Seasonal Reflections - 2026
ദൈവേഷ്ടത്തിനു കീഴ് വഴങ്ങുന്ന യഥാർത്ഥ ഭക്തി | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 04
സി. റെറ്റി ജോസ് എഫ്‌സിസി/ പ്രവാചകശബ്ദം 19-02-2026 - Thursday
"നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്"(ലൂക്കാ 4:12).
മരുഭൂമിയിലെ പ്രലോഭനങ്ങളുടെ പശ്ചാത്തലത്തിൽ പിശാചിന്‍റെ 'വേദമോതലി'ന് ഈശോ നിയമാവർത്തന പുസ്തകം 6:16-നെ ഉദ്ധരിച്ചുകൊണ്ടു നൽകുന്ന ശക്തമായ മറുപടിയാണ് ഈ വചനം. ഇസ്രായേൽ ജനം മസ്സായിൽവെച്ച് വെള്ളത്തിനായി ദൈവത്തെ പരീക്ഷിച്ച സംഭവത്തെയാണിത് സൂചിപ്പിക്കുന്നത്. ദൈവം തന്റെ കൂടെയുണ്ടോ എന്ന് ഉറപ്പുവരുത്താൻ അവിടുത്തെ 'അത്ഭുതം പ്രവർത്തിക്കാൻ നിർബന്ധിക്കുന്ന' മനോഭാവത്തെയാണ് ഈശോ ഇവിടെ എതിർക്കുന്നത്. ദൈവിക സംരക്ഷണത്തെ ഒരു അവകാശമായി കണ്ട് അനാവശ്യമായ അപകടങ്ങളിലേക്ക് സ്വയം എടുത്തുചാടുന്നത് വിശ്വാസമല്ല, മറിച്ച് ധിക്കാരമാണെന്ന് ഈശോ പഠിപ്പിക്കുന്നു.
സഭാപിതാവായ വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നത്, ദൈവം നമുക്ക് നൽകിയിട്ടുള്ള ബുദ്ധിയും വിവേകവും ഉപയോഗിക്കാതെ, അത്ഭുതങ്ങൾക്കായി മാത്രം കാത്തിരിക്കുന്നത് ദൈവത്തെ പരീക്ഷിക്കലാണ് എന്നാണ്. "ദൈവം നമ്മെ നമ്മെക്കൂടാതെ സൃഷ്ടിച്ചു, എന്നാൽ നമ്മെ നമ്മെക്കൂടാതെ രക്ഷിക്കില്ല" എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. അതായത്, നമ്മുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടിയിട്ട് ദൈവത്തെ പരീക്ഷിക്കരുത്.
ദൈവത്തിന്റെ സ്നേഹത്തെയും ശക്തിയെയും വാക്കിനാലോ പ്രവൃത്തിയാലോ പരീക്ഷിക്കുന്നത് ദൈവനിന്ദയുടെ (Sacrilege/Irreligion) പരിധിയിൽ വരുന്ന തിന്മയാണെന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (CCC 2119) പഠിപ്പിക്കുന്നു. ദൈവത്തിന്റെ കാരുണ്യത്തിൽ അമിതമായി ആശ്രയിച്ച് ബോധപൂർവം പാപം ചെയ്യുന്നതും ഒരു തരം പരീക്ഷിക്കലാണ്.
സ്വാഭാവികമായ മാർഗ്ഗങ്ങളിലൂടെ പരിഹരിക്കാവുന്ന കാര്യങ്ങൾക്ക് അത്ഭുതകരമായ ഇടപെടൽ ആവശ്യപ്പെടുന്നത് ദൈവത്തെ പരീക്ഷിക്കലാണെന്നാണ് എന്ന് വി. തോമസ് അക്വീനാസ് ഓർമ്മിപ്പിക്കുന്നു. പ്രലോഭനങ്ങളിൽ നിന്ന് ഓടിപ്പോകാനുള്ള കൃപയുണ്ടായിട്ടും അതിലേക്ക് മനഃപൂർവം നടന്നു ചെല്ലുന്നതും ഈ ഗണത്തിൽപെടുന്നു.
ആധുനിക ലോകത്ത് പലപ്പോഴും 'എന്തുകൊണ്ട് ദൈവം എനിക്ക് വേണ്ടി ഇത് ചെയ്യുന്നില്ല?' എന്ന ചോദ്യം നാം ചോദിക്കാറുണ്ട്. ഇത് പലപ്പോഴും ദൈവത്തെ പരീക്ഷിക്കുന്നതിന്റെ ഭാഗമാണ്. വിശ്വാസം എന്നാൽ വിവേകശൂന്യതയല്ല. രോഗം വരുമ്പോൾ ചികിത്സ തേടാതെ അത്ഭുതത്തിനായി മാത്രം കാത്തിരിക്കുന്നത് ദൈവത്തെ പരീക്ഷിക്കലാണ്. ദൈവം നൽകിയ വിവേകത്തെ ആദരിക്കുക. നമ്മുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ദൈവം പ്രവർത്തിച്ചാൽ മാത്രമേ അവിടുന്ന് ഉണ്ടാവുകയുള്ളൂ എന്ന വാശി ഉപേക്ഷിക്കണം. ദൈവത്തിന്റെ പരിപാലനയിൽ വിശ്വസിക്കുക, എന്നാൽ അവിടുത്തെ പരീക്ഷിക്കരുത് എന്നാണ് അർത്ഥം. അവിടുത്തെ ഇഷ്ടത്തിന് കീഴ്വഴങ്ങുന്നതാണ് യഥാർത്ഥ ഭക്തി.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















