News - 2026
5 വര്‍ഷത്തെ സേവനത്തിന് ശേഷം ഭാരതത്തിന്റെ അപ്പസ്തോലിക ന്യൂണ്‍ഷോയ്ക്ക് പുതിയ ദൗത്യം
പ്രവാചകശബ്ദം 14-03-2026 - Saturday
ന്യൂഡല്‍ഹി: ഭാരതത്തിലെയും നേപ്പാളിലെയും വത്തിക്കാന്‍ പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധിയായി സേവനമനുഷ്ഠിച്ചിരുന്ന ആര്‍ച്ച്ബിഷപ്പ് ലിയോപോള്‍ഡോ ജിറെല്ലിയെ (73) ക്രൊയേഷ്യയിലെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷ്യോയായി ലെയോ പതിനാലാമന്‍ പാപ്പ നിയമിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ മാര്‍ച്ച് 13നാണ് വത്തിക്കാന്‍ നടത്തിയത്. 2021 മാര്‍ച്ച് 13 മുതല്‍ അദ്ദേഹം ഭാരത സഭയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നിരവധി തവണ അദ്ദേഹം കേരളത്തിലും സന്ദര്‍ശനം നടത്തിയിരിന്നു. ഭാരതത്തിനുള്ള പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷോയുടെ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് സൂചന.
1953 മാര്‍ച്ച് 13ന് വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ഡിയിലെ ബെര്‍ഗാമോയിലുള്ള പ്രിഡോറെയിലാണ് ജനനം. 1987 ജൂലൈ മാസത്തിലാണ് വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിലേക്ക് നിയമിക്കപ്പെടുന്നത്. കാമറൂണിലേയും ന്യൂസിലന്‍ഡിലേയും പാപ്പയുടെ നയതന്ത്ര ദൗത്യങ്ങളില്‍ ഭാഗമായ മെത്രാപ്പോലീത്ത അമേരിക്കന്‍ വിദേശകാര്യമന്ത്രാലയത്തിലെ വത്തിക്കാന്‍ വിഭാഗത്തിലും, അമേരിക്കയിലെ അപ്പസ്തോലിക കാര്യാലയത്തിലെ കൗണ്‍സിലറായും സേവനം ചെയ്തിട്ടുണ്ട്.
2006 ഏപ്രില്‍ 13ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പ അദ്ദേഹത്തെ ഇന്തോനേഷ്യയിലെ അപ്പസ്തോലിക സ്ഥാനപതിയായും കാപേരെയിലെ ടൈറ്റുലര്‍ മെത്രാപ്പോലീത്തയായും നിയമിച്ചിരിന്നു. സിംഗപ്പൂര്‍, മലേഷ്യ, ബ്രൂണൈ, ഇസ്രായേല്‍ എന്നിവിടങ്ങളിലെ ന്യൂണ്‍ഷോയായും ജെറുസലേം, പലസ്തീന് എന്നിവടങ്ങളിലെ അപ്പസ്തോലിക പ്രതിനിധിയായും വിയറ്റ്നാമിന്റെ നോണ്‍ റെസിഡന്‍ഷ്യല്‍ പൊന്തിഫിക്കല്‍ പ്രതിനിധി ‘അസോസിയേഷന് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്’ (ഏഷ്യന്‍) ന്റെ അപ്പസ്തോലിക ന്യൂണ്‍ഷോയായും മെത്രാപ്പോലീത്ത സേവനം ചെയ്തിട്ടുണ്ട്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















