News

നിങ്ങള്‍ അനാഥരല്ല; ഗാസയിലെ ക്രൈസ്തവരെ ചേര്‍ത്തുപിടിക്കുമെന്ന് ലാറ്റിൻ പാത്രിയാർക്കീസ്

പ്രവാചകശബ്ദം 23-06-2026 - Tuesday

ഗാസ സിറ്റി: യുദ്ധത്തിന്റെ ഭീകരത സമാനതകളില്ലാതെ ബാധിച്ച ഗാസയിലെ ക്രിസ്ത്യൻ സമൂഹത്തെ ഉപേക്ഷിക്കില്ലെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. വർഷങ്ങളായി യുദ്ധത്തിന്റെ ക്ലേശത്തിന്റെ നടുവില്‍ കഴിയുന്ന ഗാസയിലെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ദ്ദിനാള്‍ പിസബല്ലയും പാത്രിയാർക്കീസ് ​​തിയോഫിലോസ് മൂന്നാമനും ഇന്നലെ ഇടയ സന്ദർശനം നടത്തിയത്. ജെറുസലേമിലെ എല്ലാ ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നുമുള്ള ആശംസയും പിന്തുണയും ഐക്യദാര്‍ഢ്യവും പ്രാർത്ഥനയും അറിയിക്കുവാനാണ് എത്തിച്ചേര്‍ന്നതെന്നു കർദ്ദിനാൾ പിസബല്ല ഗാസ സിറ്റിയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തില്‍ നടന്ന ചടങ്ങിനിടെ പറഞ്ഞു.

ആയിരം പേരടങ്ങുന്ന ഗാസയിലെ ക്രിസ്ത്യൻ സമൂഹം മറ്റ് ജന വിഭാഗങ്ങളോടൊപ്പം കുടിയിറക്കം, അരക്ഷിതാവസ്ഥ, അടിസ്ഥാന വസ്തുക്കളുടെ കടുത്ത ക്ഷാമം എന്നിവ നേരിടുന്ന സാഹചര്യത്തിലാണ് സന്ദർശനം. ഞങ്ങൾ നിങ്ങളെ ഒരിക്കലും കൈവിട്ടിട്ടില്ലായെന്നും നിങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കപ്പെടുകയുമില്ലായെന്നും കർദ്ദിനാൾ പിസബല്ല ഗാസയിലെ ക്രൈസ്തവ സമൂഹത്തിനു മുന്നില്‍ വ്യക്തമാക്കി. പ്രാദേശിക സഭകളോടും ഗാസയിലെ മുഴുവൻ ജനങ്ങളോടുമുള്ള ജെറുസലേമിലെ ദേവാലയങ്ങളുടെ അജപാലന ഉത്തരവാദിത്തത്തെയാണ് ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നതെന്ന് ലാറ്റിൻ പാത്രിയാർക്കേറ്റ് പ്രസ്താവിച്ചു.

മേഖലയില്‍ അനേകം കുടുംബങ്ങൾ ഗുരുതരമായ മാനുഷിക പ്രതിസന്ധിയിലൂടെയും അനിശ്ചിതത്വത്തിലൂടെയും കടന്നുപോകുന്നുണ്ട്. സന്ദര്‍ശനത്തിനിടെ കര്‍ദ്ദിനാള്‍ പിസബല്ലയും തിയോഫിലോസ് മൂന്നാമനും അല്‍മായര്‍, വൈദികര്‍, സന്യാസ സമൂഹങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഗാസയിലെ അൽ-അസ്ഹർ സർവകലാശാലയിൽ നടന്ന മതാന്തര സംവാദ പരിപാടിയിലും കര്‍ദ്ദിനാള്‍ പിസബല്ല പങ്കെടുത്തു. പരിപാടിയുടെ സമാപനത്തില്‍ സർവകലാശാലയുടെ മുറ്റത്തിന്റെ നടുവിൽ ഒരു ഒലിവ് മര തൈ അദ്ദേഹം നട്ടിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »