News - 2026

റോം രൂപതയില്‍ നാല് സഹായ മെത്രാന്മാരെ നിയമിച്ച് ലെയോ പാപ്പ

പ്രവാചകശബ്ദം 26-02-2026 - Thursday

വത്തിക്കാന്‍ സിറ്റി: ലെയോ പാപ്പ രൂപതാധ്യക്ഷനായ റോം രൂപതയിലേക്ക് നാല് പുതിയ സഹായ മെത്രാന്മാരെ നിയമിച്ചു. റോമിൽ ഇടവക വൈദികരായി സേവനം ചെയ്തവരാണ് നിയുക്ത മെത്രാന്മാരെല്ലാം. ഫാ. സ്റ്റെഫാനോ സ്പരപാനി, ഫാ. അലസ്സാൻഡ്രോ സെനോബി, ഫാ. ആൻഡ്രിയ കാർലെവാലെ, ഫാ. മാർക്കോ വാലന്റി എന്നിവരാണ് നിയുക്ത സഹായ മെത്രാന്മാര്‍. 1956 ജൂലൈ 24 ന് റോമിലാണ് ഫാ. സ്റ്റെഫാനോ സ്പരപാനി ജനിച്ചത്. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രം പഠിച്ച അദ്ദേഹം പിന്നീട് ധാർമിക ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1991 ഒക്ടോബർ 4ന് റോം രൂപതയുടെ വൈദികനായി അഭിഷിക്തനായി. കോർവിയേലിൽ സഹ വികാരി, 1995 മുതൽ വികാരി എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.

1969 നവംബർ 10ന് അലസ്സാൻഡ്രോ സെനോബി റോമിൽ ജനിച്ചു. പൊന്തിഫിക്കൽ റോമൻ മേജർ സെമിനാരിയിൽ പഠിച്ച അദ്ദേഹം 1996 ഏപ്രിൽ 28ന് റോം രൂപതയുടെ വൈദികനായി അഭിഷിക്തനായി. സാൻ പോളികാർപോയിലെ സഹവികാരി (1996–2008), വികാരി (2008–2017) എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2017 മുതൽ, സാന്താ ലൂസിയയിലെ ഇടവക വികാരിയായും 2025 മുതൽ നഗരത്തിന്റെ വെസ്റ്റ് സെക്ടറിലെ എപ്പിസ്കോപ്പൽ വികാരിയായി സേവനം ചെയ്തു വരികയായിരിന്നു.

1971 ഏപ്രിൽ 8 ന് റോമിലാണ് ഫാ. ആൻഡ്രിയ കാർലെവാലെ ജനിച്ചത്. പൊന്തിഫിക്കൽ റോമൻ മേജർ സെമിനാരിയിൽ ചേര്‍ന്ന അദ്ദേഹം 1998 മെയ് 3ന് തിരുപ്പട്ടം സ്വീകരിച്ച. സാന്താ ഗല്ല അല്ല ഗാർബറ്റെല്ലയിലെയും (1998–2003) സാന്റ്'ഐറീനിയോ എ സെന്റോസെല്ലെയിലെയും (2003–2009) സഹ വികാരിയായി സേവനം ചെയ്തു. 2025 മുതൽ, അപ്പിയോ-ലാറ്റിനോ പ്രദേശത്തെ സാൻ ജിയോവന്നി ബാറ്റിസ്റ്റ ഡി റോസിയുടെ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.

1961 ഫെബ്രുവരി 28ന് റോമിന് വടക്കുള്ള സബീനയിലെ കാന്റലൂപ്പോയിലാണ് ഫാ. മാർക്കോ വാലന്റി ജനിച്ചത്. റോമിൽ തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിക്കുന്നതിന് മുന്‍പ് അദ്ദേഹം പൊന്തിഫിക്കൽ റോമൻ മൈനറിലും മേജർ സെമിനാരികളിലും പഠിച്ചു. തുടർന്ന് റോമിലെ പൊതു ഗവേഷണ സർവകലാശാലയായ ലാ സപിയൻസയിലെ ഫാക്കൽറ്റി ഓഫ് ലെറ്റേഴ്‌സിൽ നിന്ന് കലാ ചരിത്രത്തിൽ ബിരുദം നേടി. 1986 ഏപ്രിൽ 26ന് റോം രൂപതയുടെ വൈദികനായി അഭിഷിക്തനായി. 2024 മുതൽ, റോമിലെ കർത്താവിന്റെ രൂപാന്തരീകരണത്തിന്റെ നാമധേയത്തിലുള്ള ഇടവകയില്‍ സേവനം ചെയ്തു വരികയാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »