുന്നത്.

നവീകരിച്ച ഇറാന്റെ ചാരവൃത്തി നിയമങ്ങളുടെ അടിസ്ഥാനത്തിൽ, ഇത്തരം ചാനലുകളുമായി "സഹകരണം" നടത്തിയാൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി, പേർഷ്യൻ ഭാഷ സംസാരിക്കുന്നവർക്കിടയിലുള്ള ക്രൈസ്തവ ശുശ്രൂഷകളെ ഇറാൻ സർക്കാർ ആസൂത്രിതമായി നിയന്ത്രിച്ചുവരുന്നുണ്ട്. ആരാധനാലയങ്ങള്‍ അടച്ചുപൂട്ടുകയും, വീടുകളിൽ നടക്കുന്ന ആരാധനാകൂട്ടായ്മകളിൽ റെയ്ഡുകൾ നടത്തുകയും, ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുന്നത് ഇതിന്റെ ഉദാഹരണമാണ്.

ഇസ്‌ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരെ ദേശീയ സുരക്ഷയ്ക്കു വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന കുറ്റാരോപണം ഉയര്‍ത്തി അറസ്റ്റ് ചെയ്യുന്നതും പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ, ബൈബിൾ പഠനങ്ങൾ, ഓണ്‍ലൈന്‍ ശുശ്രൂഷകള്‍, ആത്മീയ ഉണര്‍വ് പകരുന്ന വിവിധ പരിപാടികള്‍ക്കായി പേർഷ്യൻ ഭാഷയിലുള്ള ക്രൈസ്തവ സാറ്റലൈറ്റ് ചാനലുകളായിരിന്നു ഇറാനി ക്രൈസ്തവര്‍ ആശ്രയിച്ചുക്കൊണ്ടിരിന്നത്. പുതിയ നടപടി ഈ സാധ്യതകൾ പോലും ഇല്ലായ്മ ചെയ്യുമെന്ന ആശങ്ക ശക്തമാക്കിയിരിക്കുകയാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »