News - 2026

ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയിലെ ക്രൈസ്തവ സമൂഹം നടത്തുന്ന ഏക ആശുപത്രിക്ക് കേടുപാടുകള്‍

പ്രവാചകശബ്ദം 31-07-2026 - Friday

ജെറുസലേം/ ഗാസ: ഗാസയിലെ ക്രൈസ്തവ സമൂഹം നടത്തുന്ന ഏക ആതുരാലയമായ അൽ-അഹ്‌ലി അറബ് ആശുപത്രിയ്ക്കു ഇസ്രായേൽ ആക്രമണത്തിൽ കേടുപാടുകൾ. ജൂലൈ 29-ന് വൈകുന്നേരം ഗാസ സിറ്റിയിലെ അൽ-അഹ്‌ലി അറബ് ആശുപത്രിയോട് ചേർന്നുള്ള അപ്പാർട്ട്മെന്റ് കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ 'കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ' അറിയിച്ചു. ആക്രമണത്തിൽ ആശുപത്രിയുടെ ജനലുകളും വാതിലുകളും തകരുകയും രോഗികളും ജീവനക്കാരും പരിഭ്രാന്തരാവുകയും ചെയ്തതായി റിപ്പോർട്ടില്‍ പറയുന്നു.

തുടർച്ചയായുണ്ടാകുന്ന സ്ഫോടനങ്ങൾ ആരോഗ്യ വകുപ്പ് ജീവനക്കാർക്കിടയിൽപ്പോലും ആശയക്കുഴപ്പം സൃഷ്ടിക്കുകയും രോഗികളുടെ മേൽ അധിക മാനസിക സമ്മർദ്ദം ചെലുത്തുകയും ചെയ്യുകയാണെന്നു അൽ-അഹ്‌ലി അറബ് ആശുപത്രി മാനേജരായ മൂസ അയാദ് പറഞ്ഞു. ആക്രമണത്തിനിരയായ കെട്ടിടത്തിലേക്ക് അടിയന്തര രക്ഷാപ്രവർത്തക സംഘത്തിന് ഉടൻ എത്തിച്ചേരാനായില്ലായെന്നും ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്നതും പലായനം ചെയ്തവർ അഭയം പ്രാപിച്ചിരുന്നതുമായ ഈ കെട്ടിടത്തിന് നേരെ വീണ്ടും ആക്രമണം ഉണ്ടായേക്കുമോ എന്ന ഭയമായിരുന്നു ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

15 മിനിറ്റിലേറെ നേരം തീ ആളിപ്പടർന്നിരിന്നു. കടുത്ത ക്ഷാമം നേരിട്ടുകൊണ്ടാണ് ആശുപത്രി ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും ഇത് ഓരോ അടിയന്തര സാഹചര്യത്തിലും രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഓശാന ഞായറാഴ്ചയും ഗാസയിലെ ഏക ക്രിസ്ത്യന്‍ ആതുരാലയമായ അൽ അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രയേൽ മിസൈലാക്രമണം നടത്തിയിരിന്നു. അന്നത്തെ ആക്രമണത്തിൽ ആശുപത്രിയുടെ എമർജൻസി വാർഡ്, ഫാർമസി, അടുത്ത കെട്ടിടങ്ങൾ എന്നിവ തകര്‍ക്കപ്പെട്ടിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »