News
ക്രിസ്തുവില്‍ പുതുചൈതന്യം പ്രാപിച്ച് 16000 കൗമാരക്കാര്‍; ദേശീയ കത്തോലിക്ക യുവജന സമ്മേളനത്തിന് സമാപനം
പ്രവാചകശബ്ദം 25-11-2025 - Tuesday
ഇന്ത്യാനാപോളിസ്: ക്രിസ്തുവില്‍ പുതുചൈതന്യം പ്രാപിച്ച് പതിനാറായിരത്തോളം കത്തോലിക്ക യുവജനങ്ങള്‍ പങ്കെടുത്ത ദേശീയ കത്തോലിക്കാ യുവജന സമ്മേളനത്തിന് അമേരിക്കയില്‍ സമാപനം. ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് വേദിയായ ഇന്ത്യാനാപോളിസിലെ ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തില്‍ തന്നെയാണ് കൗമാരക്കാരുടെയും യുവജനങ്ങളുടെയും സമ്മേളനം നടന്നത്. ക്രിസ്തുവിന്റെ രാജത്വ തിരുനാൾ ആഘോഷത്തിന് മുമ്പുള്ള ശനിയാഴ്ചയാണ് സംഗമത്തിന്റെ അവസാന ബലിയര്‍പ്പണം നടന്നത്.
16,000 കൗമാരക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് രാത്രിയിൽ നടന്ന ദിവ്യബലിയോടെയാണ് പരിപാടി സമാപിച്ചത്. സമാപന ദിവ്യബലിയില്‍ സംബന്ധിക്കാന്‍ ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തിലേക്ക് നിരവധി യുവവൈദികരും എത്തിയിരിന്നു. 25 ബിഷപ്പുമാരും ഇരുനൂറ്റിനാല്‍പ്പതിലധികം വൈദികര്‍ക്കും ഒപ്പം ദിവ്യബലി അർപ്പിച്ചത് മനോഹരമായ അനുഭവമായിരിന്നുവെന്ന് ആർച്ച് ബിഷപ്പ് നെൽസൺ പെരെസ് കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
ഒരു രാജാവിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, കൊട്ടാരങ്ങളെയും വലിയ സിംഹാസനങ്ങളെയും ശക്തിയെയും അധികാരത്തെയും കുറിച്ചാണ് നാം ചിന്തിക്കാറുള്ളതെന്നും എന്നാൽ യേശു രാജാവിനെക്കുറിച്ച് സംസാരിക്കുമ്പോൾ അത് വ്യത്യസ്തമാണെന്നും ആര്‍ച്ച് ബിഷപ്പ് പെരെസ് ചൂണ്ടിക്കാട്ടി. അവന്റെ സിംഹാസനം ഒരു കുരിശാണ്. അവന്റെ കിരീടം സ്വർണ്ണവും രത്നങ്ങളും കൊണ്ടല്ല നിർമ്മിച്ചിരിക്കുന്നത്, അത് മുള്ളുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മൂന്ന് ദിവസത്തെ യുവജന സംഗമത്തില്‍ പ്രാർത്ഥന, ചര്‍ച്ചകള്‍, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുര്‍ബാന, ലെയോ പതിനാലാമൻ മാർപാപ്പയുമായുള്ള സംഭാഷണം എന്നിവ നടന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?


















