News - 2026

മാർച്ച് 13നു ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ഇറ്റാലിയന്‍ സഭ

പ്രവാചകശബ്ദം 09-03-2026 - Monday

റോം: മധ്യപൂര്‍വ്വേഷ്യയെ ദുരിതത്തിലാഴ്ത്തിയ ആക്രമണത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ മാർച്ച് 13 ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ഇറ്റാലിയന്‍ സഭ. നിലവിലെ സംഘര്‍ഷങ്ങള്‍ ആഗോളതലത്തിലുള്ള യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ സാധ്യത ഉയരുന്ന പശ്ചാത്തലത്തിലാണ് ഇറ്റാലിയന്‍ മെത്രാന്‍ സമിതി സമാധാനത്തിനായി ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്. എല്ലാ സംഘർഷങ്ങളുടെയും ഭീകരതകളിൽ നിന്നും ജനത്തിന്റെ കണ്ണുനീരില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കാൻ സമാധാനത്തിന്റെ രാജാവിനോട് അപേക്ഷിക്കാൻ എല്ലാ സഭാ സമൂഹങ്ങളെയും വിശ്വാസികളെയും ക്ഷണിക്കുകയാണെന്ന് സമിതി പ്രസ്താവിച്ചു.

യുദ്ധം ഒരിക്കലും സംഘർഷങ്ങൾക്ക് പരിഹാരമല്ല. ശക്തിയുടെ യുക്തി നയതന്ത്രത്തിനും സംഭാഷണത്തിനും പകരമാകരുത്. ജനങ്ങളുടെ അന്തസ്സും അഭിലാഷങ്ങളും "ആയുധങ്ങളുടെ ശബ്ദത്താൽ" നിശബ്ദമാക്കപ്പെടരുത്. സമാധാനത്തിനായി പ്രത്യേകം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനും യുദ്ധകാലത്തോ അശാന്തിയുടെ സമയത്തോ ഉപയോഗിക്കുന്ന റോമൻ മിസൽ പ്രാർത്ഥനകൾ ഉള്‍പ്പെടുത്തുവാനും കുരിശിന്റെ വഴി പ്രാര്‍ത്ഥനകള്‍ ചൊല്ലുവാനും മെത്രാന്‍ സമിതി ആഹ്വാനം നല്‍കിയിട്ടുണ്ട്.

യുദ്ധത്തിന്റെ ഇരകളോടുള്ള ഐക്യദാർഢ്യത്തിന്റെ അടയാളമായി ഉപവാസവും പ്രായശ്ചിത്തവും അനുഷ്ഠിക്കുവാനും ഇറ്റാലിയന്‍ മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു. സംഘർഷബാധിത പ്രദേശങ്ങളിലെ ദുരിതമനുഭവിക്കുന്നവരോട് പ്രാർത്ഥനയിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള അവസരമായാണ് ഈ ദിനത്തെ പൊതുവേ നോക്കികാണുന്നത്. രാഷ്ട്രീയ നേതാക്കളും അന്താരാഷ്ട്ര സമൂഹവും സമാധാനത്തിനായി ഗൗരവമായി ഇടപ്പെടുവാനും ബിഷപ്പുമാർ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »