Seasonal Reflections - 2026
ഓശാന: രാജകീയ വിനയത്തിന്റെയും ആത്മത്യാഗത്തിന്റെയും വഴിത്താര
സി. റെറ്റി ജോസ് എഫ്‌സിസി/ പ്രവാചകശബ്ദം 29-03-2026 - Sunday
കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന! (മത്തായി 21 : 9).
ഈശോയുടെ ജെറുസലേം പ്രവേശനം ആകസ്മികമായ ഒന്നായിരുന്നില്ല. അത് നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവാചകൻമാരിലൂടെ ദൈവം നൽകിയ വാഗ്ദാനത്തിന്റെ സാക്ഷാത്കാരമായിരുന്നു. "സീയോൻ പുത്രിയേ, ഉച്ചത്തിൽ ആർപ്പുവിളിക്കുക! ജെറുസലേം പുത്രിയേ, സന്തോഷിക്കുക! ഇതാ, നിന്റെ രാജാവ് വരുന്നു; അവൻ നീതിമാനും ജയശാലിയുമാണ്. അവൻ വിനീതനായി കഴുതക്കുട്ടിയുടെ പുറത്ത് കയറി വരുന്നു" (സഖറിയാ 9:9). കുതിരപ്പുറത്ത് വരുന്ന പടത്തലവനെയല്ല, മറിച്ച് കഴുതപ്പുറത്ത് വരുന്ന സമാധാനത്തിന്റെ രാജാവിനെയാണ് പഴയ നിയമം വിഭാവനം ചെയ്തത്.
"കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ" (സങ്കീർത്തനം 118:26) എന്ന വചനം ജെറുസലേമിലെ തെരുവുകളിൽ അലയടിച്ചപ്പോൾ, ഇസ്രായേൽ കാത്തിരുന്ന മിശിഹാ ഇതാ വന്നെത്തി എന്ന് ജനം തിരിച്ചറിഞ്ഞു. വിശുദ്ധ ആഗസ്തിനോസിൻ്റെ നിരീക്ഷണത്തിൽ, ഈശോ കഴുതപ്പുറത്ത് കയറി വന്നത് മാനവകുലത്തിന്റെ വിനയത്തെ ഉയർത്താനാണ്. "മഹത്വത്തിന്റെ രാജാവ് വിനയത്തിന്റെ വാഹനത്തിൽ വരുന്നത്, നമ്മുടെ അഹങ്കാരത്തെ തകർക്കാനാണ്" എന്ന് അദ്ദേഹം പഠിപ്പിക്കുന്നു.
വിശുദ്ധ ജോൺ ക്രിസോസ്തം ഈ നഗരത്തിന്റെ 'ഇളകിവശായ' അവസ്ഥയെക്കുറിച്ച് പറയുന്നത്, സത്യം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ നമ്മുടെ ലോകം അസ്വസ്ഥമാകുമെന്നാണ്. പഴയ ശീലങ്ങളിൽ നിന്ന് പുറത്തുകടക്കാനുള്ള ഒരു ആത്മീയ കലഹം അവിടെ സംഭവിക്കുന്നു.
നാല് സുവിശേഷകരും ഒരുപോലെ രേഖപ്പെടുത്തിയിട്ടുള്ള അപൂർവ്വം സംഭവങ്ങളിൽ ഒന്നാണ് ഈ രാജകീയ പ്രവേശനം.
രാജാവായ ദൈവം സ്വയം ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ചതിന്റെ (ഫിലിപ്പി 2:7) ഏറ്റവും വലിയ ദൃശ്യാവിഷ്കാരമായിരുന്നു ഇത്.
ഓശാനയുടെ അർത്ഥം: 'ഞങ്ങളെ രക്ഷിക്കണമേ' എന്നർത്ഥമുള്ള ഹീബ്രു വാക്കായ '' Hosanna" ആണ് ഓശാനയായി മാറിയത്. ഭൗതികമായ ഒരു രാഷ്ട്രീയ വിമോചനത്തിനപ്പുറം, ആത്മീയമായ പാപമോചനത്തിനായാണ് ജനം ആഗ്രഹിക്കേണ്ടതെന്ന് ഈശോ തന്റെ യാത്രയിലൂടെ പഠിപ്പിച്ചു.
ക്രീറ്റിലെ വിശുദ്ധ ആൻഡ്രൂ പറയുന്നു: "നാം മിശിഹായുടെ പാതയിൽ വസ്ത്രങ്ങളോ ഒലിവ് ചില്ലകളോ വിരിക്കുകയല്ല വേണ്ടത്, മറിച്ച് വിനയത്തോടെ നമ്മെത്തന്നെ അവിടുത്തെ മുൻപിൽ സമർപ്പിക്കുകയാണ് വേണ്ടത്. നമ്മുടെ ആത്മാക്കൾ തന്നെയാകണം അവിടുത്തെ മുൻപിലെ കുരുത്തോലകൾ".
രാജകീയ സ്വീകരണം ലഭിച്ചിട്ടും ഈശോ ദുഃഖിതനായിരുന്നു, കാരണം ആ ജനക്കൂട്ടം പിന്നീട് 'അവനെ ക്രൂശിക്കുക' എന്ന് വിളിച്ചുപറയുമെന്ന് അവിടുന്ന് അറിഞ്ഞിരുന്നു. ഇത് മനുഷ്യന്റെ ചഞ്ചലമായ വിശ്വാസത്തെ സൂചിപ്പിക്കുന്നു അഗസ്തീനോസ് പിതാവ് പഠിപ്പിക്കുന്നു.
ഓശാന തിരുനാൾ വലിയ നോമ്പിന്റെ അവസാന ഘട്ടത്തിലേക്കും വിശുദ്ധ വാരത്തിലേക്കും നമ്മെ നയിക്കുന്നു. കൈകളിലെ കുരുത്തോലകൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ വാടിക്കരിയും. നമ്മുടെ ആത്മീയ ജീവിതവും ബാഹ്യമായ ആവേശങ്ങളിൽ മാത്രം ഒതുങ്ങാതെ ആഴമുള്ളതാകണം. നമ്മുടെ ഹൃദയമാകുന്ന ജെറുസലേമിലേക്ക് സമാധാനത്തിന്റെ രാജാവായ ക്രിസ്തുവിനെ സ്വീകരിക്കാം. കുരുത്തോലകൾ വീശി 'ഓശാന' പാടുമ്പോൾ, അത് കേവലം ഒരു ചടങ്ങല്ല, മറിച്ച് ഈശോയോടൊപ്പം കുരിശിന്റെ വഴിയിലൂടെ ഉത്ഥാനത്തിലേക്ക് നടക്കാനുള്ള ഒരു തീരുമാനമാകട്ടെ.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️














