News

സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ സ്പെയിനില്‍ പ്രദര്‍ശനത്തിന്

പ്രവാചകശബ്ദം 09-03-2026 - Monday

മാഡ്രിഡ്: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സമൂഹാംഗവും രക്തസാക്ഷിയുമായ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച “ഫേസ് ഓഫ് ദി ഫെയ്‌സ്‌ലെസ്” സിനിമ സ്പെയിനില്‍ പ്രദര്‍ശനത്തിന്. 2023-ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ സിനിമ ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയതിന് ശേഷമാണ് സ്പെയിനിൽ പ്രദര്‍ശനത്തിന് എത്തുന്നത്. സ്പാനിഷ് ഭാഷയില്‍ ഇറക്കിയ സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടിയിരിന്നു. ആദ്യം ഹിന്ദിയിലാണ് സിനിമ പുറത്തിറക്കിയിരിന്നത്. പിന്നീട് വിവിധ ഭാഷകളില്‍ മൊഴിമാറ്റം നടത്തി.

മധ്യപ്രദേശിലെ ഇൻഡോറിൽ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനിടയിൽ ജീവിച്ചുകൊണ്ട് മാനവികതയുടെ ഉന്നമനത്തിനായി നിസ്വാർത്ഥമായി പരിശ്രമിക്കുകയും, ജീവിതത്തിലെ പരിതാപകരമായ അവസ്ഥകളെ തരണം ചെയ്യുവാൻ പാവങ്ങളായ ആളുകൾക്ക് സഹായം നൽകുകയും ചെയ്തതിന്റെ പേരിൽ ക്രൂരമായി കൊലചെയ്യപ്പെട്ട സി. റാണി മരിയയുടെ ജീവിതക്കഥയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. 'ഇൻഡോർ റാണി' എന്ന പേരിലാണ് ഗ്രാമവാസികളെല്ലാവരും സിസ്റ്ററിനെ ഇന്നും അഭിമാനത്തോടുകൂടി ഓർക്കുന്നത്.

ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിനേതാക്കളാണ് രണ്ടു മണിക്കൂറോളം ദൈർഘ്യമുള്ള സിനിമയിൽ വേഷമിട്ടിരിക്കുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ വിൻസി അലോഷ്യസാണ് സിനിമയിൽ സിസ്റ്റർ റാണി മരിയയായി വേഷമിട്ടിരിക്കുന്നത്. പദ്മശ്രീ കൈതപ്രത്തിന്റെ വരികൾക്ക് നിരവധി ഇന്ത്യൻ സിനിമകൾക്കു സംഗീതം നൽകിയ അൽഫോൻസ് ജോസഫാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

2023 നവംബർ 22ന് പൊതു സദസ്സിനിടെ, സംവിധായകൻ ഷൈസൺ പി. ഔസേഫും നിർമ്മാതാവ് സാന്ദ്ര ഡിസൂസ റാണയും, ഫ്രാൻസിസ് പാപ്പയെ സന്ദർശിക്കുകയും, ചിത്രത്തെ പരിചയപ്പെടുത്തുകയും ചെയ്തിരിന്നു. ഈ സിനിമ താൻ കാണുമെന്ന് പാപ്പാ ഉറപ്പുനൽകുകയും, സിനിമയുടെ വിജയത്തിനും, അണിയറയിൽ പ്രവർത്തിച്ചവർക്കും പ്രാർത്ഥനാശംസകളും പാപ്പാ നൽകിയിരിന്നു. ചിത്രം വത്തിക്കാനിലും പ്രദർശിപ്പിച്ചിരുന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »