News

ഗാസയിലെ തിരുഹൃദയ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് ഒരാണ്ട്; ഇന്ന് അനുസ്മരണ ദിവ്യബലി

പ്രവാചകശബ്ദം 19-07-2026 - Sunday

ഗാസ / ജെറുസലേം: ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ തിരുഹൃദയ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഒന്നാം വാർഷികത്തില്‍ പ്രാർത്ഥനയുമായി ഇടവകനേതൃത്വം. കഴിഞ്ഞ വര്‍ഷം ജൂലൈ 17നു ഇസ്രായേല്‍ ദേവാലയത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിന്റെ ഒന്നാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ, അന്നത്തെ ആക്രമണത്തിൽ മരണമടഞ്ഞവർക്കും, യുദ്ധബാധിതർക്കും വേണ്ടിയും, പ്രദേശത്ത് സമാധാനം വീണ്ടെടുക്കാൻ വേണ്ടിയും ഇന്നു ജൂലൈ 19 ഞായറാഴ്ച ഗാസയില്‍ പ്രത്യേക ദിവ്യബലി അർപ്പിക്കുമെന്നു വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി അറിയിച്ചു.

കഴിഞ്ഞ ജൂലൈ 17നു നടന്ന ആക്രമണത്തിൽ നിരവധി ആളുകൾക്ക് അഭയമേകിയിരുന്ന തിരുക്കുടുംബ ദേവാലയത്തിന്റെ കാവൽക്കാരനായിരുന്ന സാദ് ഈസ കോസ്‌താന്തി സലാമെ, കാരിത്താസ് ഒരുക്കിയ ടെന്റിൽ താമസിച്ചിരുന്ന എൺപത്തിനാലുകാരിയായ ഫൗമിയ ഈസ ലത്തീഫ് അയ്യാദ്, നജ്‌വ അബു ദാവൂദ് എന്നീ രണ്ട് സ്ത്രീകളുമായിരുന്നു കൊല്ലപ്പെട്ടത്. ഫാ. റൊമനെല്ലിക്കും സംഭവത്തിൽ കാലിന് പരിക്കേറ്റിരുന്നു. ക്രൈസ്ത‌വരെ കൂടാതെ നിരവധി ഇസ്ലാം മതസ്ഥര്‍ ഉള്‍പ്പെടെ നൂറുകണക്കിനു ആളുകള്‍ക്ക് ദേവാലയ പരിസരത്ത് അഭയം ഒരുക്കിയിരിന്നു. ഇസ്രായേലി ഷെല്‍ ആക്രമണത്തില്‍ ദേവാലയ പരിസരത്ത് വിവിധ നാശനഷ്ടങ്ങളുണ്ടായി.

ഒന്നാം വാര്‍ഷികത്തില്‍ സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ഫാ. ഗബ്രിയേൽ റൊമനെല്ലി അഭ്യര്‍ത്ഥിച്ചു. അവസാനമില്ലാതെ തുടരുന്ന ഇസ്രായേൽ-പാലസ്തീന സംഘർഷങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഇത്തരമൊരു അഭ്യർത്ഥന അദ്ദേഹം മുന്നോട്ട് വച്ചത്. ഗാസ മുനമ്പിലെ മാനുഷിക പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തുടരുകയാണെന്നും, വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ആക്രമണങ്ങൾ പൂർണമായും അവസാനിച്ചിട്ടില്ലെന്നും ഫാ. റൊമനെല്ലി കഴിഞ്ഞ ദിവസം പറഞ്ഞു.

ആക്രമണത്തിൽ പലയിടങ്ങളിലും റോഡുകളും കെട്ടിടങ്ങളും തകർന്നതിനാലും വൈദ്യുതി, ജലവിതരണ ശൃംഖലകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാലും ജനങ്ങളുടെ ദൈനംദിന ജീവിതം ദുഷ്കരമായിരിക്കുകയാണ്. ഇന്ധനവില കുത്തനെ ഉയർന്നതോടെ യാത്രകളും സഹായപ്രവർത്തനങ്ങളും കൂടുതൽ പ്രയാസകരമായെന്നും ഫാ. റൊമനെല്ലി പറഞ്ഞു. അടുത്ത സെപ്റ്റംബറിൽ ജറുസലേം ലത്തീൻ പാത്രിയാർക്കീസിന്റെ നേതൃത്വത്തിൽ തിരുക്കുടുംബ ദേവാലയത്തോടനുബന്ധിച്ചുള്ള സ്കൂൾ വീണ്ടും തുറക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് സഹായമെത്രാനും വികാരി ജനറലുമായ ബിഷപ്പ് ഷോമാലി അറിയിച്ചിട്ടുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »