News - 2026

നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷികത്തിന്റെ പശ്ചാത്തലത്തില്‍ ലെയോ പാപ്പ ശ്രീലങ്കയിലേക്ക്?

പ്രവാചകശബ്ദം 12-11-2025 - Wednesday

വത്തിക്കാന്‍ സിറ്റി: വത്തിക്കാനും ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷികത്തിന്റെ പശ്ചാത്തലത്തില്‍ ലെയോ പാപ്പ ശ്രീലങ്ക സന്ദര്‍ശിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. രാഷ്ട്രീയ പ്രതിസന്ധികളിൽ നിന്നും സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ദ്വീപ് രാഷ്ട്രമായ ശ്രീലങ്ക ഉയർന്നുവരുന്ന പശ്ചാത്തലത്തില്‍ മാർപാപ്പയുടെ സന്ദർശന സാധ്യത വത്തിക്കാൻ നയതന്ത്രജ്ഞനും സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുള്ള വത്തിക്കാന്‍ ബന്ധങ്ങളുടെ സെക്രട്ടറിയുമായ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘറാണ് ഉന്നയിച്ചിരിക്കുന്നത്.

1975 സെപ്റ്റംബർ 6ന് പരിശുദ്ധ സിംഹാസനവുമായി സ്ഥാപിതമായ നയതന്ത്ര ബന്ധങ്ങള്‍ക്കു അന്‍പത് വര്‍ഷം തികഞ്ഞ പശ്ചാത്തലത്തില്‍ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘർ നവംബർ 3-8 തീയതികളിൽ ശ്രീലങ്ക സന്ദർശിച്ചിരിന്നു. പ്രസിഡന്റ് അനുര കുമാര ദിസനായകേയയുമായും മറ്റ് പ്രധാന ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയിൽ, സമാധാനത്തിനും സുസ്ഥിരമായ പുരോഗതിയും കണക്കിലെടുത്ത് ലെയോ പതിനാലാമൻ പാപ്പ രാജ്യം സന്ദർശിക്കുന്നത് പരിഗണിക്കാമെന്ന് ആർച്ച് ബിഷപ്പ് ഗല്ലാഘർ പറഞ്ഞു.

മത - വംശീയ വിഭാഗങ്ങൾക്കിടയിൽ സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രീലങ്ക കൈവരിച്ച പുരോഗതിയിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു മതിപ്പുണ്ടെന്നും വത്തിക്കാന്റെ ശ്രീലങ്കയുമായുള്ള ബന്ധവും പല മേഖലകളിലുമുള്ള പുരോഗതിയും കണക്കിലെടുക്കുമ്പോൾ, ഭാവിയിൽ ശ്രീലങ്ക സന്ദർശിക്കുന്നതിനെക്കുറിച്ച് പാപ്പ പരിഗണിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2015 ജനുവരിയിൽ, ഫ്രാൻസിസ് മാർപാപ്പ ശ്രീലങ്ക സന്ദർശിച്ചിരിന്നു. സന്ദർശന വേളയിലാണ് ശ്രീലങ്കയുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്ന ജോസഫ് വാസിനെ (1651–1711) ഫ്രാൻസിസ് പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചത്.


Related Articles »