News
പീഡിത ക്രൈസ്തവര്‍ക്ക് സഹായമെത്തിക്കുന്ന എസിഎന്നിന് പുതിയ പ്രസിഡന്‍റ്
പ്രവാചകശബ്ദം 02-12-2025 - Tuesday
റോം: ലോകമെമ്പാടും പീഡിത ക്രൈസ്തവര്‍ക്ക് സഹായമെത്തിക്കുന്ന പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന് പുതിയ പ്രസിഡന്‍റ്. സ്വിറ്റ്സര്‍ലണ്ടില്‍ നിന്നുള്ള കർദ്ദിനാൾ കർട്ട് കോച്ചിനെയാണ് പൊന്തിഫിക്കല്‍ സംഘടനയുടെ അധ്യക്ഷനായി ലെയോ പതിനാലാമന്‍ പാപ്പ നിയമിച്ചിരിക്കുന്നത്. പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ പുതിയ പ്രസിഡന്റായി കർദ്ദിനാൾ കർട്ട് കോച്ചിനെ നിയമിച്ച ലെയോ പാപ്പയ്ക്ക് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) എക്സിക്യൂട്ടീവ് ഡയറക്ടർ റെജീന ലിഞ്ച് നന്ദി അര്‍പ്പിച്ചു.
ലോകമെമ്പാടുമുള്ള പീഡിപ്പിക്കപ്പെടുന്നവരും ദുരിതമനുഭവിക്കുന്നവരുമായ ക്രിസ്ത്യാനികൾക്കായുള്ള തങ്ങളുടെ ദൗത്യത്തിനു വേണ്ട മാർഗനിർദേശങ്ങള്‍ പകരാന്‍ കർദ്ദിനാൾ കോച്ചിനെ നിയമിച്ച പാപ്പയ്ക്ക് നന്ദി അര്‍പ്പിക്കുകയാണെന്ന് റെജീന ലിഞ്ച് പറഞ്ഞു. 81 വയസ്സുള്ള കർദ്ദിനാൾ മൗറോ പിയാസെൻസയുടെ പകരക്കാരനായാണ് കര്‍ദ്ദിനാള്‍ കോച്ച് നിയമിതനായിരിക്കുന്നത്. പൊന്തിഫിക്കൽ ഫൗണ്ടേഷൻ പദവി ലഭിച്ചതിനുശേഷം ആദ്യ പ്രസിഡന്റായിരുന്നു കര്‍ദ്ദിനാള്‍ പിയാസെൻസ. ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായി സേവനം ചെയ്തുവരികയാണ് കര്‍ദ്ദിനാള്‍ കോച്ച്.
2010 മുതൽ യഹൂദമതവുമായുള്ള ബന്ധങ്ങൾക്കായുള്ള കമ്മീഷന്റെ തലവനായും സേവനം ചെയ്യുന്നുണ്ട്. വർഷങ്ങളായി ക്രൈസ്തവര്‍ ന്യൂനപക്ഷമായ രാജ്യങ്ങളിൽ പൊന്തിഫിക്കൽ ഫൗണ്ടേഷന് നിര്‍ണ്ണായക സ്വാധീനമാണുള്ളത്. ലോകത്ത് ക്രൈസ്തവ വിരുദ്ധ പീഡനം അരങ്ങേറുന്ന രാജ്യങ്ങളില്‍ ഏറ്റവും അധികം സഹായം ലഭ്യമാക്കുന്ന സന്നദ്ധ സംഘടനയാണ് എസിഎന്‍. പീഡിത ക്രൈസ്തവര്‍ക്ക് മാനസിക പിന്തുണ നല്‍കാനും സംഘടന ശ്രമിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള 138 രാജ്യങ്ങളിലെ ദുരിതമനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കാൻ 143.7 ദശലക്ഷം യൂറോ കഴിഞ്ഞ വര്‍ഷം മാത്രം സംഘടന ചെലവിട്ടിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?


















