India - 2026
പിണറായി സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാർ ജോസഫ് കല്ലറങ്ങാട്ട്
പ്രവാചകശബ്ദം 09-03-2026 - Monday
പാലാ: സർക്കാർ എല്ലാ അതിർവരമ്പുകളുംവിട്ട് സംസ്ഥാനത്തുടനീളം മദ്യശാലകൾ യഥേഷ്ടം അനുവദിക്കുകയാണെന്നും ഇതു നാടിന് ഭീഷണിയാണെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കേരള കത്തോലിക്കാ സഭയുടെ മദ്യ ലഹരിവിരുദ്ധ ഞായർ ആചരണത്തിൻ്റെ ഭാഗമായി പാലാ രൂപത സമ്മേളനം ളാലം സെൻ്റ് ജോർജ് പുത്തൻപള്ളി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗം മൂലം പല ഭവനങ്ങളും സംഘർഷഭരിതമാകുന്നു. ലഹരിമൂലം ഒരു തലമുറ നശിച്ചുപോകുന്നതായാണ് നമ്മൾ കാണുന്നത്. ഈ തിന്മയ്ക്കെതിരേ പോരാടിയില്ലെങ്കിൽ നമ്മുടെ സംസ്ഥാനത്തിന്റെ കുലീനത നഷ്ടമാകും. നിശ്ചയദാർഢ്യത്തോടുകൂടി ഈ ലഹരിക്കെതിരേ നമ്മൾ ഇടപെടണമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
ബാറുകൾ 29ൽ നിന്ന് 1016 ആയി. കള്ളുഷാപ്പുകൾ 5171 ആയി. ബെവ്കോ-കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾ നാനൂറിധികം അനുവദിച്ചു. മദ്യശാലകളുടെ സമയം വർധിപ്പിച്ചതും മദ്യത്തിന് പേരിടാൻ മത്സരം സംഘടിപ്പിച്ചതുമെല്ലാം മദ്യ ത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം തന്നെ. ചോദിക്കുന്നവർക്കെല്ലാം മദ്യശാലകൾക്ക് ലൈസൻസ് കൊടുക്കുന്ന സമീപനമാണ് ഈ സർക്കാർ സ്വീകരിക്കുന്നതെന്നും ഇതു തിരുത്തണമെന്നും മാർ കല്ലറങ്ങാട്ട് ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറിയും രൂപത പ്രസിഡന്റുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മാണി സി. കാപ്പൻ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം, ഷോൺ ജോർജ്, ഫാ. ജോസഫ് തടത്തിൽ, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. ജോർജ് മൂലേച്ചാലിൽ, സാബു ഏബ്രഹാം, ആൻ്റണി മാത്യു, ജോസ് കവിയിൽ എന്നിവർ പ്രസംഗിച്ചു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















