News - 2026
ദുരിതബാധിതര്‍ക്ക് താമസിക്കാന്‍ ശ്രീലങ്കന്‍ സഭ ദേവാലയങ്ങള്‍ തുറന്നുനല്‍കി; സഹായ വിതരണം തുടരുന്നു
പ്രവാചകശബ്ദം 05-12-2025 - Friday
കൊളംബോ: ഡിറ്റ് വാ ചുഴലിക്കാറ്റിനെത്തുടർന്ന് ശ്രീലങ്കയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിച്ച് കാരിത്താസ് ഉള്‍പ്പെടെയുള്ള ക്രിസ്ത്യൻ സംഘടനകള്‍. കത്തോലിക്കാ സഭയുടെ ഔദ്യോഗിക ജീവകാരുണ്യ വിഭാഗമായ കാരിത്താസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി അവശ്യ സഹായം ലഭ്യമാക്കുന്നുണ്ട്. ഇവ വിതരണം ചെയ്യുന്നതിനായി വിവിധ രൂപതകളിൽ നിന്നുമുള്ള സന്നദ്ധപ്രവർത്തകര്‍ ചുക്കാന്‍ പിടിക്കുകയാണ്.
ഭക്ഷണം, ശുദ്ധജലം, വസ്ത്രങ്ങൾ, പുതപ്പുകൾ, ശുചിത്വ വസ്തുക്കൾ എന്നിവ അടങ്ങിയ ദുരിതാശ്വാസ കിറ്റുകള്‍ ഉള്‍പ്പെടെയുള്ള സഹായം ലഭ്യമാക്കുന്നുണ്ടെന്ന് സംഘടന വ്യക്തമാക്കി. സർക്കാർ സഹായം ഇതുവരെ എത്തിയിട്ടില്ലാത്ത പ്രദേശങ്ങളിലാണ് അടിയന്തര സഹായം ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസവും അടിസ്ഥാന ആവശ്യങ്ങളും ഉറപ്പാക്കാൻ ദേവാലയങ്ങള്‍, കോൺവെന്റുകൾ, പാരിഷ് ഹാളുകൾ എന്നിവ താൽക്കാലിക ഷെൽട്ടറുകളാക്കി മാറ്റിയിട്ടുണ്ട്.
പെട്ടെന്നുണ്ടായ ദുരന്തത്തിന്റെ വേദനയിലുഴലുന്നവര്‍ക്ക് സന്നദ്ധപ്രവർത്തകരും വൈദികരും മാനസികവും ആത്മീയവുമായ പിന്തുണയും നൽകുന്നുണ്ട്. കത്തോലിക്ക സംഘടനകളെ കൂടാതെ ആംഗ്ലിക്കൻ, പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ സമൂഹങ്ങളും സഹായം ലഭ്യമാക്കുന്നുണ്ട്. ഡിറ്റ് വാ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെയാണ് ശ്രീലങ്കയിൽ വന്‍ നാശമുണ്ടായത്. തുടർച്ചയായി പെയ്‌ത മഴയിൽ ശ്രീലങ്കയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. നൂറുകണക്കിനാളുകളെയാണ് കാണാതായത്. പതിറ്റാണ്ടുകൾക്കുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് ശ്രീലങ്കയിലുണ്ടായിരിക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















