News - 2026

“യുക്രൈന് വേണ്ടി ഒരു ത്യാഗം ചെയ്യൂ”: ഉപവാസ പ്രാർത്ഥനയ്ക്കു ആഹ്വാനവുമായി യുക്രൈന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ്

പ്രവാചകശബ്ദം 05-12-2025 - Friday

കീവ്: സമാധാനം പുലരുവാന്‍ യുക്രൈനു വേണ്ടി ഉപവാസ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി യുക്രൈന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ (യു.ജി.സി.സി) തലവന്‍ മേജര്‍ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്. നവംബർ 30ന്, ലിവിവിലെ സെന്റ് ക്ലെമന്റ് ഷെപ്റ്റിറ്റ്സ്കി പള്ളിയിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമാണ്, യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പിതാവും തലവനുമായ സ്വിയാറ്റോസ്ലാവ്, സമാധാനത്തിനായി തീവ്രമായ പ്രാർത്ഥനയ്ക്കും ഉപവാസത്തിനും വേണ്ടി ആഹ്വാനം നടത്തിയത്.

കഴിഞ്ഞ ദിവസം സമാപിച്ച യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ സിനഡില്‍ ഉപവാസ പ്രാര്‍ത്ഥനയ്ക്കു മെത്രാന്‍മാര്‍ സംയുക്ത തീരുമാനമെടുത്തിരിന്നു. യുദ്ധത്തിന്റെ നിലവിലെ ഘട്ടം അപകടകരമായി മാറിയിരിക്കുന്നുവെന്നു ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഊന്നിപ്പറഞ്ഞു. അതിനാൽ ക്രിസ്തുമസിനു മുന്‍പായി ഉപവാസ വേളയിൽ തങ്ങളുടെ മാതൃരാജ്യത്തിനായി പ്രാർത്ഥനകൾ അർപ്പിക്കാൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. സൈവ് ടിവി വഴി എല്ലാ ദിവസവും രാത്രി 8 മണിക്ക് ജപമാല പ്രാര്‍ത്ഥനയില്‍ പങ്കുചേരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

യുക്രൈനിലെ വിവിധ രൂപതകള്‍ക്ക് ഉപവാസ പ്രാര്‍ത്ഥനാദിനം നടത്തേണ്ട ദിവസങ്ങളെ സംബന്ധിച്ചു നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നാലു വർഷമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകളിൽ അധിനിവേശ പ്രദേശങ്ങളുടെ കാര്യമായിരിക്കും ഏറ്റവും വലിയ വെല്ലുവിളിയെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അടുത്തിടെ വ്യക്തമാക്കിയിരിന്നു. അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 28 ഇന സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച നടന്നുവരികയാണ്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »