News
ഇറാഖില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട ക്രൈസ്തവര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഭവന സമുച്ചയത്തിന് നേരെ ഡ്രോണ്‍ ആക്രമണം
പ്രവാചകശബ്ദം 05-03-2026 - Thursday
ഇര്‍ബില്‍: ഇറാഖിലെ ഇർബിലിന്റെ പ്രാന്തപ്രദേശമായ അങ്കാവയിൽ കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് അശരണര്‍ക്കു വേണ്ടി നിർമ്മിച്ച അപ്പാർട്ട്മെന്റ് സമുച്ചയം ഡ്രോൺ ആക്രമണത്തിൽ തകർന്നു. ഇർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ ദിവസങ്ങൾക്ക് മുമ്പ് തന്നെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. വൈകുന്നേരം വ്യത്യസ്ത സന്ദർഭങ്ങളിലായി മിസൈലും ഡ്രോണും ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നത്. നിലവില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇറാനിയൻ അതിർത്തിയിൽ നിന്ന് ഏകദേശം 60 മുതൽ 90 മൈൽ വരെ പടിഞ്ഞാറുള്ള ഈ പ്രദേശത്ത് നേരത്തെയുണ്ടായ അക്രമത്തിൽ നിന്ന് കുടിയിറക്കപ്പെട്ട ക്രൈസ്തവ അഭയാര്‍ത്ഥി കുടുംബങ്ങളെയും അതിരൂപതയിലെ ജീവനക്കാരെയും പാർപ്പിച്ചിരുന്ന കെട്ടിടമാണ് ഇത്. ഇന്നലെ മാർച്ച് 4 ന് പ്രാദേശിക സമയം രാത്രി 8 മണിയോടെയാണ് ആക്രമണം നടന്നതെന്ന് ഇർബില്‍ അതിരൂപത വ്യക്തമാക്കി. നൈറ്റ്സ് ഓഫ് കൊളംബസിന്റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട മൈക്കൽ മക്ഗിവ്‌നിയുടെ പേരിലാണ് അപ്പാർട്ട്മെന്റ് സമുച്ചയം സ്ഥാപിക്കപ്പെട്ടിരിന്നത്.
ആക്രമണത്തിൽ മേരി ഇമ്മാക്കുലേറ്റ് ഡോട്ടേഴ്സ് സന്യാസ സമൂഹത്തിന്റെ കോൺവെന്റിനും കേടുപാടുകൾ സംഭവിച്ചു. ലോകമെമ്പാടുമുള്ള സഹോദരീസഹോദരന്മാരുടെ ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം കഴിയുന്നതെന്നും ദുരിതമനുഭവിക്കുന്ന ആളുകൾക്ക് സമാധാനത്തിന്റെയും അന്തസ്സിന്റെയും ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള അവസരം ഉണ്ടാകേണ്ടതുണ്ടെന്നും ഇർബിലിലെ ആർച്ച് ബിഷപ്പ് ബാഷർ വാർദ പറഞ്ഞു. അതേസമയം കേടുപാടുകള്‍ സംഭവിച്ച പാര്‍പ്പിട സമുച്ചയം പുനര്‍നിര്‍മ്മിക്കുമെന്ന് നൈറ്റ്സ് ഓഫ് കൊളംബസ് വ്യക്തമാക്കി.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















