India - 2026
ഫാ. ആനന്ദ് ഡേവിഡ് റാഞ്ചി അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്
പ്രവാചകശബ്ദം 24-06-2026 - Wednesday
ന്യൂഡൽഹി: റാഞ്ചി അതിരൂപതയുടെ നിയുക്ത സഹായ മെത്രാനായി ഫാ. ആനന്ദ് ഡേവിഡ് സാൽക്സോയെ (51) ലെയോ പാപ്പ നിയമിച്ചു. അതിരൂപതയുടെ വികാരി ജനറളായും റാഞ്ചിയിലെ സെന്റ് മേരീസ് കത്തീഡ്രലിലെ ഇടവക വികാരിയുമായി സേവനം ചെയ്തു വരികയാണ് അദ്ദേഹത്തിന് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു ജൂൺ 24-നാണ് വത്തിക്കാന്‍ നടത്തിയത്.
1975 നവംബർ 20ന് റാഞ്ചി അതിരൂപതയിലെ മന്ദറിലാണ് ആനന്ദ് ഡേവിഡ് സാൽക്സോയുടെ ജനനം. മന്ദറിലെ എലിമെന്ററി സ്കൂൾ, ഗുംലയിലെ സെന്റ് ഇഗ്നേഷ്യസ് സ്കൂളിൽ ഹൈസ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം കൊൽക്കത്തയിലെ സെന്റ് ജോൺ വിയാനി മൈനർ സെമിനാരിയിൽ ചേര്‍ന്നു. റാഞ്ചിയിലെ സെന്റ് ആൽബർട്ട്സ് കോളേജിൽ മേജർ സെമിനാരി, സെന്റ് സേവ്യേഴ്സ് കോളേജ്, സെന്റ് ആൽബർട്ട്സ് കോളേജ് എന്നിവിടങ്ങളിൽ നിന്നു പഠനം പൂർത്തിയാക്കി.
2006 മെയ് 15ന് റാഞ്ചി അതിരൂപതയ്ക്ക് വേണ്ടി പൗരോഹിത്യം സ്വീകരിച്ചു. കർദ്ദിനാൾ ടോപ്പോയുടെ പ്രൈവറ്റ് സെക്രട്ടറി, സിബിസിഐ സൊസൈറ്റി ഫോർ മെഡിക്കൽ എഡ്യൂക്കേഷൻ, നോർത്ത് ഇന്ത്യ അസോസിയേറ്റ് ഡയറക്ടർ, കൗൺസിൽ ഓഫ് ഡയസൻ പ്രീസ്റ്റ്സ് ഓഫ് ഇന്ത്യ പ്രസിഡന്റ്, സിബിസിഐ ഡൽഹി സെക്രട്ടറി ജനറലിന്റെ സഹായി (2015-2017) എന്നീ വിവിധ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















