News

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 13:24-37 | ഭാഗം 29

ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ 08-08-2026 - Saturday

വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പതിമൂന്നാം അധ്യായത്തിലെ മനുഷ്യപുത്രന്റെ ആഗമനം, അത്തിമരം നല്‍കുന്ന പാഠം, സദാജാഗരൂകരായിരിക്കുവിന്‍ എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ച് വിശുദ്ധ അംബ്രോസ്, വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ ബീഡ്, തെര്‍ത്തുല്യന്‍, വിശുദ്ധ ഗ്രിഗറി, വിശുദ്ധ ബീഡ്, ഒരിജന്‍, അത്തനേഷ്യസ്, പോയിറ്റേയേഴ്‌സിലെ ഹിലരി, വിശുദ്ധ ഇരണേവൂസ്, നസിയാന്‍സിലെ ഗ്രിഗറി, പ്രൂഡന്‍ഷ്യസ് എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

♦️ വചനഭാഗം: മനുഷ്യപുത്രന്റെ ആഗമനം- വിശുദ്ധ മര്‍ക്കോസ് 13: 24-27: (മത്താ 24,29-35) (ലൂക്കാ 21,25-33).

24 ആ പീഡനങ്ങള്‍ക്കുശേഷമുള്ള ദിവസങ്ങളില്‍ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം തരുകയില്ല. 25 നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു നിപതിക്കും. ആകാശശക്തികള്‍ ഇളകുകയും ചെയ്യും. 26 അപ്പോള്‍ മനുഷ്യപുത്രന്‍ വലിയ ശക്തിയോടും മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും. 27 അപ്പോള്‍, അവന്‍ ദൂതന്‍മാരെ അയയ്ക്കും. അവര്‍ ഭൂമിയുടെ അതിര്‍ത്തികള്‍ മുതല്‍ ആകാശത്തിന്റെ അതിര്‍ത്തികള്‍ വരെ നാലു ദിക്കുകളിലുംനിന്ന് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.

***************************************************************

വിശുദ്ധ അംബ്രോസ്:

ഗ്രഹണസമയത്ത് ചന്ദ്രനും സൂര്യനുമിടയില്‍ ഭൂമി വരുന്നതിനാല്‍ ചന്ദ്രന്‍ മറയ്ക്കപ്പെടാറുണ്ടല്ലോ. അപ്രകാരംതന്നെ സ്വര്‍ഗീയ പ്രകാശത്തിന്റെ പാതയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ച് ജഡികപാപങ്ങള്‍ നില്‍ക്കുമ്പോള്‍ തിരുസഭയ്ക്ക് മിശിഹായാകുന്ന സൂര്യനില്‍നിന്ന് ദിവ്യപ്രകാശം ലഭിക്കാതാകുന്നു. സഹക്രൈസ്തവരുടെ പുകഴ്ത്തലുകളുടെ മധ്യേ ഉയര്‍ന്നു നില്‍ക്കുന്ന നേതാക്കളാകുന്ന താരകങ്ങള്‍ പീഡനങ്ങളുടെ കാഠിന്യം വര്‍ധിക്കുമ്പോള്‍ വീണുപോകും (Commentary on Luke 10).

വിശുദ്ധ ആഗസ്തീനോസ്:

ഭക്തിരഹിതരായ പീഡകര്‍ വല്ലാതെ പ്രകോപിതരാകുകയും ഈ ലോകസൗഭാഗ്യം തങ്ങളുടെ നേര്‍ക്കു പുഞ്ചിരിക്കുന്നതായി അവര്‍ക്കു തോന്നുകയും ഭയം വിട്ടകന്ന് അവര്‍ ''സമാധാനവും സുരക്ഷിതത്വവും'' എന്ന് പറഞ്ഞുകൊണ്ടിരിക്കെത്തന്നെ നക്ഷത്രങ്ങള്‍ ആകാശത്തുനിന്ന് നിപതിക്കും. ആകാശ ശക്തികള്‍ ഇളകും. പ്രസാദവരത്താല്‍ തെളിഞ്ഞുപ്രകാശിച്ചിരുന്ന പലരും പീഡകര്‍ക്കു വഴങ്ങുകയും വീഴുകയും ചെയ്യും. അടിയുറച്ച വിശ്വാസിപോലും ഉലയ്ക്കപ്പെടും (Letter 199, To Hesychius 39).

വിശുദ്ധ ബീഡ്:

വിധിയുടെ ദിവസം നക്ഷത്രങ്ങള്‍ ഇരുണ്ടുപോകും. അവയുടെ തെളിച്ചത്തില്‍ കുറവു വരുന്നതുകൊണ്ടല്ല, സത്യവെളിച്ചത്തിന്റെ ഉജ്ജ്വലപ്രഭ അവയെ നിഴലിലേക്കു നീക്കി നിര്‍ത്തുന്നതിനാലാണത് (Exposition on the Gospel of Mark 4.13-24).

തെര്‍ത്തുല്യന്‍:

ശിഷ്യന്മാരുടെ ചോദ്യം മുതല്‍ അത്തിമരത്തിന്റെ ഉപമവരെ നീളുന്ന ഈ ഭാഗം പരിശോധിച്ചാല്‍ പ്രമേയം മനുഷ്യപുത്രന്റെ ആഗമനമാണെന്ന് കാണാവുന്നതാണ് (മര്‍ക്കോ 13,3-31). അവന്‍ ദുഃഖവും സന്തോഷവും കൊണ്ടുവരും. ദുരന്തങ്ങളുടെയും വാഗ്ദാനങ്ങളുടെയും മധ്യത്തിലാണ് മനുഷ്യപുത്രന്‍ വരുന്നത്. ജനതകളുടെ ദുഃഖത്തിനും വിശുദ്ധരുടെ ആഗ്രഹത്തിനും മധ്യേ അവന്‍ വരും. രണ്ടിന്റെയും മൂലകാരണം അവന്‍തന്നെ. ജനതകളുടെമേല്‍ വിധി പ്രസ്താവിച്ചുകൊണ്ട് അവന്‍ ഒന്ന് അവസാനിപ്പിക്കുകയും വിശുദ്ധരുടെ അഭിലാഷത്തെ പൂര്‍ത്തീകരിച്ചുകൊണ്ട് മറ്റൊന്ന് ആരംഭിക്കുകയും ചെയ്യും (Against Marcion 4.39).

അത്ഭുതപ്രവര്‍ത്തകനായ ഗ്രിഗറി:

ഉന്നതങ്ങളിലുള്ള ശക്തികള്‍ - പ്രപഞ്ചത്തെ സംരക്ഷിക്കുന്ന ദൂതര്‍ - അക്കാലത്തെ സംഘര്‍ഷങ്ങളിലും കൊടുങ്കാറ്റിലും പെട്ടുപോകും. ശക്തരായ പുരുഷന്മാര്‍ തടഞ്ഞുനിര്‍ത്തപ്പെടും. വേലയെടുക്കുന്ന സ്ത്രീകള്‍ തങ്ങളുടെ ഭവനങ്ങളിലെ ഇരുട്ടറകളിലേക്ക് പലായനം ചെയ്യും (On Ecclesiasticus 12).

വിശുദ്ധ ബീഡ്:

വിധിയുടെ ദര്‍ശനത്തില്‍ മാലാഖമാര്‍പോലും വിറയ്ക്കുന്നുവെങ്കില്‍ മനുഷ്യരുടെ കാര്യം പറയാനുണ്ടോ? വീടിന്റെ തൂണുകള്‍ തന്നെ ഇളകിത്തുടങ്ങുന്നുവെങ്കില്‍ മേല്‍ത്തട്ടിന് എന്തുതന്നെ സംഭവിക്കയില്ല! (Exposition on the Gospel of Mark 4.13-25).

വിശുദ്ധ ആഗസ്തീനോസ്:

ഈ ഭാഗത്തെ രണ്ടു തരത്തില്‍ മനസിലാക്കാം. ''ഇപ്പോള്‍ മുതല്‍ മനുഷ്യപുത്രന്‍ ദൈവത്തിന്റെ ശക്തിയുടെ വലത്തുഭാഗത്തിരിക്കുന്നതും വാനമേഘങ്ങളില്‍ ആഗതനാകുന്നതും നിങ്ങള്‍ കാണും'' (മത്താ 26,64) എന്ന തന്റെ വാക്കനുസരിച്ച് മിശിഹാ മേഘത്തിലെന്നപോലെ തന്റെ സഭയില്‍ ഇപ്പോള്‍ത്തന്നെ വന്നിരിക്കുന്നു. വലിയ ശക്തിയോടും മഹത്ത്വത്തോടുംകൂടെ അവന്‍ ആഗതനാകുന്നു. എന്തെന്നാല്‍ അവന്റെ വലിയ ശക്തിയും മഹത്ത്വവും അവന്‍ ബലപ്പെടുത്തിയ വിശുദ്ധര്‍ക്ക് അവന്‍ ഇപ്പോഴേ വെളിപ്പെടുത്തുന്നു. എത്ര വലിയ പീഡനങ്ങളിലും അവര്‍ പതറുകയില്ല. രണ്ടാമത്തേത്, അവിടുന്ന് മരിക്കുകയും ഉയിര്‍ക്കുകയും സ്വര്‍ഗാരോഹണം ചെയ്ത് പിതാവിന്റെ വലത്തുഭാഗത്തുപവിഷ്ടനാകുകയും ചെയ്ത അതേ ശരീരത്തോടെ വീണ്ടും പ്രത്യക്ഷനാകുമെന്നതാണ് (മര്‍ക്കോ 16,9; റോമാ 8,34; കൊളോ 3,1) (Letter 199, To Hesychius 41).

ഭയാജനകമായ ആഗമനം

അവന്റെ അവസാന ആഗമനത്തില്‍ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വാനമേഘങ്ങളില്‍ വരും (അപ്പ 10,42; 2 തിമോ 4,1; 1 പത്രോ 4,5). ഇക്കാര്യം അവിടുന്ന് മുന്‍കൂട്ടിപ്പറഞ്ഞിട്ടുണ്ട്. ''മനുഷ്യപുത്രന്‍ വലിയ ശക്തിയോടും മഹത്ത്വത്തോടുംകൂടെ വാനമേഘങ്ങളില്‍ വരുന്നത് അപ്പോള്‍ അവര്‍ കാണും'' (മത്താ 24,30; മര്‍ക്കോ 13,26; ലൂക്കാ 21,27). 'അപ്പോള്‍' എന്ന പദം സൂചിപ്പിക്കുന്നത് അവന്‍ വീണ്ടും വരുമെന്നാണ്. ലോകത്തോടു മുഴുവന്‍ പ്രഘോഷിച്ചുകൊണ്ട് അവന്‍ ആദ്യം വന്നു. അവന്റെ രണ്ടാമത്തെ വരവില്‍ നമ്മള്‍ ഭയന്നുവിറയ്ക്കാതിരിക്കാന്‍ ആദ്യത്തെ വരവിനെ തടസ്സപ്പെടുത്താതിരിക്കാം (On the Psalms 96.14).

തിരഞ്ഞെടുക്കപ്പെട്ടവരുടെ ഒരുമിച്ചുകൂടല്‍

നാലുദിക്കുകളിലും നിന്ന് ഒരുമിച്ചുകൂട്ടും എന്നതിന്റെ അര്‍ത്ഥം ലോകം മുഴുവനിലുംനിന്ന് എന്നാണ് (മത്താ 24,31; മര്‍ക്കോ 13,27). ഞാന്‍ മുമ്പ് സൂചിപ്പിച്ചതുപോലെ ഗ്രീക്കുഭാഷയില്‍ ആദം എന്നതിന്റെ നാലക്ഷരങ്ങള്‍ (അ,ഉ,അ,ങ) ഓരോന്നും ഓരോ ദിക്കിനെ സൂചിപ്പിക്കുന്നതാണ്. അനറ്റോള്‍ (Anatole- കിഴക്ക്), ഡൈസിസ് (Dysis - പടിഞ്ഞാറ്), അര്‍ക്തോസ് (Arktos-വടക്ക്), മെസെബ്രിയ (Mesembria- തെക്ക്) എന്നിവയാണ് ഗ്രീക്കില്‍ ദിക്കുകളുടെ പേരുകള്‍, തന്റെ വീഴ്ചയ്ക്കുശേഷം ആദം ലോകത്തിലെങ്ങും ചിതറിപ്പോയി (ഉത്പ 3,1-24). അവന്‍ ഒരേ ഒരിടത്തായിരിന്നു.

എന്നാല്‍ വീണുനുറുങ്ങിയപ്പോള്‍ അവന്റെ സന്തതികള്‍ ലോകമെങ്ങും ചിതറിത്തെറിച്ചുപോയി. എന്നാല്‍ ദൈവകരുണ ലോകത്തിന്റെ നാനാവശങ്ങളില്‍നിന്നു അവയെ ശേഖരിച്ച് സ്‌നേഹത്തിന്റെ ജ്വാലയില്‍ ഉരുക്കി ഒന്നാക്കിത്തീര്‍ക്കുന്നു. അതുല്യനായ ആ കലാകാരന് (ശില്പിക്ക്) ഇത് അനായാസം സാധിക്കും. അതിനാല്‍ നിരാശപ്പെടേണ്ട; ഇതു മഹത്തായ ഒരു കലാസൃഷ്ടിയാണ്. ശില്പി ആരാണെന്ന് ചിന്തിക്കൂ. സൃഷ്ടിച്ചവന്‍തന്നെ പുനര്‍നിര്‍മ്മിക്കുന്നു. രൂപം നല്‍കിയവന്‍തന്നെ പുനര്‍രൂപം നല്കുന്നു. തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ വിധിക്കായി അവന്‍ ഒരുമിച്ചുകൂട്ടും. മറ്റുള്ളവരെ നീക്കിക്കളയും (മത്താ 25,32) (On the Psalms 96.15).

♦️ വചനഭാഗം: അത്തിമരം നല്‍കുന്ന പാഠം- വിശുദ്ധ മര്‍ക്കോസ് 13: 28-31

28 അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതായി തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ക്കറിയാം. 29 അതുപോലെതന്നെ, ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ അവന്‍ സമീപത്ത്, വാതില്‍ക്കലെത്തിയിരിക്കുന്നുവെന്ന് ഗ്രഹിച്ചുകൊള്ളുക. 30 ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല. 31 ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.

***************************************************************

തെര്‍ത്തുല്യന്‍:

ചെറുമരങ്ങളുടെ തളിര്‍പ്പുകള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നതിന്റെ സൂചനകള്‍ നല്കുന്നു. അതുപോലെ ലോകത്തിലെ വലിയ സംഘര്‍ഷങ്ങള്‍ ദൈവരാജ്യത്തിന്റെ ആഗമനത്തിന് മുന്നോടിയായിത്തീരുന്നു (മത്താ 24,32-33; മര്‍ക്കോ 13,28-29; ലൂക്കാ 21,29-31). അടയാളവും യാഥാര്‍ത്ഥ്യവും (എല്ലാം ക്രമപ്പെടുത്തുന്ന) ഒരേ ഒരുവന്റേതു തന്നെയാണ്. വരാനുള്ള രാജ്യവും ദൈവത്തിന്റേതാണ് (Against Marcion 4.39).

ഹിപ്പോളിറ്റസ്:

വേനല്‍ക്കാലമെന്നത് ലോകാന്ത്യത്തെ സൂചിപ്പിക്കുന്നു. എന്തെന്നാല്‍ വേനലിലാണ് ഫലങ്ങള്‍ ശേഖരിച്ച് സൂക്ഷിച്ച് വയ്ക്കുന്നത് (On Matthew).

മെത്തോഡിയസ്:

ഈ ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നു കൂടുതല്‍ പ്രഭയാര്‍ന്ന അവസ്ഥയിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കാന്‍ ''തകര്‍ച്ച'' എന്ന പദമാണ് തിരുലിഖിതം മിക്കപ്പോഴും ഉപയോഗിക്കുന്നത്. എന്തെന്നാല്‍ മഹത്ത്വത്തിന്റെ പുതിയ അവസ്ഥയിലെത്തുമ്പോഴേക്കും ഏതൊരു വസ്തുവിന്റെയും പഴയ അവസ്ഥ നഷ്ടമായിക്കഴിഞ്ഞിരിക്കും. ഇതു ഭോഷ ത്തമോ വൈരുദ്ധ്യമോ അല്ല. പൗലോസ് ശ്ലീഹാ പറയുന്നത്, കടന്നുപോകുന്നത് ഈ ലോകമല്ല മറിച്ച്, ''ഈ ലോകത്തിന്റെ രൂപഭാവങ്ങളാണ്'' (1 കോറി 7,31) എന്നാണ്.

ഇപ്രകാരം മോശമായ അവസ്ഥയില്‍നിന്നു മെച്ചമായ അവസ്ഥയിലേക്കു കടക്കുന്നതിനെ ''തകര്‍ച്ച'' എന്നു തിരുലിഖിതം സൂചിപ്പിക്കുന്നു. ഒരു കുഞ്ഞ് ശൈശവത്തില്‍നിന്നു പക്വതയിലേക്കു വളരുന്നതിനെക്കുറിച്ച് ചിന്തിക്കാം. മുതിര്‍ന്നവന് ചേരാത്തതായ ആകാര, രൂപഭാവങ്ങളെ മാറ്റുന്നതിനെയല്ലേ വളര്‍ച്ചയായി കണക്കാക്കുന്നത്? (On the Resurrection 9).

ഒരിജന്‍:

ആകാശവും ഭൂമിയും അവയിലുള്ളവയും കടന്നുപോവുകയില്ല (മത്താ 24,35; മര്‍ക്കോ 13,31; ലൂക്കാ 21,33). ആദിയില്‍ ദൈവത്തോടൊത്തായിരുന്ന വചനം ഇല്ലായ്മയായിത്തീരില്ല (Against Celsus 5.22).

മഹാനായ ഗ്രിഗറി:

ഈ പ്രപഞ്ചത്തിലെ ഏറ്റവും സുസ്ഥിരമായവ ആകാശവും ഭൂമിയുമാണ്. എന്നാല്‍ സംസാര ശബ്ദമാണ് ഈ പ്രകൃതിയില്‍ ഏറ്റവും പെട്ടെന്ന് കടന്നുപോകുന്നത്. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, പൂര്‍ണമായിട്ടില്ലാത്തതിനാല്‍, അത് വാക്കല്ല. സംസാരിച്ചുകഴിയുമ്പോള്‍, അതു പൂര്‍ണമായി എന്നിരിക്കിലും അതു നിലനില്‍ക്കുന്നില്ല. വാക്ക് കടന്നുപോകുന്നില്ലെങ്കില്‍ അത് പൂര്‍ത്തിയാക്കാനാവില്ല. ഇവിടെ ഈശോ പറയുന്നു:

''ആകാശവും ഭൂമിയും കടന്നുപോയേക്കാം, എന്നാല്‍ എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല''. ഇങ്ങനെ പറയുന്നതിനു തുല്യമാണിത്: ഇപ്പോള്‍ നിങ്ങള്‍ക്ക് നിലനില്‍ക്കുന്ന തെന്നും അചഞ്ചലമായതെന്നും തോന്നുന്നതൊന്നും നിത്യതയില്‍ അങ്ങനെയായിരിക്കുകയില്ല. ഇപ്പോള്‍ കടന്നുപോകുന്നതായി നിങ്ങള്‍ കരുതുന്ന എന്റെ വചനങ്ങള്‍ സുസ്ഥിരവും അചഞ്ചലവുമായിരിക്കും. എന്റെ വചനങ്ങള്‍ നിത്യം നിലനില്‍ക്കുന്ന ചിന്തകള്‍ക്ക് ജന്മമേകുന്നു (Homilies 1).

അംബ്രോസ്:

നിലവിലില്ലാത്തവയെ നിലവിലുള്ളവയെന്ന വിധത്തില്‍ അവന്‍ അഭിസംബോധന ചെയ്യുന്നതുപോലെ (റോമാ 4,17, വരാനുള്ളവയെയും അവന്‍ നിലവിലുള്ളവയായി കണക്കാക്കുന്നു. അവ ഉണ്ടാകാതിരിക്കുക അസാധ്യം. ഉണ്ടായിരിക്കാന്‍ അവന്‍ കല്‍പിച്ചവയെല്ലാം ഉണ്ടായിരുന്നേ പറ്റൂ. ഉണ്ടാകാനിരിക്കുന്നവ ഏതുവിധത്തിലായിരിക്കണമെന്നും അവനറിയാം. (On the Christian Faith 5.4. 192).

♦️ വചനഭാഗം: സദാ ജാഗരൂകരായിരിക്കുവിന്‍ - വിശുദ്ധ മര്‍ക്കോസ് 13: 32-37 (മത്താ 24,35-44)

32 എന്നാല്‍, ആ ദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലുള്ള ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ. 33 ശ്രദ്ധാപൂര്‍വം ഉണര്‍ന്നിരിക്കുവിന്‍. സമയം എപ്പോഴാണെന്നു നിങ്ങള്‍ക്കറിവില്ലല്ലോ. 34 വീടുവിട്ടു ദൂരേക്കു പോകുന്ന ഒരുവന്‍ സേവകര്‍ക്ക് അവരവരുടെ ചുമതലയും കാവല്‍ക്കാരന് ഉണര്‍ന്നിരിക്കാനുള്ള കല്‍പനയും നല്‍കുന്നതുപോലെയാണ് ഇത്.

35 ആകയാല്‍, ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍, ഗൃഹനാഥന്‍ എപ്പോള്‍ വരുമെന്ന്, സന്ധ്യയ്‌ക്കോ അര്‍ധരാത്രിക്കോ കോഴി കൂവുമ്പോഴോ രാവിലെയോ എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. 36 അവന്‍ പെട്ടെന്നു കയറിവരുമ്പോള്‍ നിങ്ങളെ നിദ്രാധീനരായിക്കാണരുതല്ലോ. 37 ഞാന്‍ നിങ്ങളോടു പറയുന്നത് എല്ലാവരോടു മായിട്ടാണ് പറയുന്നത്; ജാഗരൂകരായിരിക്കുവിന്‍.

***************************************************************

അത്തനേഷ്യസ്:

അവസാന കാര്യങ്ങളെക്കുറിച്ച് ശിഷ്യന്മാര്‍ ചോദിച്ചപ്പോള്‍ അവന്‍ തീര്‍ത്തുപറഞ്ഞു: ആ ദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ ആര്‍ക്കും, തനിക്കുപോലും അറിയില്ല (മത്താ 24,36; മര്‍ക്കോ 13,32). മനുഷ്യനെന്ന നിലയില്‍ അവനും മാനുഷിക പരിമിതികള്‍ക്കധീനനാണ്. ഭാവിയെക്കുറിച്ചുള്ള അജ്ഞത മനുഷ്യസാധാരണമാണെന്നു കാണിക്കാനാണ് അവന്‍ ഇങ്ങനെ പറഞ്ഞത്. ദൈവികതലത്തില്‍ നോക്കുമ്പോള്‍ വരാനിരിക്കുന്ന വചനവും ന്യായാധിപനും മണവാളനുമെന്ന നിലയില്‍ ഏതു മണിക്കൂറില്‍ താന്‍ വരുമെന്ന് അവനറിയുന്നു.

മനുഷ്യനായിത്തീര്‍ന്നപ്പോള്‍ മറ്റെല്ലാ മനുഷ്യരെയുംപോലെ അവന് വിശന്നു, ദാഹിച്ചു, അവന്‍ സഹിച്ചു (മത്താ 4,2; മര്‍ക്കോ 8,31; ലൂക്കാ 24,46; യോഹ 19,28). അതേ രീതിയില്‍ മനുഷ്യനെന്ന നിലയില്‍ ഭാവി അവന് അജ്ഞാതമായിരുന്നു. എന്നാല്‍ പിതാവിന്റെ വചനവും ജ്ഞാനവുമെന്ന നിലയില്‍ അവന് അറിയാത്തതായി ഒന്നുമില്ല (Four Discourses against the Arians 3.46).

പോയിറ്റേയേഴ്‌സിലെ ഹിലരി:

ആ സമയമോ മണിക്കൂറോ അറിയില്ലെന്നത് പുത്രനെതിരെ കുറ്റമായി ഉന്നയിക്കുന്നവരുണ്ട്. ദൈവത്തില്‍ നിന്നു ജനിച്ചവനെന്ന നിലയില്‍ അവന്‍ ദൈവമല്ലെന്നും അജ്ഞതയ്ക്ക് കീഴ്‌പ്പെട്ടവനെന്ന നിലയില്‍ സര്‍വ്വശക്തനല്ലെന്നും പറയുന്നവരുണ്ട്. ഉന്മത്തരായ പാഷണ്ഡകര്‍ ഈ വാദഗതി നമ്മില്‍ കുത്തിവയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. കര്‍ത്താവിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അവിടുത്തേക്ക് പരിമിതികളുണ്ടായിരുന്നുവെന്നവര്‍ വാദിക്കുന്നു. ആ വാക്കുകള്‍ കര്‍ത്താവിന്റേതു തന്നെയാണ്. നമുക്കിവിടെ സാമാന്യബുദ്ധി ഉപയോഗിക്കാം. എല്ലാറ്റിന്റെയും ഉടയവന്‍ അവയുടെ ഭൂത-ഭാവി-വര്‍ത്തമാനകാലങ്ങളെക്കുറിച്ച് അജ്ഞനായിരിക്കുമോ? (ഹെബ്രാ 12,2). ഉള്ളവയെല്ലാം അവയുടെ അസ്തിത്വം ദൈവത്തില്‍നിന്നു സ്വീകരിക്കുന്നു.

അവ നിലനില്‍ക്കുന്നതിന്റെയും ഭാവിയില്‍ വളരുന്നതിന്റെയും കാരണം അവന്‍തന്നെ. ഉള്ളവയ്ക്കും ഉണ്ടാകാനിരിക്കുന്നവയ്ക്കും കാരണ ഭൂതനായവനില്‍ നിന്ന് എന്തെങ്കിലും മറഞ്ഞിരിക്കുമോ? മനസ്സിന്റെ വിചാരങ്ങളെ ഇപ്പോഴായിരിക്കുന്നതുപോലെ ഈശോമിശിഹാ അറിയുന്നു. അവന്‍ അജ്ഞത വെളിപ്പെടുത്തുമ്പോള്‍ അത് ദൗര്‍ബല്യം മൂലമല്ല, സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ദൈവികസമയം ആയിട്ടില്ലാത്തതിനാലാണ്. പിന്നീടുള്ള അറിവ്, സമയത്തിന്റെ പൂര്‍ണതയല്ലാതെ മറ്റൊന്നുമല്ല. ഈശോയുടെ അറിവും അജ്ഞതയും ദൈവികപദ്ധതിയുടെ വാക്കിലും പ്രവൃത്തിയിലുമുള്ള വെളിപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല (On the Trinity 9.58-62).

വിശുദ്ധ ആഗസ്തീനോസ്:

''ദൈവത്തിന്റെ സാദൃശ്യത്തില്‍'' (ഫിലി 2,6) ആയിരിക്കുന്ന പുത്രന് പിതാവിനുള്ളതെല്ലാം സ്വന്തമായുണ്ട്. എന്തെന്നാല്‍ ''എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്, അങ്ങേയ്ക്കുള്ളതെല്ലാം എന്റേതും'' (യോഹ 17,10) ''ദാസന്റെ സാദൃശ്യത്തില്‍'' ആയിരിക്കുന്ന അവന്റെ (ഫിലി 2,7) പ്രബോധനങ്ങള്‍ അവന്റെ സ്വന്തമല്ല. അവനെ അയച്ച പിതാവിന്റേതാണ്. അതിനാലാണ്, ആ ദിവസത്തെക്കുറിച്ചോ, ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും സ്വര്‍ഗത്തിലെ ദൂതന്മാര്‍ക്കോ പുത്രനു പോലുമോ അറിയില്ല'' എന്ന് അവന്‍ പറഞ്ഞത് (മത്താ 24,36; മര്‍ക്കോ 13,32). മറ്റുള്ളവര്‍ക്കു ജ്ഞാനം പകര്‍ന്നുകൊടുക്കാത്തിടത്തോളം അവന്‍ അജ്ഞനായിരുന്നുവെന്നു പറയാം. അഥവാ ആ സമയത്ത് അവര്‍ക്കു വെളിപ്പെടുത്താവുന്നിടത്തോളം അവന്‍ ''അറിഞ്ഞില്ല'' എന്നു പറയാം.

സമാനമായൊരു ഭാഗം അബ്രാഹത്തെ സംബന്ധിച്ച് നമ്മള്‍ വായിക്കുന്നു: ''നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് ഞാനിപ്പോള്‍ അറിയുന്നു'' എന്ന് അദ്ദേഹത്തോടു പറയപ്പെട്ടു (ഉത്പ 22,12). അതായത് ഞാന്‍ നിന്നെ ഒരു വിദൂരയാത്രയ്ക്കു കൊണ്ടുപോകുന്നു. അതിനിടയില്‍ നീ നിന്നെത്തന്നെ അറിയും. എന്തെന്നാല്‍ പ്രതികൂല സാഹചര്യങ്ങളുടെ മധ്യത്തിലാണ് അബ്രാഹം തന്നെത്തന്നെ അറിഞ്ഞത്. തനിക്കറിയില്ലെന്ന് ഈശോ പറഞ്ഞത് ഈ അര്‍ത്ഥത്തില്‍ കാണാം. അതായത് ശിഷ്യര്‍ക്ക് ഈശോയില്‍ നിന്നറിയാന്‍ കഴിയാത്തിടത്തോളം അവന്‍ അജ്ഞനായിരുന്നു. അവര്‍ കാലാകാലങ്ങളില്‍ അറിയേണ്ടവയെ മാത്രമേ അവന്‍ അവര്‍ക്കറിയിച്ചിരുന്നുള്ളൂ. പരിപൂര്‍ണജ്ഞാനം നേടിയവരുടെയിടയില്‍ ശിശുക്കളുടെയിടയില്‍നിന്നു വ്യത്യസ്തമായി അവന്‍ അറിയപ്പെട്ടു (1 കോറി 3,1) (On the Trinity 1.12.23).

പുത്രന്‍ അറിയാനാഗ്രഹിക്കാത്തവ

ആലങ്കാരിക ശൈലിയില്‍ ആശയം വെളിപ്പെടുത്തുന്നതിനെ അസത്യമായി കരുതുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒരു ദിവസം ആളുകളെ ആനന്ദഭരിതരാക്കുന്നതിനാല്‍ അതിനെ ആനന്ദകരമായ ദിവസം എന്നു വിളിക്കുന്നതില്‍ എന്താണു തെറ്റ്? ഒരു ലുപ്പിയന്‍ ചെടിയുടെ കായ് തിന്നുന്നയാള്‍ ചവര്‍പ്പുകാരണം ചുണ്ടുകള്‍ കോട്ടാറുണ്ട്. ആ കായ് ദുഃഖിതമാണെന്ന് അതിനാല്‍ പറയാനാവുമോ? ദൈവത്തിന്റെ അറിവിനെക്കുറിച്ചും അജ്ഞതയെക്കുറിച്ചും പ്രതിപാദിക്കുമ്പോഴും ഇതു പരിഗണിക്കേണ്ടതാണ്. ''നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കിപ്പോള്‍ ഉറപ്പായി'' എന്ന് അബ്രാഹത്തോടു പറയുന്നതിനു മുമ്പുതന്നെ ദൈവത്തിനതറിയാമായിരുന്നു (ഉത്പ 22,12). (എന്നാല്‍ ദൈവത്തിന് അത് ബോധ്യപ്പെട്ടുവെന്ന് അബ്രാഹത്തിന് വെളിപ്പെടുത്തിയത് അപ്പോഴാണ്).

''ആ ദിവസത്തെക്കുറിച്ച് അവനറിയില്ല'' (മത്താ 24,36; മര്‍ക്കോ 13,32) എന്ന ആലങ്കാരിക ശൈലിയെക്കുറിച്ച് അനുഗൃഹീതനായ ഹിലരി ഇപ്രകാരം വിശദീകരിച്ചിട്ടുണ്ട്. അവന്‍ തന്നെത്തന്നെ മറ്റുള്ളവരില്‍നിന്നു മറച്ചുവച്ചതിനനുസരിച്ച് തന്റെ അറിവിനെയും മറച്ചുവച്ചുകൊണ്ട്, മറ്റുള്ളവര്‍ക്കു വെളിപ്പെടുത്തിയില്ല. അവിടുന്ന് കള്ളംപറയുകയല്ല. സാധാരണജനത്തിന്റെ സംസാരഭാഷയില്‍ നിലവിലിരുന്നതും ചിരപരിചിതവുമായ ശൈലികളും രൂപകങ്ങളും ഉപയോഗിക്കുകയാണു ചെയ്തത്.

മുന്തിരിവള്ളികള്‍ ഇളംതലപ്പുകളാല്‍ ആഭരണവിഭൂഷിതയായിരിക്കുന്നു. ഗോതമ്പുപാടങ്ങളില്‍ ഓളങ്ങളിളകുന്നു; ആ ചെറുപ്പക്കാരന്‍ തന്റെ യൗവനവസന്തത്തിലെത്തിയിരിക്കുന്നു എന്നീ ശൈലികള്‍ കണക്കിലെടുക്കുക. വിലയേറിയ രത്‌നക്കല്ലുകളോ തിരമാലകളോ ചെടികളോ മരങ്ങളോ കാണാനില്ലാത്തതിനാല്‍ മുന്‍പറഞ്ഞവ അസത്യങ്ങളാണെന്ന് ആരെങ്കിലും പറയുമോ? (Letter 180, To Oceanus 3).

ആ സമയം മനുഷ്യര്‍ക്കജ്ഞാതമാണ്.

വര്‍ഷങ്ങള്‍ കൂട്ടിക്കിഴിച്ചുകൊണ്ട് ആ സമയം കണ്ടുപിടിക്കാമെന്ന് ആരും അഹങ്കരിക്കരുത്. ഏഴായിരം വര്‍ഷങ്ങള്‍ക്കുശേഷം അതു സംഭവിക്കുമെന്നാണവന്‍ പറഞ്ഞിരുന്നതെങ്കില്‍ കണക്കുകൂട്ടിയെടുക്കാമായിരുന്നു. എന്നാല്‍ പുത്രനുപോലുമറിയില്ല എന്നല്ലേ പറയപ്പെട്ടിരിക്കുന്നത്. അതായത് പുത്രന്‍ അതു മനുഷ്യര്‍ക്കു വെളിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. ''നിങ്ങളെ അറിയാന്‍ ദൈവമായ കര്‍ത്താവ് നിങ്ങളെ പരീക്ഷിക്കുന്നു'' (നിയ 13,3), ''കര്‍ത്താവേ, ഉണരുക'' (സങ്കീ 3,7) എന്നിങ്ങനെയുള്ള ശൈലികള്‍ക്കു സമാനമാണിത്. ആ ദിവസത്തെക്കുറിച്ച് അറിയുന്നത് പ്രയോജനകരമല്ലാത്തവര്‍ക്ക് അവനതു വെളിപ്പെടുത്തുന്നില്ല എന്നതാണതിനര്‍ത്ഥം (On the Psalms 6.1).

എല്ലാ അറിവും നമുക്ക് പ്രയോജനകരമല്ല

ആ ദിനത്തെക്കുറിച്ച് നമുക്കറിവു നല്‍കുക എന്നത് കര്‍ത്താവിന്റെ ദൗത്യത്തില്‍പ്പെട്ട കാര്യമല്ല. പുത്രന്‍ പിതാവിന്റെ ജ്ഞാനവും വചനവുമായതിനാല്‍ പുത്രനറിഞ്ഞുകൂടാത്തതൊന്നും പിതാവുമറിയുന്നില്ല. അറിയുക എന്നതാണ് അവിടുത്തെ ജ്ഞാനം. എന്നാലും അവനറിയാവുന്നതെല്ലാം അറിയുന്നത് നമുക്ക് ഗുണകരമാകണമെന്നില്ല. നമുക്ക് പ്രയോജനകരമല്ലാത്തത് നമ്മെ പഠിപ്പിക്കാനല്ല അവന്‍ വന്നത്. ഗുരുവെന്ന നിലയില്‍ അവന്‍ ചില കാര്യങ്ങള്‍ നമ്മെ പഠിപ്പിക്കുകയും ചിലത് പഠിപ്പിക്കാതിരിക്കുകയും ചെയ്തു. അറിഞ്ഞാല്‍ പ്രയോജനകരമാകുന്നതു പഠിപ്പിക്കാനും അറിഞ്ഞാല്‍ ഗുണകരമാകാത്തത് പഠിപ്പിക്കാതിരിക്കാനും അവനറിയാമായിരുന്നു (On the Psalms 37.1).

മിശിഹായുടെ രണ്ടാമത്തെ ആഗമനം

ദൈവപുത്രനും നമ്മുടെ ദൈവവുമായ മിശിഹാ കര്‍ത്താവിന്റെ ആദ്യത്തെ ആഗമനം അറിയപ്പെട്ടതായിരുന്നില്ല. എന്നാല്‍ രണ്ടാമത്തേത് മുഴുവന്‍ ലോകത്തിന്റെയും മുമ്പാകെ ദൃശ്യമായിരിക്കും. അവന്‍ അപ്രശസ്തിയില്‍ വന്നപ്പോള്‍ അവന്റെ ദാസരല്ലാതെ ആരുമവനെ തിരിച്ചറിഞ്ഞില്ല. അവന്‍ പരസ്യമായി വരുമ്പോള്‍ നല്ലവരും ദുഷ്ടരും അവനെയറിയും. അവന്‍ ആദ്യം വന്നത് വിധിക്കപ്പെടാനായിരുന്നു. ഇനി വരുന്നത് വിധിക്കാനായിരിക്കും. പ്രവാചകര്‍ പറഞ്ഞതുപോലെ തന്റെ വിചാരണവേളയില്‍ അവന്‍ നിശബ്ദനായിരുന്നു... കുറ്റം ചുമത്തപ്പെട്ടപ്പോള്‍ നിശബ്ദനായിരുന്നവന്‍ ന്യായാധിപനായി വരുമ്പോള്‍ നിശബ്ദനായിരിക്കില്ല. ഇപ്പോള്‍ പ്പോലും ശ്രവിക്കാന്‍ സന്നദ്ധരുണ്ടെങ്കില്‍ അവന്‍ നിശബ്ദനല്ല. അവന്റെ വചനത്തെ നിഷേധിക്കുന്നവര്‍പോലും അന്ന് അതംഗീകരിക്കും (Sermons 18.1-2).

പെട്ടെന്നുള്ള ആഗമനം

'എല്ലാവരും' എന്ന് ഇവിടെ വിവക്ഷിക്കുന്നത് അവന്റെ തിരഞ്ഞെടുക്കപ്പെട്ടവരും പ്രിയപ്പെട്ടവരുമായ, തന്റെ ശരീരമായ സഭയിലെ അംഗങ്ങളെയല്ലേ? (കൊളോ 1,18; 24). അതിനാല്‍ അപ്പോള്‍ അവിടെ നിന്നു ശ്രവിച്ചവ രോടു മാത്രമല്ല, പിന്നെയോ അതിനുശേഷം വന്നവരോടും നമ്മളോടും അവന്റെ രണ്ടാമത്തെ ആഗമനംവരെ ഇനിയും വരാനിരിക്കുന്നവരോടുമാണ്. ജീവിച്ചിരിക്കുന്നവരോടൊപ്പം മരിച്ചവര്‍ക്കും ആ ദിവസത്തെ നേരിടേണ്ടിവരും. ''ജാഗരൂകരായിരിക്കുവിന്‍, അവന്‍ വരുമ്പോള്‍ നിങ്ങളെ നിദ്രാധീനരായി കാണരുതല്ലോ'' (മര്‍ക്കോ 13,35-36) എന്ന് മരിച്ചവരോടും കൂടിയല്ലേ അവിടുന്ന് പറയുന്നത്? അപ്പോള്‍ ജീവിച്ചിരിക്കുന്നവരെമാത്രം ഉദ്ദേശിച്ചാണെങ്കില്‍ ''എല്ലാവരെയും'' എന്നു പറയേണ്ടതില്ലല്ലോ. എന്തെന്നാല്‍ ഈ ലോകത്തില്‍നിന്നു വിടപറയുന്ന ദിവസം ഓരോരുത്തനെയും സംബന്ധിച്ച് അവസാനവിധിയുടെ ദിവസം പോലെതന്നെയാണ് (യോഹ 12,48). ഇക്കാരണത്താല്‍ കര്‍ത്താവിന്റെ ആഗമനത്തില്‍ ഒരുക്കമില്ലാത്തവരായി കാണപ്പെടാതിരിക്കാന്‍ ഓരോ ക്രിസ്ത്യാനിയും ശ്രദ്ധയോടെയിരിക്കണം. മരണദിനം ഒരുക്കമില്ലാത്തവരായി കാണപ്പെടുന്നവന്‍ അന്ത്യദിനത്തിലും അങ്ങനെതന്നെ കാണപ്പെടും (മത്താ 25,13). കുറഞ്ഞപക്ഷം, ശ്ലീഹന്മാര്‍ക്കെങ്കിലും ഇത് സുവ്യക്തമായിരുന്നു. അവര്‍ ശരീരത്തില്‍ ജീവിച്ചിരുന്ന കാലത്തൊന്നും കര്‍ത്താവ് വന്നില്ലെങ്കിലും തങ്ങള്‍ ഒരുക്കമില്ലാത്തവരായി കാണപ്പെടാതിരിക്കാന്‍ അവര്‍ അങ്ങേയറ്റം ജാഗരൂകരായിരുന്നുവെന്നത് അനിഷേധ്യമാണ് (Letter 199, To Hesychius 3).

വിശുദ്ധ ഇരണേവൂസ്:

ദൈവത്തിന്റെ നിഗൂഢ രഹസ്യങ്ങളെക്കുറിച്ച് എല്ലാമറിയാമെന്ന് ജ്ഞാനവാദികള്‍ ഗര്‍വ്വ് ഭാവിക്കുന്നു. വിധിയുടെ സമയവും ദിവസവും പിതാവു മാത്രമറിയാന്‍ ദൈവപുത്രനായ കര്‍ത്താവ് അനുവദിക്കുന്നു. വിധിയെക്കുറിച്ചുള്ള വസ്തുതകള്‍ പഠിപ്പിച്ച ദൈവപുത്രന്‍ സമയത്തെക്കുറിച്ചുള്ള അറിവ് പിതാവിനു മാത്രമായി വിട്ടുകൊടുക്കുന്നതില്‍ ലജ്ജിച്ചില്ലെങ്കില്‍ നമ്മുടെ പരിധിക്കപ്പുറമുള്ള കാര്യങ്ങള്‍ ദൈവത്തിനു വിട്ടുകൊടുക്കുന്നതില്‍ നമ്മളും ലജ്ജിക്കേണ്ടതില്ല (Against Heresies 2.28.6).

നസിയാന്‍സിലെ ഗ്രിഗറി: അന്ത്യദിവസത്തെക്കുറിച്ച് പിതാവിനല്ലാതെ, പുത്രനുപോലുമറിഞ്ഞുകൂടാ (മത്താ 24,36; മര്‍ക്കോ 13,32). എന്നാല്‍ ജ്ഞാനത്തിന്റെ ഉറവിടമായവന്‍ എങ്ങനെ അജ്ഞനാകും? ഈ ജ്ഞാനമാണ് എല്ലാറ്റിനെയും സൃഷ്ടിച്ചത്. എല്ലാറ്റിനെയും പൂര്‍ണമാക്കുന്നത്, സര്‍വ്വത്തെയും പുനര്‍രൂപീകരിക്കുന്നത്. സൃഷ്ടിക്കപ്പെട്ടവയുടെയെല്ലാം പരിധിയും ദൈവത്തിന്റെ നിഗൂഢകാര്യങ്ങളും മനുഷ്യന്റെ അന്തരംഗങ്ങളിലെ കാര്യങ്ങളും ഈ ജ്ഞാനം അറിയുന്നു (1 കോറി 2,2). ഈ ജ്ഞാനത്തേക്കാള്‍ പൂര്‍ണമായതെന്താണുള്ളത്? ആ സമയത്തിനു മുമ്പുള്ള എല്ലാക്കാര്യങ്ങളും അവനറിയാമെന്നും ആ സമയത്തെക്കുറിച്ചുമാത്രം അറിയില്ലെന്നും കരുതാനാവുമോ? ഭിത്തിക്കിപ്പുറമുള്ള എല്ലാക്കാര്യങ്ങളെക്കുറിച്ചും അവന്‍ സൂക്ഷ്മമായി അറിയുന്നു.

എന്നാല്‍ ഭിത്തിയെക്കുറിച്ചറിവില്ല എന്നു പറയുന്നതിനു തുല്യമാണിത്. അല്ലെങ്കില്‍ ഒരുവന് പകലിന്റെ അവസാനത്തെക്കുറിച്ചറിയാം. എന്നാല്‍ രാത്രിയുടെ ആരംഭത്തെക്കുറിച്ചറിയില്ല എന്നു പറയുന്നതിനു സമമാണ്. ഇതിലൊന്നിനെക്കുറിച്ചുള്ള അറിവ് മറ്റേതിനെപ്പറ്റിയുള്ള അറിവുള്‍ക്കൊള്ളുന്നു. പുത്രന്‍ ദൈവമെന്ന നിലയില്‍ അറിയുന്നു; മനുഷ്യനെന്ന നിലയില്‍ അറിയുന്നില്ല. ആരുടെ പുത്രന്‍ എന്നു സൂചിപ്പിക്കാതെ പുത്രന്‍ എന്നു മാത്രം പ്രസ്താവിച്ചിരിക്കുന്നതിനാല്‍ ഈ അജ്ഞതയെ അവന്റെ മാനുഷികതയുമായി ബന്ധപ്പെടുത്തിക്കണ്ടാല്‍ മതി, ദൈവത്വവുമായല്ല (Oration 30, On the Son, Second Oration 15).

മഹാനായ ഗ്രിഗറി:

മാലാഖമാര്‍ക്കജ്ഞാതമായത് സത്തയില്‍ പിതാവിനോടു തുല്യനായ പുത്രന്‍ അറിയുന്നു. നമ്മെപ്രതി മാംസം ധരിക്കുകയും പരിപൂര്‍ണ മനുഷ്യനാവുകയും ചെയ്ത ഏകജാതന്‍ തന്റെ മനുഷ്യത്വത്തിന്റെ സ്വഭാവത്തില്‍ വിധിയുടെ ദിവസവും മണിക്കൂറും അറിഞ്ഞിരുന്നു. എന്നാല്‍ അവന്‍ തന്റെ മനുഷ്യസ്വഭാവത്തില്‍ നിന്നല്ല ഈ അറിവ് നേടിയത് (Epistle 41; To Eulogius).

തെര്‍ത്തുല്യന്‍:

മരണശേഷമുള്ള പ്രതിഫലങ്ങളും ശിക്ഷകളും ലഘുവായിരിക്കുമെന്ന് പ്രചരിപ്പിക്കുന്നവരുടെ പ്രബോധനങ്ങള്‍ ഗുണകരമല്ല. വിധി ഉണ്ടാകണമെന്നുതന്നെയില്ലത്രെ! ജീവിതാന്ത്യത്തിലുള്ള വിധി ജീവിതകാലത്തുള്ള വിധിയെക്കാള്‍ കഠിനമായിരിക്കുമെന്ന് മനസ്സിലാക്കിക്കൊള്ളുക. എന്തെന്നാല്‍ അവസാനം വരുന്നത് പൂര്‍ണവും ശക്തവുമായിരിക്കും. അതിനാല്‍ ദൈവത്തിന്റെ ന്യായവിധിയായിരിക്കും മറ്റെല്ലാ വിധികളെയുംകാള്‍ പൂര്‍ണമായത്. ദൈവത്തിന്റെ വിധി അപാരമാംവിധം മൗലികവും സര്‍വാശ്ലേഷിയുമായിരിക്കും.

അത് അന്തിമമായ തിരുത്താനാവാത്ത ശിക്ഷയുടെയും ആശ്വാസത്തിന്റെയും പ്രഖ്യാപനമായിരിക്കും. അപ്പോള്‍ ആത്മാക്കള്‍ അവബോധമില്ലായ്മയായി വിഘടിച്ചു തീരുകയല്ല, സ്വന്തം ശരീരങ്ങളിലേക്കു മടങ്ങുകയായിരിക്കും ചെയ്യുക. ഇതെല്ലാം ''പിതാവിനു മാത്രമറിയാവുന്ന ദിവസം'' (മത്താ 24,36; മര്‍ക്കോ 13,32) എന്നന്നേയ്ക്കുമായി സംഭവിക്കും. വിശ്വാസത്തെ പൂര്‍ണമായി പരിശോധിച്ചറിയുന്ന ദിവസമായിരിക്കും അത്. വിശ്വാസം ആഗ്രഹത്തോടും വിറയലോടുംകൂടെ ആ ദിവസത്തെ പ്രതീക്ഷിച്ചിരിക്കുന്നു. ആ ദിവസം എന്നു വരുമെന്ന് അവള്‍ക്കറിയില്ലെങ്കിലും തന്റെ കണ്ണുകള്‍ ആ ദിവസത്തില്‍ത്തന്നെ ഉറപ്പിച്ചുകൊണ്ട് അതിനെ അനുദിനം വിറയലോടെ പ്രത്യാശിക്കുന്നു (On the Soul 33).

അത്തനേഷ്യസ്:

സകലത്തിന്റെയും അവസാനം നമ്മില്‍നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു. എല്ലാറ്റിന്റെയും അന്ത്യം ഓരോന്നിന്റെയും അന്ത്യവുമാണ്. ആ ദിനം അനിശ്ചിതവും എന്നും സാധ്യതയുള്ളതുമാകയാല്‍ നമ്മള്‍ വിളിയുടെ സ്വരം കേട്ടവരെപ്പോലെ ഓരോ ദിനവും നമുക്കു മുമ്പിലുള്ളവയിലേക്ക് അടുക്കുകയും പിന്നിലുള്ളവയെ മറക്കുകയും ചെയ്യാം (ഫിലി 3,13). അന്തിമദിവസം കൃത്യമായി അറിയുന്നവന്‍ ഇടക്കാലത്തെ അവഗണിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ അതിനെപ്പറ്റി അറിവില്ലാത്തവന്‍ എല്ലാ ദിവസവും തയാറായിരിക്കും. അതുകൊണ്ടാണ് രക്ഷകന്‍ ''ജാഗരൂകരായിരിക്കുവിന്‍, സമയമെപ്പോഴാണെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടാ'' (മത്താ 25,13; മര്‍ക്കോ 13,33) എന്നരുളിച്ചെയ്തത് (Four Discourses against the Arians 3.49).

അറിയാത്തതിനെ അറിയുന്നുവെന്ന് നടിക്കുന്നവര്‍

ഒരു കാര്യം തനിക്കറിയില്ലെന്ന് ഒരുവന്‍ മനസിലാക്കുന്നതില്‍ തെറ്റായൊന്നുമില്ല. എന്നാല്‍ തനിക്കറിയില്ലാത്ത ഒന്ന് അറിയുന്നുവെന്ന് കരുതുന്നവന്‍ തെറ്റിലാണ് (Letter 199, To Hesychius 52).

പ്രൂഡന്‍ഷ്യസ്:

ആലസ്യമാര്‍ന്ന കിടപ്പും

മരണകരമായ നിദ്രയും

പാപകരമായ മടിയും

വെടിയുവാനവനുദ്‌ഘോഷിക്കുന്നു.

നിദ്രാലസമല്ലാത്തതും നീതിയുള്ളതും

നിത്യനിര്‍മ്മലവുമായ ഹൃദയത്തോടെ

നിതാന്തം ജാഗ്രത പുലര്‍ത്തുവിന്‍!

ഞാനിതാ, അന്തികത്തെത്തിയിരിക്കുന്നു. (A Hymn for Cock - Crow).

ശ്ലീഹന്മാരുടെ കാനോനകള്‍:

മരണംവരെ നിദ്രയിലാഴ്ന്നു പോകാതിരിക്കുവാന്‍ ജാഗ്രതപുലര്‍ത്തുക (ലൂക്കാ 21,36). എന്തെന്നാല്‍ അവസാനകാലത്ത് നീ വിശ്വാസഭ്രംശം വന്നവനായി കാണപ്പെടുന്നെങ്കില്‍ നിന്റെ മുന്‍കാല സല്‍പ്രവൃത്തികള്‍ നിനക്കു പ്രയോജനപ്പെടുകയില്ല (എസെ 18,24; 33;13; 1 തിമോ 1,18-19) (Constitutions of the Holy Apostles 7.2.31).

--------********* (....തുടരും).

▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.

(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:27-38 | ഭാഗം 19 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:1-32 | ഭാഗം 20 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:33-50 | ഭാഗം 21

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:1-31 | ഭാഗം 22

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:32-52 | ഭാഗം 23

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:1-14 | ഭാഗം 24

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:15-29 | ഭാഗം 25

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 12:1-27 | ഭാഗം 26

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 12:28-44 | ഭാഗം 27

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 13:1-27 | ഭാഗം 28

⧪⧪⧪⧪⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍ ⧪⧪⧪⧪⧪


Related Articles »