News
ബൈബിൾ ചരിത്രം അടുത്തറിയുവാന്‍ പാത; റൂട്ട് 60 ഇനി ‘ബിബ്ലിക്കല്‍ ഹൈവേ’
പ്രവാചകശബ്ദം 23-06-2026 - Tuesday
ജെറുസലേം: വിശുദ്ധ ബൈബിളിലെ പ്രധാന സംഭവങ്ങളുമായും വ്യക്തികളുമായും ബന്ധപ്പെട്ട ഇസ്രായേലിലെ പ്രധാന സ്ഥലങ്ങൾ ഉള്‍പ്പെടുന്ന പാതയ്ക്കു "ബിബ്ലിക്കല്‍ ഹൈവേ" എന്ന് നാമകരണം ചെയ്ത് ഇസ്രായേൽ സർക്കാര്‍. വടക്ക് നസ്രത്തിൽ നിന്ന് തെക്ക് ബെർഷെബയിലേക്ക് പോകുന്ന പ്രധാന റോഡായ 'റൂട്ട് 60' നെ "ബൈബിൾ ഹൈവേ" എന്ന നാമകരണം നടത്താനാണ് ഇസ്രായേൽ സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്.
ഹെബ്രോൺ, ബെത്ലഹേം, ജെറുസലേം, ബെഥേൽ, ശീലോഹ, ഷെക്കെം, താബോർ മല, നസ്രത്ത് എന്നിവയുൾപ്പെടെ വിശുദ്ധ ഗ്രന്ഥത്തിലെ അതീവ പ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. പ്രധാന ബൈബിൾ സംഭവങ്ങൾ നടന്ന മേഖലയിലെ ഭൂമിശാസ്ത്ര ഘടനയും പ്രകൃതിയും അറിയുവാനും അനുഭവിക്കാനും ബൈബിളിന്റെ ചരിത്ര പശ്ചാത്തലം നന്നായി മനസ്സിലാക്കാനും ഈ പാത സന്ദർശകർക്ക് അവസരം നൽകുന്നുവെന്ന് ഭരണകൂടം പ്രതീക്ഷ പ്രകടിപ്പിച്ചു.
സംരംഭത്തെ ക്രിസ്ത്യൻ, യഹൂദ നേതാക്കൾ സ്വാഗതം ചെയ്തു. പുരാവസ്തു കണ്ടെത്തലുകളും ചരിത്രപരമായ തെളിവുകളും ക്രൈസ്തവ യഹൂദ ജനതയ്ക്ക് ഈ ഭൂമിയുമായുള്ള ബൈബിൾ ബന്ധത്തെ പിന്തുണയ്ക്കുന്നുവെന്നും വിദ്യാഭ്യാസ, പൈതൃക, ടൂറിസം ആവശ്യങ്ങൾക്കായി ഈ പദ്ധതി ഉപകാരപ്പെടുമെന്നും നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഓരോ വര്‍ഷവും വിശുദ്ധ നാട് സന്ദര്‍ശിക്കുവാന്‍ എത്തിച്ചേരുന്ന ലക്ഷകണക്കിന് ക്രൈസ്തവ തീര്‍ത്ഥാടകരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യം പദ്ധതിയ്ക്കു പിന്നിലുണ്ട്. അമേരിക്കയുടെ പ്രസിദ്ധമായ റൂട്ട് 66 പാതയ്ക്കു സമാനമായ ടൂറിസം പാത സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യവും.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️


















