News - 2026

വിശുദ്ധ വാരത്തിന് മുന്നോടിയായി വത്തിക്കാന്റെ ഇടപെടല്‍; ക്യൂബയില്‍ 51 തടവുപുള്ളികളെ മോചിപ്പിക്കും

പ്രവാചകശബ്ദം 14-03-2026 - Saturday

ഹവാന/ വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ക്യൂബയില്‍ വിശുദ്ധ വാരത്തോട് അനുബന്ധിച്ച് 51 തടവുപുള്ളികളെ മോചിപ്പിക്കുവാന്‍ ധാരണയായി. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട വ്യക്തികളുടെ പുനരവലോകനത്തിനും മോചനത്തിനുമായി ക്യൂബൻ ഭരണകൂടവുമായി വത്തിക്കാന്‍ നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്. ജയിലില്‍ ശിക്ഷിക്കപ്പെട്ട 51 വ്യക്തികളെ വരും ദിവസങ്ങളിൽ മോചിപ്പിക്കാൻ ക്യൂബൻ സർക്കാർ തീരുമാനിച്ചതായി ക്യൂബൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ അറിയിച്ചു.

വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മോചിപ്പിക്കുന്ന വ്യക്തികളെല്ലാം തങ്ങളുടെ ശിക്ഷയുടെ ഒരു പ്രധാന ഭാഗം അനുഭവിച്ചിട്ടുണ്ടെന്നും ഇവരെല്ലാം ജയിലിൽ നല്ല പെരുമാറ്റം നിലനിർത്തിയിട്ടുണ്ടെന്നും ക്യൂബൻ മന്ത്രാലയം അറിയിച്ചു. ക്യൂബയും അമേരിക്കയും തമ്മില്‍ ജനുവരിയിൽ ആരംഭിച്ച സംഘർഷങ്ങളുടെയും, ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ വത്തിക്കാൻ ഉദ്യോഗസ്ഥരുമായി നടത്തിയ സമീപകാല കൂടിക്കാഴ്ചകളുടെയും ഇടയിലാണ് പ്രഖ്യാപനം വരുന്നത്.

ഫെബ്രുവരി 20ന്, ക്യൂബയിലെ യുഎസ് മിഷൻ മേധാവി മൈക്ക് ഹാമർ, വത്തിക്കാനിൽ രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘഗറുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ക്യൂബയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് പരിശുദ്ധ സിംഹാസനം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിലവിലുള്ള പ്രശ്‌നങ്ങൾക്ക് സംഭാഷണത്തിലൂടെ പരിഹാരം കാണുക എന്നതാണ് ലക്ഷ്യമെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പറഞ്ഞു. നേരത്തെ ഫ്രാൻസിസ് മാർപാപ്പയുടെ മധ്യസ്ഥതയെത്തുടർന്നു നിരവധി തടവുകാരെ ക്യൂബൻ ഭരണകൂടം മോചിപ്പിച്ചിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »