News

ഗ്രേറ്റർ ലെബനന്റെ ശില്പി പാത്രിയാർക്കീസ് എലിയാസ് ഹോയേക്ക് ഇനി വാഴ്ത്തപ്പെട്ട നിരയില്‍

പ്രവാചകശബ്ദം 26-07-2026 - Sunday

ബെയ്റൂട്ട്: ഒന്നാം ലോകമഹായുദ്ധകാലത്തെ കടുത്ത ക്ഷാമത്തിൽ, ജാതി മതഭേദമന്യേ വിശക്കുന്നവർക്കായി തന്റെ ആശ്രമങ്ങളുടെ വാതിലുകൾ തുറന്നിട്ട ലെബനീസ് പാത്രിയാർക്കീസ് എലിയാസ് ഹോയേക്കിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 'ഗ്രേറ്റർ ലെബനന്റെ' ശില്പിയായി അറിയപ്പെടുന്ന പാത്രിയാർക്കീസ് ​​ഏലിയാസ് ഹോയേക്ക് തന്നെ നിർമ്മിച്ച ദിമാനിലെ മാരോണൈറ്റ് പാത്രിയാർക്കേറ്റിന്റെ വേനൽക്കാല ആസ്ഥാനത്ത് ഇന്നലെ നടന്ന വിശുദ്ധ കുർബാനയ്ക്കിടെയായായിരിന്നു പ്രഖ്യാപനം. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററിയുടെ തലവനും മാർപാപ്പയുടെ പ്രതിനിധിയുമായ കർദിനാൾ മാർസെല്ലോ സെമെരാറോയാണ് പ്രഖ്യാപനം നടത്തിയത്. നൂറുകണക്കിന് വിശ്വാസികൾ ചടങ്ങില്‍ ഭാഗഭാക്കായി.

1843-ൽ വടക്കൻ ലെബനോനിൽ ജനിച്ച എലിയാസ് ഹോയേക്ക്, റോമിലെ പഠനത്തിന് ശേഷം വൈദികനായും പിന്നീട് 1899-ൽ അന്തോക്യയിലെ 72-ാമത്തെ മരോനൈറ്റ് പാത്രിയർക്കീസായും സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി അദ്ദേഹം 'മാരോണൈറ്റ് സിസ്റ്റേഴ്‌സ് ഓഫ് ദി ഹോളി ഫാമിലി' എന്ന സന്യാസിനി സമൂഹം സ്ഥാപിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്തെ കടുത്ത ക്ഷാമത്തിൽ, ജാതി മതഭേദമന്യേ വിശക്കുന്നവർക്കായി തന്റെ ആശ്രമങ്ങളുടെ വാതിലുകൾ തുറന്നിട്ട അദ്ദേഹം, ജനങ്ങളുടെ കാവൽക്കാരനായാണ് അറിയപ്പെട്ടിരുന്നത്. ഓട്ടോമൻ ഭരണകൂടം അദ്ദേഹത്തെ നാടുകടത്താൻ ശ്രമിച്ചെങ്കിലും വത്തിക്കാന്റെ പ്രത്യേക ഇടപെടലിലൂടെ അത് ഒഴിവാക്കപ്പെട്ടു.

'ഗ്രേറ്റർ ലെബനന്റെ' ശില്പികളിൽ ഒരാളായി അദ്ദേഹത്തെ രാജ്യം വിശേഷിപ്പിച്ചിരിന്നു. 1919-ലെ വെഴ്സായ് സമാധാന സമ്മേളനത്തിൽ ലെബനോന്റെ സ്വാതന്ത്ര്യത്തിനായി ശക്തമായി വാദിച്ചു. രാജ്യത്തിന്റെ സാംസ്കാരികവും മതപരവുമായ വൈവിധ്യം നിലനിർത്തിക്കൊണ്ടുള്ള സ്വതന്ത്ര രാഷ്ട്രമെന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. 1930-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച 'ദേശസ്നേഹം' എന്ന ലേഖനത്തിൽ, പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്നത് ഓരോ ക്രിസ്ത്യാനിയുടെയും ധാർമ്മിക ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 1931 ഡിസംബർ 24-ന് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. പ്രസിഡന്റ് ജോസഫ് ഔൻ, പ്രഥമ വനിത നെഹ്മത്ത് ഔൻ, പ്രധാനമന്ത്രി നവാഫ് സലാം ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ ഇന്നലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »