News - 2026

യുദ്ധത്തിന്റെ ഭീകരതയ്ക്കിടെ യുക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭാതലവൻ മാര്‍പാപ്പയെ സന്ദർശിച്ചു

പ്രവാചകശബ്ദം 13-02-2026 - Friday

വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ കൊടിയ ഭീകരതയ്ക്കിടെ യുക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭാതലവൻ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ സന്ദർശിച്ചു. ഇന്നലെ ഫെബ്രുവരി 12ന് രാവിലെ, വത്തിക്കാൻ അപ്പസ്തോലിക കൊട്ടാരത്തിൽവെച്ചാണ് കൂടിക്കാഴ്ച നടന്നത്. ആര്‍ച്ച് ബിഷപ്പിന്‌, പാപ്പ സ്വാഗതം ആശംസിച്ചപ്പോൾ, വത്തിക്കാനിൽ എത്തിച്ചേരുവാനും, പാപ്പയെ കാണുവാനും സാധിച്ചതിൽ തനിക്കുള്ള അതിയായ സന്തോഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് തിരികെ അറിയിക്കുകയും ചെയ്തു.

യുക്രൈൻ ജനതയ്ക്കുള്ള ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും, രാഷ്ട്രത്തിന്റെ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള പാതയിൽ പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര ശ്രമങ്ങൾക്കും, ആര്‍ച്ച് ബിഷപ്പ് പാപ്പയ്ക്കു നന്ദിയർപ്പിച്ചു. യുക്രേനിയൻ സിവിൽ സമൂഹവുമായും അന്താരാഷ്ട്ര സമൂഹവുമായും സഹകരിക്കുന്നതിന് യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ നടത്തുന്ന നിരവധി സംരംഭങ്ങളെക്കുറിച്ച് ആര്‍ച്ച് ബിഷപ്പ് പാപ്പയോട് സംസാരിച്ചു.

ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സമാപനത്തില്‍ യുക്രൈന്‍ സന്ദർശിക്കാന്‍ ആര്‍ച്ച് ബിഷപ്പ് പാപ്പയെ ക്ഷണിച്ചു. ഇത് രണ്ടാം തവണയാണ്, ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കും, പാപ്പയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തുന്നത്. കൂടിക്കാഴ്ചയുടെ അവസരത്തിൽ, യുദ്ധസമയത്തുള്ള, സമാധാനത്തിന്റെ പ്രാവ് എന്ന ശിൽപം പാപ്പയ്ക്കു സമ്മാനിച്ചിരിന്നു. യുദ്ധവും ഊര്‍ജ്ജ പ്രതിസന്ധിയും മൂലം കൊടിയ തണുപ്പില്‍ ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനങ്ങൾക്കായി മാര്‍പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം എൺപത് വൈദ്യുതി ജനറേറ്ററുകളും മരുന്നുകളും കഴിഞ്ഞ ദിവസം രാജ്യത്തേക്ക് എത്തിച്ചിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »